അടക്കുമോ ഹോർമുസ് കടലിടുക്ക്? ഇന്ത്യക്കും നിർണായകം
text_fieldsഇസ്രായേൽ ആക്രമണത്തിൽ തീപിടിച്ച തെഹ്റാനിലെ എണ്ണ സംഭരണശാലയിൽനിന്ന് പുക ഉയരുന്നു
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷം എണ്ണവിലയെയും പൊള്ളിക്കുകയാണ്. പശ്ചിമേഷ്യയിലെ ഏത് സംഘർഷവും എണ്ണവിലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇന്ത്യയും ഈ സാഹചര്യത്തെ ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഗണ്യമായ ഭാഗം ഈ മേഖലയിൽനിന്നായതാണ് കാരണം. പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ, പ്രകൃതിവാതക വിതരണം തടസ്സപ്പെടുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ ഇടയാക്കും. ലോകത്ത് ഏറ്റവുമധികം എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യക്ക് അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല.
സംഘർഷം ഇതുവരെ എണ്ണവിതരണത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ആശ്വസിക്കാം. അതേസമയം, കപ്പൽ ഗതാഗതം, ഇൻഷുറൻസ് എന്നിവക്ക് ചെലവ് കൂടിയത് ചെറിയതോതിൽ വിലക്കയറ്റത്തിനിടയാക്കിയിട്ടുണ്ട്. സംഘർഷം ആരംഭിച്ച വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില ഏഴ് ശതമാനം ഉയർന്ന് ബാരലിന് 74 ഡോളറായി. ഇറാന്റെ എണ്ണ സംഭരണകേന്ദ്രങ്ങളിൽ ആക്രമണമുണ്ടായെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ എണ്ണവില നേരിയതോതിൽ കുറയുകയാണ് ചെയ്തത്.
എണ്ണ വിതരണത്തിന്റെ പ്രധാന മാർഗമായ ഹോർമുസ് കടലിടുക്ക് അടക്കുമെന്ന ഇറാന്റെ ഭീഷണിയാണ് ഇപ്പോഴത്തെ മുഖ്യ വെല്ലുവിളി. അങ്ങനെ സംഭവിച്ചാൽ, എണ്ണവില അപ്രവചനീയമായ തോതിലേക്ക് ഉയരും. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ അറബിക്കടലുമായും ഒമാൻ ഉൾക്കടലുമായും ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെയാണ് ആഗോള പെട്രോളിയം, പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത്.
ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ പ്രധാന പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നത്. ഖത്തറിൽനിന്നുള്ള പ്രകൃതിവാതകം വരുന്നതും പ്രധാനമായും ഇതുവഴിയാണ്. മേയ് മാസത്തിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ 47 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് വന്നത്.
ഹോർമുസ് കടലിടുക്ക് അടക്കുമെന്ന് ഇറാൻ നേരത്തേയും ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതേസമയം, ഇത്തവണ അതുപോലെയായിരിക്കുമെന്ന് പറയാനുമാകില്ല. എണ്ണ വ്യാപാരത്തിൽ നിർണായകമായ ഈ കടലിടുക്ക് അടക്കുന്ന സാഹചര്യമുണ്ടായാൽ എണ്ണവില ബാരലിന് 120 ഡോളറിലേക്കും 150 ഡോളറിലേക്കും ഉയരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തിന്റെ വ്യാപാരക്കമ്മി വൻതോതിൽ വർധിക്കാൻ ഇത് ഇടയാക്കും. വിദേശനാണയ ശേഖരത്തെയും രൂപയുടെ വിനിമയനിരക്കിനെയും എണ്ണവില വർധന പ്രതികൂലമായി ബാധിക്കും. പണപ്പെരുപ്പം കുതിച്ചുയരാനും ഈ സാഹചര്യം വഴിയൊരുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.