ന്യൂഡൽഹി: ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനം രാജ്യത്തിന് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് റിപ്പോർട്ട്. ചെമ്മീനിൽ തുടങ്ങി ഡയമണ്ട് വരെയുള്ള ഇന്ത്യയുടെ കയറ്റുമതിയെ തീരുമാനം ബാധിക്കുമെന്നാണ് വിലയിരുത്തൽ.
തീരുവ മൂലം ആദ്യം തിരിച്ചടിയുണ്ടാവുന്ന മേഖലകളിലൊന്ന് ചെമ്മീൻ കയറ്റുമതിയാണ്. രണ്ട് ബില്യൺ ഡോളറിന്റെ മൂല്യമുള്ള ചെമ്മീനാണ് പ്രതിവർഷം യു.എസിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ 32 ശതമാനവും യു.എസിലേക്കാണ്. ചെമ്മീൻ കയറ്റുമതിയിലുണ്ടാവുന്ന തിരിച്ചടി കേരളത്തേയും ബാധിക്കും.
4.10 ബില്യൺ ഡോളറിന്റെ പെട്രോളിയം ഉൽപന്നങ്ങൾ, 2.70 ബില്യൺ ഡോളറിന്റെ ഓർഗാനിക് കെമിക്കൽസ്, 9.80 ബില്യൺ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഡയമണ്ട്, സ്വർണം എന്നിവയുടെ കയറ്റുമതി മൂല്യം 10 ബില്യൺ ഡോളർ വരുമെന്നാണ് കണക്കാക്കുന്നത്. സ്മാർട്ട്ഫോൺ കയറ്റുമതിയും 10 ബില്യൺ ഡോളറിലേറെയാണ്.
വൻകിട മിഷ്യനറിയുടെ കയറ്റുമതി 6.70 ബില്യൺ ഡോളറാണെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകും. ഇതിന് പുറമേ തുണി, വാഹനങ്ങളും വാഹനഘടങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം ഇന്ത്യ യു.എസിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇതിന്റെയൊക്കെ കയറ്റുമതിയെ ട്രംപിന്റെ തീരുവ ബാധിക്കും. ഈ ഉൽപന്നങ്ങളിൽ പലതിനും 50 ശതമാനം മുതൽ 63 ശതമാനം വരെയാണ് ട്രംപ് തീരുവ ചുമത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലായിരിക്കും എത്രത്തോളം ആഘാതമാണ് ട്രംപിന്റെ തീരുവ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ വരുത്തിയതെന്ന് വ്യക്തമാവുക.
നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ കഴിഞ്ഞ ദിവസം ട്രംപ് ഒപ്പുവെച്ചിരുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷമാണ് അധിക തീരുവ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.