2025ലെ നീറ്റ് യു.ജി പരീക്ഷാഫലം പുറത്തുവന്നപ്പോൾ, കേശവ് മിത്തൽ ആയിരുന്നു എങ്ങും. മൂന്നു കോച്ചിങ് സെന്ററുകളിലെ പോസ്റ്ററുകളിലാണ് കേശവ് മിത്തൽ നിറഞ്ഞുനിന്നത്. സത്യത്തിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമാണ് കേശവ് മിത്തൽ റെഗുലറായി പഠിച്ചത്. മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മോക് ടെസ്റ്റുകൾ വിടാതെ എഴുതും. ഫലം വന്നപ്പോൾ കേശവ് തങ്ങളുടെ മാത്രം വിദ്യാർഥിയാണെന്ന് പറയാൻ ഓരോ ഇൻസ്റ്റിറ്റ്യൂട്ടും മത്സരിച്ചു. 22ലക്ഷത്തിലേറെ വിദ്യാർഥികൾ എഴുതുന്ന നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടാൻ ഒരു കോച്ചിങ് സെന്ററിൽ പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്ന് പലർക്കും അറിയാവുന്നതുമാണ്. അതിനാൽ കേശവ് മിത്തൽ തെരഞ്ഞെടുത്ത വഴിയിൽ അത്ഭുതപ്പെടാനൊന്നുമില്ല.
കേശവിന്റെ നീറ്റ് തയാറെടുപ്പ് ക്ലാസ്മുറികളിൽ മാത്രം ഒതുങ്ങിനിന്നില്ല. വളരെ ചിട്ടയാർന്നതും സ്ഥിരതയുള്ളതും ആത്മസമർപ്പണമുള്ളതുമായ ഒരു യാത്രയായിരുന്നു അത്.
മരുന്നുകളെ കുറിച്ച് വീട്ടിൽ അമ്മ ചർച്ച ചെയ്യുന്നതു കേട്ടാണ് കേശവിന് ഡോക്ടർ എന്ന പ്രഫഷനിൽ താൽപര്യം തോന്നിത്തുടങ്ങിയത്. നാഷനൽ സയൻസ് ഒളിമ്പ്യാഡുകളിലും കേശവ് സജീവമായിരുന്നു.
ശാസ്ത്ര വിഷയങ്ങളോട് കുട്ടിക്കാലം മുതലുള്ള ഇഷ്ടമാണ്. 10ാം ക്ലാസിൽ സയൻസ് വിഷയങ്ങളിൽ നല്ല മാർക്ക് സ്കോർ ചെയ്തു.
ശ്രദ്ധ കവരുന്ന എല്ലാറ്റിൽ നിന്നും മാറിനിൽക്കുക എന്നതായിരുന്നു നീറ്റിന് തയാറെടുപ്പ് തുടങ്ങിയപ്പോൾ മുതൽ കേശവ് എടുത്ത ആദ്യ തീരുമാനം. എല്ലാ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകി. അതുപോലെ സമൂഹ മാധ്യമങ്ങളിൽ നിന്ന് വഴിമാറിനടന്നു. സിനിമ കണ്ടില്ല. ക്രിക്കറ്റും ഒഴിവാക്കി. കുടുംബത്തിൽ നടക്കുന്ന വിവാഹം പോലുള്ള പരിപാടികളും ഒഴിവാക്കി.
കഠിനമായ ഒരു ദിനചര്യയായിരുന്നു കേശവ് പിന്തുടർന്നിരുന്നത്. തന്റെ പ്രായത്തിലുള്ള കുട്ടികൾ ഇൻസ്റ്റഗ്രാമിൽ സജീവമായപ്പോൾ കേശവ് അത് ഫോണിൽ നിന്ന് ഒഴിവാക്കി.
കിട്ടുന്ന സമയം മുഴുവൻ മോക് ടെസ്റ്റുകൾ പരിശീലിച്ചു. വാരാന്ത്യ പരീക്ഷകളിൽ സ്കോർ കുറയുമ്പോൾ നിരാശപ്പെട്ടില്ല. തെറ്റുകൾ തിരുത്തി പഠിച്ച് മുന്നോട്ടുപോയി. കൃത്യമായ പരിശീലനം കേശവിനെ രാജ്യത്തെ ഏറ്റവും വിഷമം പിടിച്ച പരീക്ഷകളിലൊന്നിൽ മികച്ച വിജയം നേടാൻ പര്യാപ്തനാക്കി.
ഡൽഹി എയിംസിൽ എം.ബി.ബി.എസിന് ചേരാനാണ് കേശവിന് താൽപര്യം. കൃത്യമായി പരിശീലിച്ചാൽ എല്ലാവർക്കും നീറ്റിൽ മികച്ച സ്കോർ നേടാമെന്ന് തന്നെയാണ് ഈ മിടുക്കന്റെ ഉപദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.