ഗസ്സക്ക് ഉടനടി തടസ്സമില്ലാത്ത മാനുഷിക സഹായം വേണം; അതികഠിനമായ പട്ടിണിയെക്കുറിച്ച് മുന്നറിയിപ്പുമായി യു.എന്നിന്റെ ഭക്ഷ്യസുരക്ഷാ സംഘടന
text_fieldsയുനൈറ്റഡ് നാഷൻഷ്: ഗസ്സയിൽ കഠിനമായ ഭക്ഷ്യക്ഷാമം പടരുന്നുവെന്നും ഉടനടിയുള്ളതും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം അനിവാര്യമാണെന്നും യു.എൻ പിന്തുണയുള്ള ഭക്ഷ്യ സുരക്ഷാ സംഘടന. ആയിരക്കണക്കിന് കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവും പട്ടിണിയുമായി ബന്ധപ്പെട്ട മരണങ്ങളും അതിവേഗം വർധിച്ചുവരികയാണ്. ഗസ്സക്കു മുകളിലൂടെ വായുവിലൂടെയുള്ള ഭക്ഷണവിതരണം മേഖലയിലുടനീളം വ്യാപിക്കുന്ന ‘മാനുഷിക ദുരന്തത്തെ’ തടയില്ലെന്നും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ ഇനിഷ്യേറ്റീവ് (ഐ.പി.സി) പറഞ്ഞു.
ക്ഷാമത്തിന്റെ അതീവ മോശം സാഹചര്യം ഇപ്പോൾ ഗസ്സ മുനമ്പിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. ശത്രുത അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര നടപടിയും തടസ്സങ്ങളില്ലാത്തതും വലിയ തോതിലുള്ളതുമായ മാനുഷിക സഹായവും ഉണ്ടെങ്കിലേ കൂടുതൽ മരണങ്ങളും ദുരിതങ്ങളും തടയാൻ കഴിയൂ- ഐ.പി.സി മുന്നറിയിപ്പു നൽകി.
ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കളിലേക്കും സേവനങ്ങളിലേക്കുമുള്ള പ്രവേശനം അഭൂതപൂർവമായ തലത്തിലേക്ക് കുറഞ്ഞത് 2025 മെയ് മുതൽ കടുത്ത പട്ടിണി അനുഭവിക്കുന്ന കുടുംബങ്ങളുടെ അനുപാതം ഇരട്ടിയാക്കി. ഗസ്സ സിറ്റിയിൽ പോഷകാഹാരക്കുറവ് നിരക്ക് മെയ് മാസത്തിലെ 4.4ശതമാനത്തിൽ നിന്ന് ജൂലൈയിൽ 16.5ശതമാനം ആയി വർധിച്ചു. ഗർഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും അഞ്ചിൽ രണ്ടു പേർ ജൂണിൽ തന്നെ കടുത്ത പോഷകാഹാരക്കുറവിലേക്ക് പതിച്ചു.
ഗസ്സയുടെ വടക്കൻ പ്രദേശങ്ങളും സമാനമായ വെല്ലുവിളികൾ നേരിടുന്നു. ഇതൊരു പ്രധാന ആശങ്കയാണ്. എന്നാൽ, ഡാറ്റയുടെ അഭാവം കാരണം ഇത് എത്രത്തോളം ഉണ്ടെന്ന് സ്ഥിരീകരിക്കാനും കഴിയുന്നില്ല. ആയിരക്കണക്കിന് ഗസ്സ നിവാസികളെ പട്ടിണിയിൽനിന്ന് രക്ഷിക്കണമെങ്കിൽ ഈ ആഴ്ച നിർണായകമാണെന്ന് സഹായ ഏജൻസികളും പറയുന്നു. സഹായ വിതരണങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ നടപടികൾ പര്യാപ്തമല്ലെന്നും എല്ലാ അതിർത്തി വഴികൾ വീണ്ടും തുറക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഭക്ഷ്യക്ഷാമത്തിന് ഉത്തരവാദികളാണെന്ന ആരോപണങ്ങൾ നിരസിക്കുന്നത് ഇസ്രായേൽ തുടരുകയാണ്. റഫയിലൂടെ പരിമിതമായ സഹായം പുനഃരാരംഭിച്ചപ്പോൾ ഗസ്സയിലെ മൂന്ന് പ്രദേശങ്ങളിൽ ഒരു ദിവസം 10 മണിക്കൂർ വീതം തന്ത്രപരമായ താൽക്കാലിക വെടിനിർത്തൽ ഞായറാഴ്ച ഇസ്രായേൽ പ്രഖ്യാപിച്ചു.
തങ്ങളുടേതടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികളെ ഗസ്സയിലേക്ക് സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാൻ ഇസ്രായേൽ അനുവദിക്കുന്നില്ലെന്ന് ബി.ബി.സി പുറത്തുവിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.