ജി.എസ്.ടി നടപ്പാക്കിയപ്പോൾ വ്യാപാരികൾ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു റിട്ടേൺ ഫയൽ ചെയ്യുക എന്നത്. നടപ്പാക്കുന്നതിനു മുമ്പ് സർക്കാർ പഠിപ്പിച്ച നിലയിലായിരുന്നില്ല നടപ്പാക്കിക്കഴിഞ്ഞപ്പോഴുള്ള അവസ്ഥ. പല പരിഷ്കരണങ്ങളിലൂടെ ഇപ്പോൾ കൃത്യതയാർന്ന റിട്ടേൺ ഫയൽ ചെയ്യുന്നതിലേക്ക് എത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോഴും നിയമത്തിന്‍റെ കാർക്കശ്യങ്ങളുണ്ട്.
ലളിതമായി റിട്ടേൺ ഫയൽ ചെയ്യാനുള്ള സംവിധാനമാണ് വ്യാപാരികൾ ആഗ്രഹിക്കുന്നത്. എല്ലാ ഉൽപന്നങ്ങളും എച്ച്.എസ്.എൻ കോഡ് അടിസ്ഥാനമാക്കി റിട്ടേൺ ഫയൽ ചെയ്യണമെന്ന് നിഷ്കർഷിക്കുന്നു. വിറ്റുവരവ് അടിസ്ഥാനമാക്കി എച്ച്.എസ്.എൻ കോഡ് മിനിമം നാലെണ്ണം സർക്കാർ പറഞ്ഞിരിക്കുന്നു. മിനിമം എണ്ണംമതി എന്നു പറയുമ്പോഴും വിറ്റുവരവ് കൂടുമ്പോൾ അതുപോര എന്നും പറയുന്നു. തിരുത്തപ്പെടേണ്ടതാണിത്.
കച്ചവടത്തിലെ മത്സരം കടുത്തതായതുകൊണ്ട് ചെലവുകൾ പരമാവധി കുറച്ച് വിലകുറച്ച് ഉൽപന്നങ്ങൾ കൊടുത്താലേ ഉപഭോക്താവിനെ പിടിച്ചുനിർത്താൻ സാധിക്കൂ. ജി.എസ്.ടി പ്രാക്ടീഷണർമാരെ ഉപയോഗിച്ചാണ് വ്യാപാരികൾ റിട്ടേൺ ഫയൽ ചെയ്യുന്നത്. റിട്ടേണിൽ തെറ്റ് സംഭവിച്ചാൽ ഉത്തരവാദി വ്യാപാരിയാണ്. കൺസൾട്ടന്‍റിന് ഒരു ഉത്തരവാദിത്തവുമില്ല. ഓരോരുത്തരും ഓരോ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് റിട്ടേൺ ഫയൽ ചെയ്യുന്നത്. ഇതുകാരണം തെറ്റുകൾ ഉണ്ടാകുന്നുണ്ട്. കൃത്യതയാർന്ന റിട്ടേൺ ഫയൽ ചെയ്യുന്നതിന് ലളിതമായ പൊതു സോഫ്റ്റ്വെയർ ആവശ്യമാണ്.
അയോഗ്യമായ ഐ.ടി.സി (ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്) രേഖപ്പെടുത്തുന്നതിൽ വ്യാപാരികൾ പരാജയപ്പെടുന്നുണ്ട്. ചെറുകിട വ്യാപാരികൾക്ക് മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ച് റിട്ടേൺ ഫയൽ ചെയ്യുക ബുദ്ധിമുട്ടാണ്. അതിനുള്ള സാങ്കേതികവിദ്യ അവർക്ക് അറിയില്ല. ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ തെറ്റായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തിട്ടുണ്ടെങ്കിൽ അത് പിന്നീട് വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. തങ്ങൾക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നയാൾ കൃത്യമായി നികുതി അടച്ചിട്ടുണ്ടോ, അംഗീകൃത വ്യാപാരിയാണോ എന്നും അറിയണം.
