ഗ്രീസിൽ പടരുന്ന കാട്ടുതീ നിയന്ത്രണവിധേയം; യൂറോപ്യൻ യൂനിയന്റെ സഹായമെത്തി
text_fieldsഏഥൻസ്: രണ്ടുദിവസമായി കത്തിപ്പടരുന്ന കാട്ടുതീയിലമരുകയാണ് ഗ്രീസിലെ നാടും നഗരവും. നിരവധി നഗരങ്ങളിലെ താമസക്കാരെയും വീട് കത്തിനശിച്ചവരുൾപ്പെടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ചെക്ക് അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ്.
ഇറ്റാലിയൻ വിമാനങ്ങളുടെ സഹായമെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തലസ്ഥാനത്തിന് പടിഞ്ഞാറുള്ള പെലോപ്പൊന്നീസ് പ്രദേശത്തും എവിയ, കൈതേര, ക്രീറ്റ് ദ്വീപുകളിലും ഞായറാഴ്ച രാവിലെയും അഞ്ച് ഇടങ്ങളിൽ തീ പടരുകയുണ്ടായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുലർച്ചെ വിമാനങ്ങളും ഹെലികോപ്ടറുകളും തീയണക്കൽ പുനരാരംഭിച്ചു.
പ്രദേശത്തുടനീളം തീപിടുത്ത സാധ്യത വളരെ കൂടുതലുതാണെന്ന് അഗ്നിശമന സേന വക്താവ് അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാധീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥ വിഭാഗം ശക്തമായകാറ്റും ഉഷ്ണതരംഗവും പ്രവചിച്ചിരുന്നു. എന്നാൽ 3,600 ഓളം താമസക്കാരുള്ള ജനപ്രിയ ടൂറിസ്റ്റ് ദ്വീപായ കൈതേരയിൽ ശക്തമായ കാറ്റ് തുടരുന്നത് തീപടരാൻ കാരണമാകുമെന്ന ആശങ്കയുയർത്തുന്നതാണ്.
ഞായറാഴ്ച പുലർച്ചെ മുതൽ തീ പടർന്നതിനാൽ, ആളുകളെ ഒഴിപ്പിക്കാനുള്ള സന്ദേശങ്ങൾ അയച്ചതായും വീടുകളും തേനീച്ചക്കൂടുകളും ഒലിവ് മരങ്ങളും കത്തിനശിച്ചതായി കൈതേര ഡെപ്യൂട്ടി മേയർ ജിയോർഗോസ് കൊമ്‌നിനോസ് പറഞ്ഞു.ദ്വീപിന്റെ പകുതിയും കത്തിനശിച്ചതായാണ് റിപ്പോർട്ട്. രാവിലെ മുതൽ മൂന്ന് ഹെലികോപ്ടറുകളുടെയും രണ്ട് വിമാനങ്ങളുടെയും പിന്തുണയോടെ അഗ്നിശമന സേനാംഗങ്ങൾ ബീച്ചിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ഗ്രീസ് യൂറോപ്യൻ യൂനിയൻ സഖ്യകക്ഷികളിൽ നിന്ന് സഹായം അഭ്യർഥിച്ചിരുന്നു, ഞായറാഴ്ച രണ്ട് ഇറ്റാലിയൻ വിമാനങ്ങളെയും സഹായത്തിനായി പ്രതീക്ഷിച്ചിരുന്നു, ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ മുൻനിരയിലുണ്ട്.ഗ്രീസിലെ പതിനൊന്ന് പ്രദേശങ്ങൾ ഇപ്പോഴും തീപിടുത്ത സാധ്യത നേരിടുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ഏഥൻസിനടുത്തുള്ള എവിയ ദ്വീപിലും വനപ്രദേശങ്ങളിലും തീ പടരുകയും ആയിരക്കണക്കിന് മൃഗങ്ങൾ വെന്തുമരിച്ചതായും റിപ്പോർട്ടുണ്ട്. എവിയയിൽ വൈദ്യുതി ബന്ധം പുനഃസ്‍ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
ചില ഗ്രാമങ്ങളിലെ ജലവിതരണ സംവിധാനങ്ങൾ തകരാറിലായത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. ക്രീറ്റിന്റെ തെക്ക് ഭാഗത്ത് ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ നാല് വീടുകളും ഒരു പള്ളിയും നശിച്ചു, വീടുകൾ ഉപേക്ഷിച്ച് സുരക്ഷാസ്ഥാനങ്ങളിലേക്ക് മാറുമ്പോൾ വീടുകൾ കൊള്ളയടിക്കുന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ഞായറാഴ്ച തീ നിയന്ത്രണവിധേയമായതായാണ് റിപ്പോർട്ട്. ലോകത്താകമാനം കാലാവസ്ഥയിലുണ്ടാവുന്ന മാറ്റമാവണം ഗ്രീസിലുമുണ്ടാവുന്ന ശക്തമായ ഉഷ്ണതരംഗവും ചൂടുകാറ്റുമെന്ന് കാലാവസ്ഥവിഭാഗം പറയുന്നു.
പടിഞ്ഞാറൻ ഗ്രീസിലെ ആംഫിലോഹിയയിൽ താപനില 45.2 ഡിഗ്രി സെൽഷ്യസാണ്. ഗ്രീസിലെ അഞ്ചാമത്തെ വലിയ ദ്വീപായ ചിയോസിൽ വടക്കൻ ഈജിയനിൽ ഉണ്ടായ തീപിടിത്തത്തിൽ 4,700 ഹെക്ടർ ഭൂമി നശിച്ചു, ജൂലൈ ആദ്യം ക്രീറ്റിൽ ഉണ്ടായ കാട്ടുതീയിൽ 5,000 പേർക്ക് താമസം മാറേണ്ടിവന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കേന്ദ്രമായി കണക്കാക്കപ്പെടുന്ന രാജ്യത്ത് കാട്ടുതീയുടെ ഏറ്റവും വിനാശകരമായ വർഷം 2023 ആയിരുന്നു, അന്ന് ഏകദേശം 1,75,000 ഹെക്ടർ നാശമുണ്ടായി, 20 പേർ മരിച്ചു. തിങ്കളാഴ്ചയോടെ തുടരുന്ന വേനലിനും ചൂടിനും നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.