മാർപാപ്പക്ക് വിട നൽകാൻ ലോകനേതാക്കൾ വത്തിക്കാനിൽ
text_fieldsഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിൽക്കുന്നവർ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ലോക നേതാക്കൾ വത്തിക്കാനിൽ എത്തി. രാഷ്ട്രപതി ദ്രൗപദി മുർമു, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അർജന്റീന പ്രസിഡന്റ് ജാവിയർ മിലേ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. 180ഓളം രാഷ്ട്രത്തലവന്മാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വെച്ച മാർപാപ്പയുടെ ഭൗതിക ദേഹം ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണെത്തിയത്. മൃതദേഹം അടങ്ങിയ പേടകം വൈകീട്ടോടെ സീൽ ചെയ്ത് സംസ്കാര ശുശ്രൂഷകൾക്കായി പ്രത്യേക സ്ഥലത്തേക്ക് മാറ്റി. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, വില്യം രാജകുമാരൻ, സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ, ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
തിങ്കളാഴ്ച അന്തരിച്ച മാർപാപ്പക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അതിരാവിലെമുതൽ വിശ്വാസികൾ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്ക് കാരണം പൊതുദർശന സമയം രാത്രിയിലേക്കും നീട്ടിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ 128,000 പേരാണ് മാർപാപ്പയെ അവസാനമായി കാണാൻ എത്തിയത്. സംസ്കാര ശുശ്രൂഷകൾ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കും. കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ് നേതൃത്വം നൽകും.
രാഷ്ട്രപതി റോമിലെത്തി
റോം: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു റോമിലെത്തി. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, സഹമന്ത്രി ജോർജ് കുര്യൻ, ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ ഡി സൂസ എന്നിവും റോമിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെ സർക്കാറിനും ജനങ്ങൾക്കും വേണ്ടി രാഷ്ട്രപതി അനുശോചനം അറിയിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.