താരാചന്ദ് അഗർവാൾ

കടുത്ത ഷോൾഡർ വേദനയോട് മല്ലിട്ട് ദിവസവും 10 മണിക്കൂർ പഠിച്ച് 71ാം വയസിൽ താരാചന്ദ് സി.എ വിജയിച്ചു

71ാം വയസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ മികച്ച വിജയം​ നേടി ജയ്പൂരിലെ റിട്ട. ബാങ്ക് മാനേജർ. താരാചന്ദ് അഗർവാൾ ആ​ണ് മികച്ച നേട്ടംകൊയ്ത് ആളുകളെ​ ഞെട്ടിച്ചിരിക്കുന്നത്. കർഷക കുടുംബത്തിലാണ് താരാചന്ദ് ജനിച്ചത്. എട്ടുമക്കളിൽ നാലാമത്തെ ആളാണ്.

1974ൽ വിവാഹം കഴിഞ്ഞു. ദർശന എന്നായിരുന്നു ഭാര്യയുടെ പേര്.1976ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീറിൽ(ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ക്ലാർക്കായി ജോലി തുടങ്ങിയത്. 38 വർഷത്തെ സേവനത്തിന് ശേഷം 2014ൽ അസിസ്റ്റന്റ് ജനറൽ മാനേജറായി സർവീസിൽ നിന്ന് വിരമിച്ചു. 2020ൽ ഭാര്യ മരിച്ച​തോടെയാണ് ഏകാന്തതയുടെ മടുപ്പകറ്റാൻ താരാചന്ദ് പുസ്തകങ്ങളുടെ ലോകത്തേക്ക് മടങ്ങാൻ തീരുമാനിച്ചത്. ''കുട്ടികളും പേരക്കുട്ടികളുമടക്കം എന്റെ ചുറ്റിലുമുണ്ടായിരുന്നു. എന്നാൽ ഒന്നിലും ശ്രദ്ധിക്കാൻ തോന്നിയില്ല''-താരാചന്ദ് പറയുന്നു.

അങ്ങനെയാണ് മക്കളുടെ നിർബന്ധപ്രകാരം വീണ്ടും പുസ്തകങ്ങളുടെ ലോകത്തേക്ക് മടങ്ങിയത്. ഭഗവദ്ഗീത വായിച്ചായിരുന്നു തുടക്കം. പിഎച്ച്.ഡി ചെയ്താലോ എന്ന് മക്കളോട് ചോദിച്ചപ്പോൾ അവരാണ് കൂടുതൽ വെല്ലുവിളിയുള്ള മറ്റ് എന്തെങ്കിലും പഠിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. സി.എക്ക് ചേരണമെന്നും പഠിക്കാൻ വളരെ വിഷമം പിടിച്ചതാണെന്നും എന്നാൽ ആ കോഴ്സ് വിജയിച്ചാൽ ഒരുപാട് അംഗീകാരങ്ങൾ ഉണ്ടാകുമെന്നും കൂടി അവർ പറഞ്ഞുകൊടുത്തു. പേരക്കുട്ടികളും എല്ലാ പിന്തുണയും നൽകാമെന്ന് പറഞ്ഞ് ഒപ്പം കൂടി.

അങ്ങനെ എല്ലാവരുടെയും പ്രോത്സാഹനത്തോടെ 2021 ജൂലൈ യിൽ താരാചന്ദ് സി.എക്ക് രജിസ്റ്റർ ചെയ്തു. 2022 മേയിൽ ഫൗണ്ടേഷൻ കോഴ്സ് വിജയിച്ചു. 2023 ജനുവരിയിൽ ഇന്റർമീഡിയറ്റ് പരീക്ഷയും പാസായി. 2024 മേയിലെ ഫൈനൽ പരീക്ഷയിൽ പരാജയപ്പെട്ടു. എന്നാൽ ഈവർഷത്തെ രണ്ടാംവട്ട ശ്രമത്തിൽ വിജയിച്ചു.

2025 ജൂലൈ ആറിനാണ് ഐ.സി.എ.ഐ സി.എ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്.

ദിവസവും 10 മണിക്കൂർ വരെ പഠനത്തിനായി മാറ്റിവെക്കുമായിരുന്നു താരാചന്ദ്. കടുത്ത ഷോൾഡർ വേദനയുമായി മല്ലിട്ടായിരുന്നു പഠനം. മണിക്കൂറുകളോളം എഴുതിത്തന്നെ പരിശീലിച്ചു.

ടെക്സ്റ്റ് ബുക്കുകൾക്ക് പുറമേ യൂട്യൂബ് വിഡിയോകൾകണ്ട് നോട്ടുകൾ തയാറാക്കി. വീട്ടിൽ ഒറ്റക്കാകുന്നതിന്റെ മടുപ്പൊഴിവാക്കാൻ ചിലപ്പോൾ ഇളയ മകന്റെ കൂടെ കൂടി.

താരാചന്ദിന്റെ മൂത്ത മകൻ ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. മക്കളാണ് എല്ലാറ്റിനും കൂടെ നിന്നതെന്ന് താരാചന്ദ് നന്ദിപൂർവം ഓർക്കുന്നു. അച്ഛന് അവർ പുതിയ ലാപ്ടോപ്പ് വാങ്ങിക്കൊടുത്തു. സി.എ രജിസ്ട്രേഷൻ നടത്തി. അതോടൊപ്പം എന്തു ജോലി ചെയ്താലും അതിൽ ഉറച്ചു നിൽക്കണമെന്ന ഭഗവദ്ഗീതയിലെ ആപ്ത വാക്യത്തോടും കടപ്പാടുണ്ടെന്ന് താരാചന്ദ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Bank retiree cracks CA exam at 71 in Rajasthan's Jaipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.