റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ആർ.ബി.ഐ

മുംബൈ: റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോ​ഗത്തിന് ശേഷം റിപ്പോ നിരക്ക് 5.5% ൽ നിലനിർത്താൻ തീരുമാനിച്ചതായി ആർ.ബി.ഐ അറിയിച്ചു. ട്രംപിന്റെ താരിഫ് ഭീഷണി നിലനില്‍ക്കുന്നുവെങ്കിലും തൽക്കാലത്തേക്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ആർ.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷമാണ് ഈ നീക്കം.

ആഗസ്റ്റ് ഏഴ് മുതൽ ഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനത്തെ തുടർന്ന് വിദേശ വ്യാപാരത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ആർ‌.ബി.‌ഐ മോണിറ്ററി പോളിസി കമ്മിറ്റി യോ​ഗം ചേർന്നത്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നികുതി വർധനവിലെ ആശങ്കകളും ഉണ്ടായിരുന്നിട്ടും ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്ഥിരത പുലർത്തിയതായി ആർ‌.ബി.‌ഐയുടെ ജൂലൈയിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലകൾ, പ്രത്യേകിച്ച് പച്ചക്കറി വിലകൾ അസ്ഥിരമായി തുടരുന്നതിനാൽ 2026 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പണപ്പെരുപ്പം ഉയർന്നേക്കാമെന്ന് എം.പി.സി കമ്മിറ്റി ചൂണ്ടിക്കാട്ടി.

2026 സാമ്പത്തിക വർഷത്തിൽ, പണപ്പെരുപ്പം 3.1% ആയിരിക്കുമെന്ന് ആർ‌.ബി.‌ഐ പ്രവചിച്ചിട്ടുണ്ട്. ഇത് ജൂണിൽ നടത്തിയ 3.70% പ്രവചനത്തേക്കാൾ കുറവാണ്. എന്നാൽ 2027 സാമ്പത്തിക വർഷത്തിൽ സി.പി.ഐ 4.9% ആയി തുടരുമെന്ന് ആർ.ബി.ഐ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ആർ.ബി.ഐയുടെ നാല് ശതമാനം എന്ന ലക്ഷ്യത്തിന് മുകളിലാണ്. 

Tags:    
News Summary - RBI says repo rate will remain unchanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.