ആമിൽ പ്രോഗ്രാംസ്
text_fieldsആമിൽ നാസർ
ആമിൽ നാസർ എ. കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി. പഠിക്കുന്ന സ്കൂളിന്റെ വെബ്സൈറ്റ് ഉൾപ്പെടെ വെബ്സൈറ്റ് ഡിസൈനിങ്ങിൽ താരമാവുകയാണ് ഈ മിടുക്കൻ. വെബ് പേജ് ഡിസൈനിങ്ങിൽ മൂന്നുവർഷം തുടർച്ചയായി സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ ആമിൽ ഇതിനകം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലടക്കം ശ്രദ്ധനേടിക്കഴിഞ്ഞു. തന്റെ വെബ്സൈറ്റിനെക്കുറിച്ചും അതിന്റെ തയാറെടുപ്പുകളെക്കുറിച്ചും ആമിൽ പറയുന്നു.
ടൈപ്പിങ് ടു വെബ് പേജ്
സഹോദരൻ വെബ് പേജ് ഡിസൈനിങ് ചെയ്തിരുന്നു. അങ്ങനെയാണ് ഇത് പഠിക്കാൻ ആഗ്രഹം വരുന്നത്. പ്രോഗ്രാമിങ്ങിൽ നേരത്തേ താൽപര്യമുണ്ടായിരുന്നു. കോവിഡ് കാലത്ത് പ്രിസം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓൺലൈനായി ട്രെയിനിങ് നൽകിയിരുന്നു. 200 കുട്ടികൾ പങ്കെടുത്തതിൽ 20 പേരെയാണ് തിരഞ്ഞെടുത്തത്. അഞ്ചാം ക്ലാസ് മുതൽ ഏഴു വരെ മലയാളം ടൈപ്പിങ്ങായിരുന്നു ചെയ്തിരുന്നത്. എട്ടിൽ എത്തിയപ്പോൾ വെബ് പേജ് ഡിസൈനിങ്ങിലേക്ക് മാറി. ആ വർഷം സംസ്ഥാനതലത്തിൽ ഫസ്റ്റ് കിട്ടി. തുടക്കത്തിൽ അവർ കണ്ടന്റ് തരുമായിരുന്നു. അത് കോപ്പി പേസ്റ്റ് ചെയ്താൽ മതിയായിരുന്നു. ജില്ല വരെ അങ്ങനെയായിരുന്നു മത്സരങ്ങൾ. മത്സരത്തിനുള്ള കോഡ് പത്തിരുപത് പേജ് ഉണ്ടാവും. അത് മുഴുവൻ മനഃപാഠമാക്കാൻ പറ്റില്ല. എന്നാൽ തുടർച്ചയായ പ്രാക്ടിസ് കൊണ്ട് 40 മിനിറ്റിൽ ചെയ്തുതീർക്കാവുന്ന രൂപത്തിലെത്തി. താൽപര്യമില്ലെങ്കിൽ പ്രോഗ്രാമിങ് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ആമിൽ പറയുന്നു.
അർജുൻ സാറിന്റെ പ്രിയ ശിഷ്യൻ
കോവിഡ് കാലത്ത് അർജുൻ സാറാണ് പഠിപ്പിച്ചിരുന്നത്. എന്നെ മോൾഡ് ചെയ്തെടുത്തതും സാറാണ്. പിന്നെ പൈത്തൺ പ്രോഗ്രാമിങ് പഠിച്ചു. യൂട്യൂബ് ക്ലാസ് കണ്ടായിരുന്നു പഠനം. പൈത്തൺ ഇഷ്ടമായതിനാൽ കൂടുതൽ പഠിക്കാൻ തുടങ്ങി. ഓരോ ദിവസവും അന്നന്ന് പഠിപ്പിച്ച കാര്യങ്ങൾ വെച്ച് പ്രോജക്ട് ചെയ്യാനുണ്ടാവും. ആദ്യമൊക്കെ പ്രോഗ്രാമുകൾ മനഃപാഠമാക്കിയാണ് ചെയ്തിരുന്നത്. നല്ലൊരു വെബ്സൈറ്റ് എടുത്ത് അതിന്റെ കോഡുകൾ പഠിക്കും. അർജുൻ സാറിന്റെ പേഴ്സനൽ വെബ്സൈറ്റും ഞാനാണ് തയാറാക്കിയത്. കൂടുതൽ പഠിച്ച് ഒരു വെബ്സൈറ്റ് ഡെവലപ്പർ ആകണം എന്നാണ് ആഗ്രഹം.