റിട്ടേൺ ഫയൽ ചെയ്തുകഴിഞ്ഞാൽ തിരുത്തിന് അവസരമില്ല എന്ന് അറിയുക. ജി.എസ്.ടിക്കുമുമ്പ് വാറ്റായിരുന്നപ്പോൾ റിട്ടേൺ ഫയൽ ചെയ്താൽ രണ്ടുമാസത്തിനിടയിൽ തെറ്റുകൾ ബോധ്യപ്പെട്ടാൽ തിരുത്തുന്നതിന് അവസരമുണ്ടായിരുന്നു. ജി.എസ്.ടി റിട്ടേണിൽ ഇതില്ല. തങ്ങൾക്ക് കിട്ടിയിരിക്കുന്ന എല്ലാ പർച്ചേസ് ബില്ലുകളും ശരിയായവിധത്തിൽ അക്കൗണ്ട് ചെയ്തിട്ടുണ്ടോ, അതിന് അവർ ബില്ലിൽ കാണിച്ച എച്ച്.എസ്.എൻ കോഡുകൾ ശരിയാണോ, അതിലെ നികുതി നിരക്കുകൾ ശരിയാണോ എന്നിവ ഉറപ്പുവരുത്തണം.
തങ്ങൾക്ക് ഡീലർമാർ തന്നിരിക്കുന്ന ക്രെഡിറ്റ് നോട്ടുകൾ ഫൈനാൻഷ്യൽ ക്രെഡിറ്റ് നോട്ടാണോ, ടാക്സബിൾ ക്രെഡിറ്റ് നോട്ടാണോ എന്ന് ഉറപ്പുവരുത്തണം. ടാക്സബിൾ ക്രെഡിറ്റ് നോട്ടാണെങ്കിൽ അതിന്‍റെ നികുതി തിരിച്ചടക്കേണ്ടതാണ്. എന്തെങ്കിലും ഉൽപന്നങ്ങൾ വാങ്ങിയിട്ട് വിൽക്കാൻ പറ്റാതെ തിരികെ കൊടുത്തിട്ടുണ്ടോ, അങ്ങനെ തിരിച്ചുകൊടുത്തിട്ടുണ്ടെങ്കിൽ ആ ഉൽപന്നത്തിന്‍റെ നികുതി സർക്കാറിലേക്ക് തിരിച്ചടക്കേണ്ടതാണ്. ഇങ്ങനെ ഇൻപുട്ട് ടാക്സ് എടുത്ത എന്തെങ്കിലും ഉൽപന്നങ്ങൾ വിൽക്കാതെ തിരിച്ചുകൊടുക്കുകയോ സ്ഥാപനത്തിൽവെച്ച് കേടുപാടുകൾ സംഭവിക്കുകയോ വ്യാപാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി സൗജന്യമായി നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്‍റെയെല്ലാം ഇൻപുട്ട് തിരിച്ചടക്കേണ്ട ബാധ്യത വ്യാപാരിക്കുള്ളതാണ്.
അതിനാൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇൻപുട്ടിൽ രേഖപ്പെടുത്തിയ ഏതെങ്കിലും ഉൽപന്നത്തിന്‍റെ ഇൻപുട്ട് തിരിച്ചടക്കാനുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും ഉൽപന്നം സ്ഥാപനത്തിന്‍റെ പേരിൽ വാങ്ങിയിട്ടുണ്ടെങ്കിൽ (ഉദാഹരണത്തിന് കാർ, ബൈക്ക് തുടങ്ങിയവ) ഇതിന്‍റെ നികുതി കൊടുത്തിട്ടുള്ളതുമാണ് എങ്കിൽ ഇതിന് ഇൻപുട്ട് എടുക്കാൻ പാടില്ലാത്തതാണ്. ഇതിന്‍റെ ക്രെഡിറ്റ് സൈറ്റിലുണ്ട് എങ്കിൽ അത്തരം ഇൻ എലിജിബിൾ ഐ.ടി.സി ഐറ്റങ്ങൾ മാറ്റി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. അല്ലാതെ അതിന് തെറ്റായി ഇൻപുട്ട് എടുത്താൽ എപ്പോഴെങ്കിലും അസസ്മെന്റ് എടുക്കുമ്പോൾ കണ്ടെത്തിയാൽ അതിന് പലിശ സഹിതം പിഴ ഒടുക്കേണ്ടിവരും. അതിനാൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ തെറ്റായ ഇൻപുട്ട് എടുക്കാൻ പാടില്ല. ഏതെങ്കിലും ഇൻപുട്ട് എടുത്തതിൽ തിരിച്ചടക്കേണ്ടതായിട്ടുണ്ടെങ്കിൽ തിരിച്ചടക്കണം. നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണിത്.
