തീരുവയുടെ മേലുള്ള വിലപേശലിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എല്ലാ പരിധിയും കടന്ന് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്ന നിലയിലേക്കെത്തിയിരിക്കുകയാണ്. ഇന്ത്യക്കുമേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന പ്രഖ്യാപനത്തിനൊപ്പം റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യക്ക് പിഴ ചുമത്തുമെന്നു കൂടിയാണ് ഭീഷണി.
ആരാണ് അതിന് അധികാരം നൽകിയതെന്ന് കനത്തിൽ തിരിച്ചുചോദിക്കാൻ ഇന്ത്യൻ ഭരണകൂടം തയാറാകണമായിരുന്നു. അതിനുപകരം റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങൽ നിർത്തിവെക്കുകയാണ് ചെയ്തത്. ഇന്ത്യ ആരുമായി വ്യാപാരം നടത്തണമെന്ന് തീരുമാനിക്കുന്നത് ട്രംപാണെന്ന്. ബ്രിക്സ് അടക്കമുള്ള കൂട്ടായ്മകൾ ശക്തിപ്പെടുത്തുകയും ഉഭയകക്ഷി വ്യാപാരത്തിന്റെ ബദൽ സാധ്യതകൾ തേടുകയും വേണം.
യു.എസിന്റെ തീരുവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വല്ലാതെയൊന്നും ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. മരുന്നുകൾ, ഊർജ ഉൽപന്നങ്ങൾ, സെമികണ്ടക്ടർ, കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ, മറ്റു വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങി യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന പകുതി ഉൽപന്നങ്ങൾ 25 ശതമാനം തീരുവ പരിധിയിൽ വരില്ല. 8600 കോടി ഡോളറിന്റെ (ഏകദേശം 75 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് ഇന്ത്യ അമേരിക്കയിലേക്ക് നടത്തുന്നത്. ഇതിൽ 4000 കോടി ഡോളറിന്റേതാണ് തീരുവ പരിധിയിലെ ഉൽപന്നങ്ങൾ. അതേസമയം, യു.എസിലേക്കുള്ള കയറ്റുമതിയിൽ ചെറിയ കുറവുണ്ടാകും. ജി.ഡി.പിയിൽ 0.2 ശതമാനത്തിന്റെ കുറവുവരുത്തുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യ-യു.എസ് വ്യാപാര ചർച്ചയുടെ വാതിൽ അടഞ്ഞിട്ടില്ല. ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം ആഗസ്റ്റ് 24ന് ഇന്ത്യയിലെത്തുന്നുണ്ട്. 25നാണ് ആറാം വട്ട ചർച്ച. ആഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കുമെന്ന് പറഞ്ഞ തീരുവ ആഗസ്റ്റ് ഏഴുവരെ നീട്ടിയിട്ടുമുണ്ട്. യു.എസിന്റെ പാലുൽപന്നങ്ങൾക്ക് ഇന്ത്യയിൽ പരിധിയും തടസ്സവുമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാനിടയില്ല. ജനിതക മാറ്റം വരുത്തിയ, മാംസഭുക്കായ പശുവിന്റെ പാൽ ഇറക്കുമതിയും അനുവദിക്കില്ല. എട്ട് കോടിയിലേറെ പേർ തൊഴിലെടുക്കുന്ന ക്ഷീരകൃഷി മേഖലയുടെ സംരക്ഷണത്തോടൊപ്പം രാഷ്ട്രീയവും മതപരവുമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്. കോടിക്കണക്കിനാളുകൾക്ക് പശു വിശുദ്ധമായത് ‘അന്നദാതാവ്’ എന്ന നിലയിൽ കൂടിയാണ്.
ഇന്ത്യ ലോകത്തിന്റെ ഫാർമസി എന്നാണ് അറിയപ്പെടുന്നുണ്ട്. ജനറിക് മരുന്നുകൾ ഗുണമേന്മയോടെ ഇത്ര വിലക്കുറവിൽ വിൽക്കുന്ന രാജ്യമില്ല. അമേരിക്ക ഉൾപ്പെടെ വികസിത രാജ്യങ്ങൾ ഇത് പ്രയോജനപ്പെടുത്തുന്നു. എന്നാൽ, വില വീണ്ടും കുറപ്പിക്കാൻ ട്രംപ് സമ്മർദം ചെലുത്തുന്നു. ഇന്ത്യയിലെ 17 മുൻനിര മരുന്നുകമ്പനികൾക്ക് യു.എസ് വില കുറക്കാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. വില കുറക്കാൻ സമ്മതിച്ചില്ലെങ്കിൽ മരുന്നു കമ്പനികൾക്ക് ധാരാളം പ്രശ്നങ്ങളുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
മറ്റു രാജ്യങ്ങളിൽ വിൽക്കുന്ന നിലയിലേക്ക് താഴ്ത്തണമെന്നാണ് ആവശ്യം. മറ്റു രാജ്യങ്ങളിലെ പ്രവർത്തന ചെലവ് കുറവാണെന്ന യാഥാർഥ്യം ട്രംപ് അവഗണിക്കുന്നു. അമേരിക്കയില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ ഏകദേശം 35 ശതമാനം ഇന്ത്യയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ചെറിയ ലാഭമെടുത്താണ് ജനറിക് മരുന്നുകമ്പനികൾ പ്രവർത്തിക്കുന്നത്. ഇനിയും വില കുറക്കാൻ പറഞ്ഞാൽ കമ്പനികൾ പ്രതിസന്ധിയിലാകും.
ഇന്ത്യയുടെ സുഹൃത്തെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച ട്രംപിന് ആ സ്നേഹം നമ്മോടില്ല. ആരോടുമില്ല. ട്രംപിന് എല്ലാം ബിസിനസാണ്. പാകിസ്താന് യു.എസ് തീരുവ കുറച്ചുകൊടുത്തു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് തീരുവ പാകിസ്താനാണ് -19 ശതമാനം. കുറഞ്ഞ തീരുവ പാകിസ്താന്റെ വസ്ത്ര നിർമാണ മേഖലക്ക് ഊർജം പകരും. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയിൽ 60 ശതമാനവും വസ്ത്രങ്ങളാണ്. ഇതിൽ ഭൂരിഭാഗവും അമേരിക്കയിലേക്കാണ്.
നേരത്തെ 29 ശതമാനം പ്രഖ്യാപിച്ചതാണ് 19 ശതമാനമാക്കിയത്. അതേസമയം, ഇന്ത്യക്ക് തീരുവ 25 ശതമാനമാണ്. കയറ്റുമതിയിൽ ഇന്ത്യ മത്സരിക്കുന്ന വിയറ്റ്നാം, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് 20 ശതമാനമാണ് തീരുവ. തീരുവയിലെ അന്തരം ഇന്ത്യൻ വസ്ത്ര കയറ്റുമതിയെ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.