ദീപാവലി സമ്മാനമാകുമോ ജി.എസ്.ടി പരിഷ്‍കാരം

ദീപാവലി സമ്മാനമായി ചരക്കുസേവന നികുതി (ജി.എസ്.ടി) ഘടന പരിഷ്‍കരണം നിലവിൽ വരുമെന്ന് പ്രധാനമന്ത്രി ​നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ, പറഞ്ഞു. പുതിയ നികുതിഘടന നിത്യോപയോഗ സാധന വില കുറക്കുമെന്നും സാധാരണക്കാർക്ക് ഏറെ ​ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. നടപ്പാവുകയാണെങ്കിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസമാവുകയും വിപണിക്ക് ഊർജം പകരുകയും ചെയ്യുന്ന നിർദേശങ്ങളാണ് പരിഗണനയിലുള്ളത്.

ചെറുകിട, ഇടത്തരം സംരംഭകരുടെ നികുതി ബാധ്യതയും സങ്കീർണതകളും കുറയുമെന്നാണ് പ്രധാനമന്ത്രി ഉറപ്പുനൽകുന്നത്. നികുതി കുറക്കുമ്പോൾ സർക്കാറിന് വരുമാന നഷ്ടമുണ്ടാവുമെങ്കിലും ഇടപാടുകൾ വർധിക്കുകയും വിപണിക്ക് ഉണർവുണ്ടാവുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ജി.എസ്.ടി സ്ലാബുകൾ കുറക്കുന്നത് വഴി പ്രതിവർഷം 80,000 കോടി രൂപയുടെ വരുമാനനഷ്ടം കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

വിൽപന വർധിക്കുന്നതിലൂടെ ഇതിന്റെ ആഘാതം കുറയും. സെപ്റ്റംബർ ഒമ്പതിന് ചേരുന്ന ജി.എസ്.ടി കൗൺസിൽ നികുതി ഘടന പരിഷ്‍കാരത്തിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ. എന്നാൽ, സംസ്ഥാനങ്ങൾ വരുമാന നഷ്ടം ചൂണ്ടിക്കാട്ടി എതിർപ്പുയർത്താനുള്ള സാധ്യത നിലനിൽക്കുന്നു. നികുതി നിരക്ക് കുറയുന്നതിന്റെ നേട്ടം കമ്പനികൾ ഉപഭോക്താക്കളിലേക്ക് അതേ തോതിൽ എത്തിക്കു​മോ എന്നും കണ്ടറിയണം. ഉൽപന്ന വില കൂട്ടി ലാഭം വർധിപ്പിക്കാനുള്ള അവസരമായി പല കമ്പനികളും ഇതിനെ കാണും.

ജി.എസ്.ടി നടപ്പാക്കുമ്പോൾ ഒട്ടുമിക്ക ഉൽപന്നങ്ങൾക്കും വില കുറയുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. ആറുമാസമായി നിരവധി ചർച്ചകളും ആലോചനകളും നടത്തിയാണ് സർക്കാർ ജി.എസ്.ടി പരിഷ്‍കാരത്തിന് രൂപം നൽകിയത്. ട്രംപിന്റെ തീരുവ ​ഭീഷണി നേരിടാനല്ല നികുതി പരിഷ്‍കാരമെന്ന് ധനമന്ത്രാലയം പറയുന്നു. ഒറ്റ നികുതി നിരക്ക് എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് നാല് സ്ലാബുള്ളത് ചുരുക്കുന്നതെന്നാണ് മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. 2047ഓടെ ഒറ്റ നിരക്ക് യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

വികസിത രാജ്യങ്ങളിൽ നടപ്പാക്കിവരുന്ന ഒറ്റ നിരക്ക് നികുതി ജനങ്ങളുടെ വരുമാനത്തിലും ചെലവിലും വലിയ അന്തരമുള്ള ഇന്ത്യ പോലൊരു രാജ്യത്ത് എത്രത്തോളം ഫലപ്രദമാവുമെന്ന ​ചോദ്യം നിലനിൽക്കുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാവുമെന്നാണ് അധികൃതർ ഇതിന് നൽകുന്ന മറുപടി. സമ്പദ് വ്യവസ്ഥയിലെ മന്ദത നീക്കാനായി ജനങ്ങളുടെ പക്കൽ കൂടുതൽ പണമെത്താനും ഉപഭോഗം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ ബജറ്റിൽ ആദായനികുതി പരിധി 12 ലക്ഷം രൂപയായി വർധിപ്പിച്ചത്. ഇതേ ദിശയിൽ തന്നെയാണ് ചരക്കുസേവന നികുതി ഘടന പരിഷ്‍കാരവും.