നിലവിൽ വ്യാപാരികൾ എല്ലാമാസവും 11നു മുമ്പ് ജി.എസ്.ടി.ആർ 1 ഫയൽ ചെയ്യുന്നു. 20 ആകുമ്പോൾ 3 ബി ഫയൽ ചെയ്യുന്നു. ഒരുമാസത്തെ കണക്കുകൾ എല്ലാം ക്ലോസ് ചെയ്ത് ശരിയായ പരിശോധനകൾ നടത്തി ജി.എസ്.ടി.ആർ 1 ഫയൽ ചെയ്യാൻ 15ാം തീയതിലേക്ക് മാറ്റണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കാരണം ഭൂരിഭാഗം വ്യാപാരികളും കൺസൾട്ടൻസികൾ മുഖേനയാണ് റിട്ടേൺ ഫയൽ ചെയ്യുന്നത്. അതിന് ലഭിക്കുന്ന സമയം പരിമിതമാണ്. 3ബി ഫയൽ ചെയ്യാനുള്ള തീയതി 25 ആക്കണം.
2017 - 18ൽ നടപ്പാക്കിയ ജി.എസ്.ടി നാലുവർഷം കൊണ്ടാണ് എങ്ങനെയാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യവസ്ഥാപിതമായ രൂപം ഉരുത്തിരിഞ്ഞത്. ആ നാലുവർഷം അറിയാതെ ഒത്തിരി തെറ്റുകൾ രജിസ്ട്രേഡ് വ്യാപാരികൾക്ക് സംഭവിച്ചിട്ടുണ്ട്. അതിനാൽ വ്യാപാരി സമൂഹത്തിന്‍റെ ആവശ്യം ആദ്യത്തെ നാലുവർഷം പ്രാഥമിക ഘട്ടമായി കണക്കാക്കി ആസമയത്തെ തെറ്റുകൾക്ക് പിഴയും പിഴപ്പലിശയും ഒഴിവാക്കണമെന്നാണ്. ഈ ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. ഇപ്പോൾ ഓഡിറ്റ് നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുവർഷത്തെ കണക്കുകളാണ് ഒരുമിച്ച് പരിശോധിക്കുന്നത്. ആദ്യത്തെ നാലുവർഷത്തെ ഓഡിറ്റിൽ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. അഞ്ചുവർഷത്തെ ഓഡിറ്റ് ഒരുമിച്ച് നടത്തുന്നത് തെറ്റായ രീതിയാണ്.
പല സ്ഥാപനങ്ങളിലും മുൻകാലങ്ങളിൽ ഇത് ചെയ്തിരുന്നവർ വേറെ തൊഴിൽ തേടിപ്പോയിട്ടുണ്ടാകും. അത്തരം സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും. ഓഡിറ്റ് എന്നത് വ്യാപാരികളുടെ തെറ്റ് കണ്ടെത്താനുള്ളതാകാതെ തെറ്റുകൾ തിരുത്തുന്നതിനുള്ള അവസരമാക്കി മാറ്റുന്ന രീതിയാക്കണം. ഓഡിറ്റ് കച്ചവടക്കാരെ ശിക്ഷിക്കാനാവരുത്.
(സംസ്ഥാന ജി.എസ്.ടി ഗ്രീവൻസ് റിഡ്രെസ്സൽ കമ്മിറ്റി അംഗവും കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്‍റും ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമാണ് ലേഖകൻ) തയാറാക്കിയത്: ബിനു ഡി. രാജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.