സ്കൂളിനൊരു വെബ്സൈറ്റ്
വെബ് പേജ് ഡിസൈനിങ്ങിൽ തുടർച്ചയായി സംസ്ഥാനതലത്തിൽ വിജയിക്കാനായത് ആമിലിന് കൂടുതൽ പ്രചോദനമായി. സ്വന്തം വിദ്യാലയമായ കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഡിസൈൻ ചെയ്തതും ഹോസ്റ്റ് ചെയ്തതും ആമിലാണ്. ടീച്ചർമാരും സ്കൂളിന്റെ ചരിത്രവും മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് വെബ്സൈറ്റ് നിർമിച്ചത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ വെബ്സൈറ്റ് തയാറാക്കിയത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്.
പഠിച്ചെടുത്താൽ എളുപ്പം
വെബ്സൈറ്റുകൾ ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ഏറ്റവും ബേസിക് ആണ് വെബ്സൈറ്റ് ഡിസൈനിങ്. അത് കഴിഞ്ഞാൽ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യണം. HTML, CSS ഉപയോഗിച്ചാണ് പ്രധാനമായും വെബ്സൈറ്റ് ക്രിയേറ്റ് ചെയ്യുന്നത്. വെബ്സൈറ്റിൽ കൊടുക്കുന്ന കണ്ടന്റുകളും ടാഗുകളുമാണ് HTMLൽ ഉൾപ്പെടുന്നത്. വെബ്സൈറ്റിന് കളർ കൊടുക്കാനും എഫക്ട് കൊടുക്കാനുമാണ് CSS ഉപയോഗിക്കുന്നത്. ഡിസൈൻ അറിയണമെങ്കിൽ കൂടുതൽ കോഡുകൾ അറിഞ്ഞിരിക്കണം. ആളുകൾ കാണുന്ന ഫ്രണ്ട് എൻഡ് ഡെവലപ്പിങ്ങാണ് ഞാൻ ചെയ്യുന്നത്. വെബ് പേജ്-ബട്ടണുകൾ, വിവരങ്ങൾ, ചിത്രങ്ങൾ, നിറങ്ങൾ, ആനിമേഷനുകൾ എന്നിങ്ങനെ നിങ്ങൾ കാണുന്നതെല്ലാം വെബ്സൈറ്റിൽ ക്രമീകരിക്കുന്നതാണ് ഫ്രണ്ട് എൻഡ് ഡെവലപ്പിങ്.
ഫോണ്ടുകളും കളർ കോഡുകളും ഉപയോഗിച്ച് വെബ്സൈറ്റ് എത്രത്തോളം ആകർഷകമാക്കുന്നോ അത്രത്തോളം യൂസേഴ്സും കൂടുമെന്ന് ആമിൽ പറയുന്നു. എത്രത്തോളം യൂസർ ഫ്രൻഡ്ലി ആക്കുന്നു എന്നതിലാണ് ഡിസൈനറുടെ സ്കിൽ. വെബ് പേജ് ഡിസൈനിങ്ങിൽ നിരവധി അവസരങ്ങൾ ആമിലിന് വന്നുകൊണ്ടിരിക്കുന്നുണ്ട്. പത്താം ക്ലാസ് ആയതുകൊണ്ട് തൽക്കാലം ഒന്ന് മാറിനിൽക്കുന്നു എന്നുമാത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.