ഇനി രണ്ട് സ്ലാബ് മാത്രം

നിലവിൽ 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലബുകളാണ് ചരക്കുസേവന നികുതിയിലുള്ളത്. ഇതിൽ 12, 28 ശതമാനം സ്ലാബ് എടുത്തുകളഞ്ഞ് 5,18 സ്ലാബുകൾ മാത്രമാക്കാനാണ് നീക്കം. മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവ​യെ സിൻ ഗുഡ്സ് വിഭാഗത്തിൽ പെടുത്തി 40 ശതമാനം നിരക്ക് ബാധകമാക്കും. ചില ആഡംബര ഉൽപന്നങ്ങൾക്കും ഇതേ നിരക്ക് ഈടാക്കും. 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലേക്കും 12 ശതമാനം സ്ലാബിലുള്ള 99 ശതമാനം ഉൽപന്നങ്ങളും അഞ്ചു ശതമാനത്തിലേക്കും മാറ്റിയേക്കും.

നികുതിവല വിപുലമാക്കും

നികുതി ഘടനയിലെയും റിട്ടേൺ ഫയൽ ചെയ്യുന്നതിലെയും സങ്കീർണതകൾ കുറച്ച് ലളിതമാക്കണമെന്നത് വ്യാപാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ്. സാ​ങ്കേതിക പരിജ്ഞാനം കുറവുള്ള ചെറുകിട വ്യാപാരികളാണ് ഏറെ വലഞ്ഞിരുന്നത്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പിഴവുകൾ സംഭവിച്ചാൽ തിരുത്തലിന് അവസരം വേണമെന്നതും വ്യാപാരികളുടെ ആവശ്യമാണ്.

നികുതി സ്ലാബുകളിലെ മാറ്റത്തിനൊപ്പം ജി.എസ്.ടി രജിസ്ട്രേഷനിലെയും പിരിച്ചെടുക്കുന്നതിലെയും തിരിച്ചടവിലെയും സങ്കീർണതകൾ കുറക്കുന്ന സമഗ്ര പരിഷ്‍കാരമാണ് അധികൃതർ ലക്ഷ്യമിടുന്നത്. കൂടുതൽ സംരംഭകരെ ജി.എസ്.ടി വലയത്തിലേക്ക് കൊണ്ടുവരാനും സർക്കാർ ലക്ഷ്യമിടുന്നു. നിലവിൽ 1.15 കോടി സംരംഭങ്ങളാണ് രാജ്യത്ത് ജി.എസ്.ടിയിലുള്ളത്. ഇത് രണ്ട് കോടിയാക്കലാണ് ലക്ഷ്യം.

നിർദേശങ്ങൾ

  • റിസ്ക് കുറവുള്ള കേസുകളിൽ ജി.എസ്.ടി രജിസ്ട്രേഷൻ മൂന്നുദിവസത്തിനകം സാധ്യമാക്കും. 95 ശതമാനം സംരംഭങ്ങളും ഈ ഗണത്തിലാണ് വരിക.
  • റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പല വിവരങ്ങളും സ്വമേധയാ ആയി പൂരിപ്പിക്കപ്പെടുന്ന പ്രീഫീൽഡ് ഫോമുകൾ ലഭ്യമാക്കും.
  • പാക്ക് ചെയ്ത ഉൽപന്നങ്ങൾക്കും ലൂസ് വിൽപനക്കും ഏകീകൃത നികുതി നടപ്പാക്കും
  • ജി.എസ്.ടി റീഫണ്ട് അപേക്ഷ ലഭിച്ച് നിശ്ചിത സമയത്തിനകം ഓട്ടോമേറ്റഡ് ആയി ലഭ്യമാകുന്ന സംവിധാനം നടപ്പാക്കും
  • ഔട്ട്പുട്ട് ടാക്സിനേക്കാൾ (ഉൽപന്നം വിൽക്കുമ്പോൾ ലഭിക്കുന്ന നികുതി) കൂടുതൽ തുക ഇൻപുട്ട് ടാക്സായി (അസംസ്കൃത വസ്തുക്കൾ വാങ്ങുമ്പോൾ) നൽകേണ്ടി വരുന്ന ഇൻവേർട്ടഡ് ഡ്യൂട്ടി ഘടന തിരുത്തും. മൂല്യവർധിത ഉൽപന്നങ്ങൾ കൂടുതലായി സൃഷ്ടിക്കപ്പെടാൻ ഇത് പ്രേരണയാകും.
  • ഇടക്കിടെ നിരക്ക് മാറ്റിക്കൊണ്ടിരിക്കുന്നത് വ്യാപാരികൾക്ക് സൃഷ്ടിക്കുന്ന പ്രയാസം കണക്കിലെടുത്ത് ദീർഘകാല കാഴ്ചപ്പാടോടെ പരിഷ്‍കാരങ്ങൾ നടപ്പാക്കും.
Tags:    
News Summary - GST reform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.