ആക്രമണം കടുപ്പിച്ച് റഷ്യ; ഉരുക്ക് ഫാക്ടറിയിൽനിന്ന് കുട്ടികളെയും സ്ത്രീകളെയും മുതിർന്നവരെയും ഒഴിപ്പിച്ചതായി യുക്രെയ്ൻ
text_fieldsകിയവ്: റഷ്യൻ സൈന്യം ഏറക്കാലമായി ഉപരോധം തുടരുന്ന മരിയുപോളിലെ ഉരുക്കു ഫാക്ടറിയിൽനിന്ന് മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും ഒഴിപ്പിച്ചതായി യുക്രെയ്ൻ ഉപപ്രധാനമന്ത്രി അറിയിച്ചു.
ഇതോടെ ഇവിടെനിന്നുള്ള മനുഷ്യത്വപരമായ ഒഴിപ്പിക്കൽ നടപടി പൂർത്തിയായി. രൂക്ഷമായ ബോംബാക്രമണം നടക്കുന്ന സ്റ്റീൽ പ്ലാന്റിൽനിന്ന് 50 പേരെ നേരത്തെ ഒഴിപ്പിച്ചതായി റഷ്യൻ ന്യൂസ് ഏജൻസിയായ താസ് റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ നാസി പടയെ തുരത്തിയ മേയ് ഒമ്പതാണ് റഷ്യൻസേന വിജയദിനമായി ആഘോഷിക്കുന്നത്. വരുന്ന മേയ് ഒമ്പതിനുള്ളിൽ മരിയുപോൾ തുറമുഖവും കീഴടക്കാമെന്ന പ്രതീക്ഷയിൽ റഷ്യ ഇവിടെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച ഒഡെസ നഗരത്തിന് മുകളിൽ ക്രൂസ് മിസൈലുകൾ തൊടുത്തുവിടുകയും സിവിലിയൻമാരും പോരാളികളും താമസിക്കുന്ന സ്റ്റീൽ മില്ലിൽ ബോംബെറിയുകയും ചെയ്തതോടെ യുക്രെയ്നിന്റെ തെക്കൻതീരം പൂർണമായും തകർന്നടിഞ്ഞു. എന്നാൽ, അധിനിവേശത്തിന്റെ തുടക്കത്തിൽ റഷ്യ പിടിച്ചെടുത്ത കരിങ്കടൽദ്വീപിൽ യുക്രെയ്ൻ നടത്തുന്ന അപ്രതീക്ഷിത പ്രതിരോധയുദ്ധം ഇനിയും നീണ്ടേക്കുമെന്ന സൂചനയാണ് നൽകുന്നത്.
റഷ്യയുടെ ഷെല്ലാക്രമണത്തിന്റെ പ്രധാന ലക്ഷ്യമായി തുടരുമ്പോഴും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിന് ചുറ്റും യുക്രെയ്ൻ പ്രത്യാക്രമണം ശക്തമായി പുരോഗമിക്കുകയാണെന്നാണ് പാശ്ചാത്യ സൈനിക വിദഗ്ധരുടെ വിലയിരുത്തൽ. റഷ്യ പിടിച്ചടക്കിയ അഞ്ചു ഗ്രാമങ്ങൾ ഇതിനകം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ സേനയും അവകാശപ്പെട്ടു.
കൂടാതെ, ശക്തമായ ആക്രമണം നടക്കുന്ന ഖാർകിവിലെ ഏതാണ്ട് ആറിടങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനായതായും യുക്രെയ്ൻ സേന അവകാശപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.