ജി.എസ്.ടി

മോദി പ്രഖ്യാപിച്ച ജി.എസ്.ടി ഇളവ് സംസ്ഥാനങ്ങൾക്കും വൻ വരുമാനനഷ്ടമുണ്ടാക്കും; പുതിയ ജി.എസ്.ടി ദസ്റക്ക് മുമ്പ് നിലവിൽ വരും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജി.എസ്.ടി ഇളവ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് വൻ വരുമാനനഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ട്. 40,000 കോടിയുടെ വരുമാനനഷ്ടമാണ് പുതിയ സംവിധാനത്തിലൂടെ ഉണ്ടാവുക. പുതിയ സംവിധാനം നിലവിൽ വരുമ്പോഴുള്ള വരുമാനനഷ്ടം കണക്കാക്കാൻ ജി.എസ്.ടി സെക്രട്ടറിയേറ്റിലെ ഫിറ്റ്മെന്റ് പാനൽ നീക്കം തുടങ്ങി.

ജി.എസ്.ടി നികുതി സംവിധാനം ലളിതമാക്കുകയാണ് പുതിയ പരിഷ്‍കാരത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അഞ്ച്, 18, 40 ശതമാനം മാത്രമായിരിക്കും ജി.എസ്.ടിയിലെ സ്ലാബുകൾ. നിലവിൽ ഓൺലൈൻ ഗെയിമിങ്ങിന് നിയന്ത്രണമേർപ്പെടുത്തുന്ന ബിൽ വന്നതോടെ കേന്ദ്രസർക്കാറിന് 20,000 കോടിയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ട്.

അതേസമയം, വരുമാനനഷ്ടം താൽക്കാലികം മാത്രമാണെന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ഭാഷ്യം. നിരക്ക് കുറഞ്ഞാൽ അതിന് ആനുപാതികമായി ഉപഭോഗം വർധിക്കുമെന്നാണ് അവരുടെ ഭാഷ്യം. മുമ്പ് ആദായ നികുതിയിൽ റിബേറ്റ് പ്രഖ്യാപിച്ചപ്പോൾ അത് ഉപഭോഗം ഉയർത്താൻ കാരണമായെന്നും ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട്.

ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്കരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുമെന്നും മോദി പറഞ്ഞു.79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ഈ ദീപാവലിക്ക് നിങ്ങൾക്കെല്ലാവർക്കും ഒരു സമ്മാനമായി പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ കൊണ്ടുവരും. സാധാരണ വസ്തുക്കളുടെ നികുതി ഗണ്യമായി കുറയും... ഇത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വലിയ നേട്ടമാകും, നിത്യോപയോഗ വസ്തുക്കളുടെ വില കുറയും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - New GST rates likely by Dussehra, government braces for big revenue shortfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.