ഡോക്ടറാവുക എന്നതായിരുന്നു കുട്ടിക്കാലം മുതലേ അവിക അഗർവാളിന്റെ സ്വപ്നം. അവികയുടെ മാതാപിതാക്കളും ഡോക്ടറായിരുന്നു. കുറച്ചു മുതിർന്നപ്പോൾ അവർ സ്വന്തം മാതാപിതാക്കളെ കാണാൻ വരുന്നവരെ അവിക ശ്രദ്ധിക്കാൻ തുടങ്ങി. സങ്കടത്തോടെ വരുന്നവർ സന്തോഷത്തോടെ മടങ്ങിപ്പോകുന്നത് അവിക കണ്ടു. അതോടെ ഡോക്ടർ സമൂഹത്തിന്റെ ഭാഗമാകാൻ ഉറപ്പിച്ചു.
ശനിയാഴ്ച നീറ്റ് യു.ജി ഫലം വന്നപ്പോൾ അഞ്ചാംറാങ്കുണ്ട് ഈ 17കാരിക്ക്. 22 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിലാണ് ഈ നേട്ടം. നിരന്തര പരിശ്രമത്തിന്റെയും പ്രാർഥനയുടെയും ആകെ തുകയാണ് ആ വിജയമെന്നും അവിക പറയുന്നു.
ഫരീദാബാദിൽ ജനിച്ച അവിക പത്താംക്ലാസ് വരെ ഡൽഹിയിലാണ് പഠിച്ചത്. ഗ്രഹാം കൊളംബസ് ഇന്റർനാഷനൽ സ്കൂളിലായിരുന്നു പഠനം. പിന്നീട് സംഗം വിഹാറിലെ സാവിത്രി പബ്ലിക് സ്കൂളിലേക്ക് മാറി. അവികക്ക് അഞ്ചാംക്ലാസിൽ പഠിക്കുന്ന സഹോദരനുണ്ട്.
മെഡിക്കൽ പ്രഫസർമാരായിരുന്നു അവികയുടെ അച്ഛനും അമ്മയും. രോഗികളെ ശുശ്രൂഷിക്കുന്നതും കോളജ് വിദ്യാർഥികളെ പഠിപ്പിക്കുന്നതും മാതാപിതാക്കൾ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നത് എങ്ങനെയാണെന്നും അവിക ശ്രദ്ധിച്ചു. ഇങ്ങനെ ആളുകളുടെ കണ്ണീരൊപ്പുകയും വേദന കുറക്കുകയും പ്രത്യാശ വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു തൊഴിലിന്റെ ഭാഗമായാലുണ്ടാകുന്ന മാറ്റങ്ങളെ അവിക അടുത്തറിഞ്ഞു.
വലിയ എളുപ്പമല്ല അതിലേക്കുള്ള വഴികളെന്നും ആ പെൺകുട്ടി തിരിച്ചറിഞ്ഞു. നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്നതിനിടെ, തളർന്നുപോയ പല അവസരങ്ങളുമുണ്ട്. അപ്പോഴൊക്കെ ടേബിൾ ടെന്നീസ് കളിച്ചും നൃത്തം ചെയ്തും മനസ് സ്വസ്ഥമാക്കി.
രണ്ടുവർഷമാണ് നീറ്റ് പരിശീലനത്തിനായി അവിക മാറ്റിവെച്ചത്. ഈ രണ്ടുവർഷവും ഒരു മിനിറ്റ് പോലും വെറുതെ കളഞ്ഞില്ല. ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പരിശീലിച്ചു.
എല്ലാം ഒറ്റ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ചു. സ്ട്രാറ്റജികൾ മേജർ, മൈനർ എന്നിങ്ങനെ രണ്ടായി തിരിച്ചു. നീറ്റ് ആയിരുന്നു മേജർ, ദിവസവും വീട്ടിൽ പോവുക എന്നത് മൈനറും.
പരീക്ഷക്ക് തൊട്ടുമുമ്പുള്ള ഒരുമാസം വളരെ നിർണായകമായിരുന്നു. രണ്ടുവർഷം കൊണ്ട് പഠിച്ചതെല്ലാം ആ നാളുകളിൽ വീണ്ടും റിവൈസ് ചെയ്തു. പ്രയാസമുള്ളവ ഓർത്തുവെക്കാൻ ചെറിയ കുറിപ്പുകളുണ്ടാക്കിവെച്ചു. ഏറ്റവും പ്രയാസമുള്ളതും ഏറ്റവും എളുപ്പമുള്ളതുമായ ഭാഗങ്ങൾ കൃത്യമായി മനസിലാക്കി വെച്ചു.സംശയം വരുന്ന ഭാഗങ്ങൾ അധ്യാപകരുമായി നിരന്തരം ചർച്ച ചെയ്തു.
ലക്ഷ്യത്തിലേക്കുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും അവിക പറയുന്നു. ഒരുപാട് ഉയർച്ച താഴ്ചകൾ നേരിട്ടു. ചില പരീക്ഷകളിൽ മാർക്ക് നന്നായി കുറഞ്ഞുപോകും. അപ്പോൾ മനസു മടുക്കും. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണകൊണ്ട് അതെല്ലാം മറികടക്കാൻ സാധിച്ചതുമൂലമാണ് ഇപ്പോൾ നീറ്റ് പരീക്ഷയിലെ ആദ്യ റാങ്കുകാരിലൊരാളാകാൻ സാധിച്ചതെന്നും അവിക പറയുന്നു.
ആത്മവിശ്വാസമാണ് നീറ്റിനെ നേരിടാൻ വേണ്ടതെന്നും ഈ മിടുക്കി പറയുന്നു. 'എപ്പോഴും നിങ്ങളുടെ കഴിവുകളെ വിശ്വസിക്കുക. നിങ്ങളെ തളർത്താൻ ഒരുപാട് കാര്യങ്ങളുണ്ടാകും. ചിലപ്പോൾ ഇതല്ല, ശരിയായ വഴി എന്നും തോന്നും. എന്നാൽ നിങ്ങൾക്കു ചുറ്റുമുള്ള, നിങ്ങളെ നിരന്തരം പിന്തുണക്കുന്ന വ്യക്തികളിൽ വിശ്വാസമർപ്പിച്ചാൽ ഈ യാത്ര എളുപ്പമുള്ളതാക്കി മാറ്റാൻ സാധിക്കും.-അവിക പറഞ്ഞു നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.