ഐ.ഐ.ടികളിൽ പ്രവേശനം കിട്ടിയാൽ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ഉറപ്പായി എന്നാണ് പലരുടെയും ധാരണ. ഒരർഥത്തിൽ അത് ശരിയാണ്. ചിലർക്ക് വലിയ ശമ്പള പാക്കേജിൽ ജോലി കിട്ടും. എന്നാൽ ജോലി കിട്ടാത്തവർക്ക് ഒരിക്കലും വെറുതെയിരിക്കേണ്ടി വരില്ല. മികച്ച സ്ഥാപനങ്ങളിൽ പഠിച്ചതിന്റെ ഗുണം അവർക്ക് ജീവിതത്തിൽ മുഴുവൻ വഴികാട്ടും. അങ്ങനെയൊരാളുടെ വിജയകഥയാണ് പറയാൻ പോകുന്നത്. തെലങ്കാന സ്വദേശിയായ പവൻ ഗുണ്ടുപ്പള്ളിയെ കുറിച്ച്. ഒരു സംരംഭകന്റെ നിശ്ചയദാർഢ്യം, സ്ഥിരത, ഊർജം എന്നിവക്ക് ഉത്തമ ഉദാഹരണമാണ് ഇദ്ദേഹം.
ബൈക്ക്, ടാക്സി സർവീസ് കമ്പനിയായ റാപ്പിഡോയുടെ സഹസ്ഥാപകനാണ് പവൻ ഗുണ്ടുപ്പള്ളി. 75 നിക്ഷേപകർ നിരസിച്ച ഒരു ബിസിനസ് സംരംഭത്തെ വിജയത്തിലെത്തിച്ച സംരംഭകനാണ് ഇദ്ദേഹം. 6700 കോടി രൂപയാണ് ഇപ്പോൾ റാപ്പിഡോയുടെ മൂല്യം. ഖൊരക് പൂർ ഐ.ഐ.ടിയിലായിരുന്നു പവൻ പഠിച്ചത്.
പഠനം കഴിഞ്ഞ് കുറച്ചുകാലം സാംസങ് കമ്പനിയിൽ ജോലി ചെയ്തു. ആരോ ഉണ്ടാക്കിയ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നതിന് പകരം, സ്വന്തമായി ഒന്ന് കെട്ടിപ്പടുക്കാനായിരുന്നു പവന് താൽപര്യം. അങ്ങനെ സുഹൃത്തായ അരവിന്ദ് ശങ്കറുമായി ചേർന്ന് ബിസിനസ് സംരംഭം തുടങ്ങി.
ചെറുപ്പംതൊട്ടേ വ്യവസായത്തിലും കംപ്യൂട്ടർ പ്രോഗ്രാമിങ്ങിലുമായിരുന്നു പവന് താൽപര്യം. ഈ രണ്ട് മേഖലകളിലൂടെ തന്നെയാണ് പവൻ തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയതും. 2014ലാണ് റാപിഡോ ആരംഭിച്ചത്. തുടക്കത്തിൽ 75നിക്ഷേപകരാണ് പവനെ കൈയൊഴിഞ്ഞത്. ഉബർ, ഓല തുടങ്ങിയ വൻകിട കമ്പനികളുടെ കുത്തകയായ ഒരു മാർക്കറ്റിലേക്ക് കടന്നുവരിക എളുപ്പമല്ലെന്നാണ് ഇവർ കരുതിയത്. തിരസ്കാരം നേരിട്ടെങ്കിലും നിരാശപ്പെടാതെ തന്റെ സ്വപ്നത്തിന് പിന്നാലെ പോവാനായിരുന്നു പവൻ തീരുമാനിച്ചുറപ്പിച്ചത്.
ഒരു കിലോമീറ്ററിന് 15 രൂപ നിരക്കും, പിന്നീടുള്ള കിലോമീറ്ററുകൾക്ക് മൂന്ന് രൂപയിലും സർവീസ് ആരംഭിച്ചെങ്കിലും റാപിഡോ തുടക്കത്തിൽ പ്രതീക്ഷിച്ച വളർച്ച നേടിയില്ല. എന്നാൽ നിശ്ചയദാർഢ്യം ഒടുവിൽ അതിന്റെ ഫലം നൽകുക തന്നെ ചെയ്തു. ഹീറോ മോട്ടോകോർപ്പിന്റെ ചെയർമാനും എം.ഡിയുമായ പവൻ മുൻജാൽ 2016 വർഷത്തിൽ കമ്പനിയുടെ ആദ്യ നിക്ഷേപകനായി എത്തി. ഇത് വഴിത്തിരിവായി മാറി. കൂടുതൽ നിക്ഷേപകർ ഫണ്ടുമായി എത്താൻ പവൻ മുൻജാലിന്റെ കടന്നു വരവ് കാരണമായി. പിന്നീട് റാപ്പിഡോ വളർച്ചയിലേക്ക് കുതിച്ചു.
ഇന്ത്യയിലെ 100ൽ അധികം നഗരങ്ങളിലേക്ക് റാപിഡോ സാന്നിധ്യം അറിയിച്ചു. നിലവിൽ കമ്പനിക്ക് ഏഴ് ലക്ഷം ഉപയോക്താക്കളുമുണ്ട്. നിലവിൽ റാപിഡോയുടെ വിപണി മൂല്യം 825 ഡോളർ അഥവാ 6700 കോടി രൂപയിലും അധികമാണെന്നാണ് റിപ്പോർട്ടുകൾ. ഇതു വരെ 50 മില്യൺ ഉപയോക്താക്കൾ റാപിഡോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.