സുരക്ഷാ വെല്ലുവിളി നേരിടാൻ സജ്ജമാകണം -ഷി ജിൻപിങ്
text_fieldsബെയ്ജിങ്: സുരക്ഷാ ഭീഷണികളും വെല്ലുവിളികളും നേരിടാൻ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. എസ്.സി.ഒ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
24 വർഷത്തിനിടെ എസ്.സി.ഒ പക്വവും കരുത്തുറ്റതുമായ സംഘടനയായി വളർന്നു. പ്രക്ഷുബ്ധമായ ആഗോള സാഹചര്യങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും പ്രവർത്തിക്കാൻ സംഘടനക്ക് സാധിക്കണം. അയൽപക്ക നയതന്ത്രത്തിൽ എസ്.സി.ഒക്ക് ചൈന എപ്പോഴും മുൻഗണന നൽകിയിട്ടുണ്ട്.
സംഘടനയെ കൂടുതൽ ശക്തമാക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും കാത്തുപാലിക്കുന്നതിനും അംഗരാജ്യങ്ങളുടെ വികസനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 10 രാജ്യങ്ങളുടെ കൂട്ടായ്മയായ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി ഈ വർഷം ചൈനയിലെ ടിയാൻജിനിലാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.