വിപണിയിൽ ഹ്രസ്വകാല മുന്നേറ്റത്തിന് സാധ്യത

ഇന്ത്യൻ ഓഹരി വിപണിയിൽ ഹ്രസ്വകാല മുന്നേറ്റത്തിന് എല്ലാ സാധ്യതയും ഒത്തുവന്നിട്ടുണ്ട്. ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഇന്ത്യയുടെ സോവറിൻ റേറ്റിങ് ട്രിപ്ൾ ബി നിലവാരത്തിലേക്ക് ഉയർത്തി. 18 വർഷത്തിനു ശേഷമാണ് ഇത് സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സാമ്പത്തിക വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേതെന്നും കോവിഡ് കാലത്തിനു ശേഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ശ്രദ്ധേയ തിരിച്ചുവരവാണ് നടത്തിയതെന്നും എസ് ആൻഡ് പി റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യക്കുമേൽ പ്രഖ്യാപിച്ച അധിക തീരുവ ഒഴിവാക്കുമെന്ന സൂചന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം നൽകിയത് ശുഭകരമാണ്. അതേസമയം, ഇന്ത്യ -യു.എസ് വ്യാപാര കരാർ ചർച്ച എങ്ങുമെത്തിയില്ല. ആറാംവട്ട ചർച്ചക്കായി ആഗസ്റ്റ് 25ന് ഇന്ത്യയിൽ എത്താനിരുന്ന യു.എസ് പ്രതിനിധിസംഘം യാത്ര മാറ്റിവെച്ചു. ഇതെല്ലാം താൽക്കാലിക പ്രതിസന്ധിയാണെന്നും സമയമെടുത്താലും കരാർ യാഥാർഥ്യമാവുക​ തന്നെ ചെയ്യുമെന്നുമാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.

ട്രംപ്-പുടിൻ ഒന്നാംഘട്ട ചർച്ചയിൽ യുക്രെയ്ൻ യുദ്ധവിരാമം സംബന്ധിച്ച് ധാരണയായില്ലെങ്കിലും സമാധാനത്തിലേക്കുള്ള വഴി അടഞ്ഞിട്ടില്ല. തിങ്കളാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി യു.എസ് സന്ദർശിക്കുന്നുണ്ട്. പുടിൻ ട്രംപിനെ പുകഴ്ത്തുകയും റഷ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇത് ആഗോള തലത്തിൽനിന്നുള്ള ശുഭവാർത്തയാണ്.

അതിനെല്ലാമപ്പുറം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ റെക്കോഡ് ഷോർട്ട് ​സെല്ലിങ് (നിശ്ചിത തീയതിക്കകം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ ഓഹരികൾ മുൻകൂർ വാങ്ങുന്നത്) ആണ് നടത്തിയിട്ടുള്ളത്. തിരിച്ചുവാങ്ങൽ മുന്നേറ്റം (ഷോർട്ട് കവറിങ് റാലി) ഉടൻ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ച തുടർച്ചയായി ഇടിഞ്ഞ് വിപണി ഓവർ സോൾഡ് അവസ്ഥയിലെത്തിയിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്. വ്യാപാരികൾക്ക് ആശ്വാസമാവുകയും ജനങ്ങളുടെ കൈയിൽ കൂടുതൽ പണമെത്താൻ വഴിയൊരുക്കുകയും ചെയ്യുന്ന ജി.എസ്.ടി പരിഷ്‍കരണം വലിയ പോസിറ്റിവ് വാർത്തയാണ്. ഇതെല്ലാം ചേർത്തുവെക്കുമ്പോൾ ഇന്ത്യൻ വിപണിയിൽ ഹ്രസ്വകാല മുന്നേറ്റം ന്യായമായും പ്രതീക്ഷിക്കാം. തിങ്കളാഴ്ച കുതിപ്പോടെയാകും വിപണി ആരംഭിക്കുകയെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Potential for short-term market improvement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.