ശനിയാഴ്ചയാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി നീറ്റ് യു.ജി 2025 പരീക്ഷാഫലം പുറത്തുവിട്ടത്. 22,09,318 വിദ്യാർഥികളാണ് ഇക്കുറി നീറ്റ് പരീക്ഷ എഴുതിയത്. അതിൽ 12,36,531 പേർ യോഗ്യത നേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ട്. 2024ൽ 24 ലക്ഷം പേരാണ് നീറ്റ് യു.ജി എഴുതിയത്.
രാജസ്ഥാനിൽ നിന്നുള്ള രമേഷ് കുമാർ ആണ് നീറ്റ് യു.ജി 2025ൽ രാജ്യത്ത് ഒന്നാമനായത്. ഇക്കുറി പരീക്ഷ നല്ല വിഷമം പിടിച്ചതായിരുന്നു എന്നാണ് നീറ്റിൽ ഉന്നത വിജയം നേടിയവരടക്കം പറയുന്നത്. ഫിസിക്സ് ആയിരുന്നു തനിക്ക് ഏറ്റവും കടുകട്ടിയെന്നാണ് അഖിലേന്ത്യാതലത്തിൽ മൂന്നാംറാങ്ക് നേടിയ കൃഷാംഗ് ജോഷി പറയുന്നത്. പുനെയിലെ മഹാവീർ സ്കൂളിലായിരുന്നു കൃഷാംഗിന്റെ പഠനം. ഈ വർഷത്തെ നീറ്റ് പരീക്ഷ കോവിഡിന് മുമ്പുള്ള രീതിയിലേക്ക് മാറിയിരുന്നു. ഓപ്ഷണൽ ചോദ്യങ്ങൾ ഒഴിവാക്കുകയും പരീക്ഷാ ദൈർഘ്യം 20 മിനിറ്റ് കുറക്കുകയും ചെയ്തു.
സാധാരണ ചോദിക്കുന്ന ചോദ്യങ്ങളായിരുന്നില്ല ഫിസിക്സിനുണ്ടായിരുന്നത്. അതിനാൽ ഒരുപാട് സമയമെടുത്തു ഉത്തരമെഴുതാൻ. മാനസികമായി തയാറെടുത്തില്ലെങ്കിൽ ഫിസിക്സ് പേപ്പർ ഒരുപാട് സമയം കളയുമെന്നും കൃഷാംഗ് പറയുന്നു.
ഫിസിക്സ് ആണ് കൃഷാംഗിന് ഏറ്റവും ഇഷ്ടമുള്ള വിഷയം. കാരണം അത് മനഃപാഠമാക്കേണ്ട ആവശ്യം വരുന്നില്ല. മനസിലാക്കി പഠിക്കുകയാണ് പ്രധാനം. അങ്ങനെ വന്നാൽ പിന്നീട് ഒരിക്കലും മറക്കില്ല. ചോദ്യപേപ്പർ ചെയ്ത് പരിശീലിക്കുകയാണ് പ്രധാനം-കൃഷാംഗ് ജോഷി പറയുന്നു. ഫിസിക്സിന്റെ കാര്യത്തിൽ മനഃപാഠമാക്കുന്നതിനേക്കാൾ പ്രധാനമാണ് ആശയവ്യക്തത.
10ാം ക്ലാസ് മുതൽ കൃഷാംഗ് നീറ്റ് യു.ജി മനസിൽ കണ്ട് പഠിക്കുന്നുണ്ട്. അതിനായി സ്വകാര്യ പരിശീലനകേന്ദ്രത്തിലും ചേർന്നു. റിവിഷനും മുൻകാല ചോദ്യപേപ്പർ വിശകലനവും പ്രധാനമാണ്. 10ൽ പഠിക്കുമ്പോൾ നീറ്റ് യു.ജി പരീക്ഷയുടെ മുൻ വർഷത്തെ ചോദ്യപേപ്പറുകൾ എഴുതി നോക്കുകയായിരുന്നു കൃഷാംഗിന്റെ ഹോബി. ഇത്തവണ സി.ബി.എസ്.ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷയിൽ കൃഷാംഗ് 94.8 ശതമാനമായിരുന്നു സ്കോർ.
ചില പാഠഭാഗങ്ങളൊന്നും കൃഷാംഗിന് താൽപര്യമുള്ളതായിരുന്നില്ല. ഇഷ്ടമില്ലാത്ത പാഠഭാഗങ്ങൾ പഠിക്കുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്നും ഈ മിടുക്കൻ പറയുന്നു. പ്രത്യേകിച്ച് പരീക്ഷ അടുത്ത സമയത്ത്. മോക് ടെസ്റ്റുകളിലാണ് ആ സമയത്ത് കൂടുതൽ ശ്രദ്ധിച്ചത്. ഫലം വന്നപ്പോൾ ആ ഭാഗത്ത്നിന്നുള്ള ചോദ്യങ്ങൾക്കും നല്ല മാർക്ക് സ്കോർ ചെയ്യാനായി. പഠനത്തിന്റെ ഇടവേളകളിൽ പാചകവും ഗിറ്റാർ വായനയുമാണ് കൃഷാംഗിന്റെ ഹോബി.
11ാം ക്ലാസിൽ നീറ്റിന് തയാറെടുക്കുന്നവർ ആദ്യ അധ്യായങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കരുതെന്നാണ് കൃഷാംഗിന് പറയാനുള്ളത്. എളുപ്പമുള്ള അധ്യായങ്ങൾക്കല്ല കൂടുതൽ സമയം നൽകേണ്ടത്. സന്തുലിതാവസ്ഥ നിലനിർത്തണം. എളുപ്പമുള്ളതും വിഷമമുള്ളതും ഇടകലർത്തി പഠിക്കണം. സിലബസ് മുഴുവൻ ഉൾക്കൊള്ളുന്നുവെന്നതും ഉറപ്പാക്കണം. അതുപോലെ പാഠഭാഗങ്ങൾ മനഃപാഠമാക്കി പഠിക്കുന്ന ശീലം ഉപേക്ഷിക്കണം. ആശയങ്ങൾ മനസിലാക്കുകയാണ് പ്രധാനം. പരീക്ഷാസമയത്ത് അതാണ് സഹായകമാവുയെന്നും കൃഷാംഗ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.