മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ, പാനമ കനാൽ തിരിച്ചെടുക്കും; ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കില്ലെന്നും ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡോണൾഡ് ട്രംപ് സുപ്രധാന ഉത്തരവുകളിൽ ഒപ്പുവെക്കാൻ തയാറെടുക്കുന്നു. മെക്‌സിക്കോയുമായുള്ള തെക്കൻ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കും. അനധികൃത കുടിയേറ്റങ്ങളെ തടയും. രാജ്യത്ത് അനധികൃതമായി വന്നവരെ തിരിച്ചയക്കുമെന്നും ട്രംപ് പറഞ്ഞു.
പാനമ കനാലുമായി ബന്ധപ്പെട്ട കരാർ പാനമ ലംഘിച്ചതിനാൽ ആ സമ്മാനം തിരിച്ചെടുക്കും. കനാൽ ചൈന നിയന്ത്രിക്കുന്നു. മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റും. യു.എസിൽ ഇനി സ്ത്രീയും പുരുഷനും മാത്രം. ട്രാൻസ്ജെൻഡറുകളെ നിയമപരമായി അംഗീകരിക്കില്ല. എല്ലാ സെൻസർഷിപ്പും അവസാനിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാനുള്ള എക്സിക്യുട്ടിവ് ഉത്തരവിൽ ഒപ്പുവെക്കും. ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ സുവര്‍ണ കാലഘട്ടം ആരംഭിച്ചുവെന്ന് പ്രഖ്യാപിച്ചാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഈ ദിവസം മുതല്‍ നമ്മുടെ രാഷ്ട്രം ബഹുമാനിക്കപ്പെടും. ഞാന്‍ എപ്പോഴും അമേരിക്കയെയാണ് മുന്നില്‍ നിര്‍ത്തുക. അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ പരിഗണന. അമേരിക്ക ഐക്യത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാകും. ബഹിരാകാശ രംഗത്ത് യു.എസ് പുതിയ ഉയരങ്ങളിലെത്തും. യു.എസ് ബഹിരാകാശ യാത്രികർ ചൊവ്വയിലെത്തും. അമേരിക്ക ഇതുവരെയുണ്ടായതിനേക്കാള്‍ കരുത്താര്‍ജിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വധശ്രമത്തിൽനിന്ന് താന്‍ രക്ഷപ്പെട്ടതിന് പിന്നില്‍ ഒരു കാരണമുണ്ട്. അത് അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്നതാണ്. ബൈഡന്റെ മുന്‍ സര്‍ക്കാരിനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി കുടിയേറിയവര്‍ക്ക് സംരക്ഷണമൊരുക്കി. വിദേശ അതിര്‍ത്തികളുടെ പ്രതിരോധത്തിന് പണം നല്‍കിയെന്നും അതേസമയം സ്വന്തം അതിര്‍ത്തികള്‍ പ്രതിരോധിക്കാന്‍ ഇടപെട്ടില്ലെന്നും ട്രംപ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.