എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ അഞ്ജലി മാതാപിതാക്കൾക്കൊപ്പം
ചെറുവത്തൂർ: വീടുവീടാന്തരം കയറി ആക്രി പെറുക്കിക്കൊണ്ട് ജീവിതം തുന്നിക്കൂട്ടിയ അച്ഛനും അമ്മക്കും ഇത് അഭിമാന നിമിഷം. മകൾ അഞ്ജലി കഴുത്തിൽ സ്റ്റെതസ്കോപ്പണിഞ്ഞ് ഡോക്ടറായി. പിലിക്കോട് മടിവയലിലെ മുത്തു-മുത്തുമാരി ദമ്പതികളുടെ രണ്ടാമത്തെ മകൾ അഞ്ജലിയാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ആതുരസേവന രംഗത്തേക്ക് ഇറങ്ങിയത്.
ചെന്നൈ എം.ജി.ആർ യൂനിവേഴ്സിറ്റിയുടെ കോയമ്പത്തൂർ കാമ്പസിൽ നിന്നുമാണ് അഞ്ജലി എം.ബി.ബി.എസ് ബിരുദം നേടിയത്. ഇതോടെ മടിവയൽ പ്രദേശത്തെ ആദ്യ ഡോക്ടറെന്ന പദവിയും അഞ്ജലിക്ക് സ്വന്തമായി. ജീവിത പ്രാരബ്ധങ്ങൾ കൊണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ തമിഴ് നാട്ടിൽനിന്ന് എത്തി ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപം മടിവയലിൽ താമസമാക്കിയ ദമ്പതികളാണ് മുത്തുവും മുത്തുമാരിയും.
ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തി ജീവിതത്തോട് പോരാടിയപ്പോഴും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ഈ രക്ഷിതാക്കൾ ശ്രമിച്ചു. പൊതു വിദ്യാലയത്തിൽ പഠിപ്പിച്ചാണ് തങ്ങളുടെ മൂന്ന് മക്കളെയും ഉന്നത നിലയിലേക്ക് എത്തിച്ചത്.
മക്കൾക്കായി ജീവിച്ച രക്ഷിതാക്കളുടെ സ്വപ്നമാണ് അഞ്ജലി സഫലമാക്കിയത്. നാട്ടിലെ പാവപ്പെട്ട രോഗികൾക്ക് സ്നേനേഹം പകരാൻ മകൾ ഉണ്ടാവുമെന്ന് മുത്തു പറഞ്ഞു. മൂത്തമകൾ രേവതി പോസ്റ്റ്ൽ ഡിപ്പാർട്മെന്റിൽ ജോലി ചെയ്ത് വരികയാണ്. ഇളയ മകൾ സൂര്യ കുമാർ ഡിപ്ലോമ പഠനം പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.