വിദേശരാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയും സ്വപ്നം കാണുന്നവരാണ് ഇന്ത്യൻ യുവാക്കളിൽ ഒരുവിഭാഗം. ജീവിതം സെറ്റിൽ ചെയ്യാൻ ഏറ്റവും നല്ലത് കാനഡ, യു.എസ്, ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം. അതിനിടയിലാണ് വിദേശരാജ്യത്തെ മികച്ച ശമ്പളമുള്ള ജോലിയും വീടും എല്ലാം ഉപേക്ഷിച്ച് 25 വയസുള്ള ഇന്ത്യൻ വംശജനായ ടെക്കി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുവാവിന്റെ തീരുമാനത്തോട് പലതരത്തിലാണ് ആളുകൾ പ്രതികരിച്ചത്.
എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തി റെഡ്ഡിറ്റിൽ യുവാവ് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ജനിച്ച നാടിനോടുള്ള അടങ്ങാത്ത പ്രണയമാണ് പാശ്ചാത്യ സംസ്കാരവും ജീവിതരീതിയും എല്ലാം ഉപേക്ഷിച്ച് മടങ്ങാൻ തന്നെ പ്രേരിപ്പിക്കുന്നത് എന്നാണ് യുവാവ് പറയുന്നത്. കാനഡയിൽ നിന്ന് ഇഷ്ടം പോലെ പണം സമ്പാദിക്കാമെങ്കിലും ജീവിതത്തിൽ അതു മാത്രം പോരല്ലോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. അവിടത്തെ ജീവിതം ഒരിക്കലും സന്തോഷം തന്നിരുന്നില്ല. ജീവിതത്തിന്റെ ഇഴയടുപ്പം നഷ്ടപ്പെട്ടുപോകുമെന്ന് തോന്നിയപ്പോഴാണ് നാട്ടിലേക്ക് വിമാനം കയറാൻ തീരുമാനിച്ചത്. മാത്രമല്ല, തന്റെ വേരുകളെല്ലാം ഇന്ത്യയിലാണ്. എല്ലാമുണ്ടായിട്ടും സന്തോഷമില്ലെങ്കിൽ ജീവിതത്തിന്റെ ആത്മാവ് തന്നെ ഇല്ലാതായിപ്പോകുമല്ലോ എന്നും യുവാവ് കുറിക്കുന്നു.
വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷം 2021ലാണ് അദ്ദേഹം ഇന്ത്യയിലേക്ക് ആദ്യമായി വരുന്നത്. ആ മടക്കം ഗൃഹാതുരമായ ഓർമയായി മനസിൽ എന്നും സൂക്ഷിക്കുന്നുമുണ്ട്. കുട്ടിക്കാലത്തെ ഒരുപാട് ഓർമകൾ ഒന്നിച്ച് മനസിലേക്ക് ഇരമ്പിയെത്തി.
''കാനഡയിലെ ജീവിതത്തിൽ ഒട്ടും സന്തോഷം തോന്നിയിരുന്നില്ല. ഞങ്ങൾക്കവിടെ വീടുണ്ടായിരുന്നു. വലിയ ടെക് കമ്പനിയിൽ ജോലിയുണ്ടായിരുന്നു. എന്നിട്ടും എന്തോ ഒരു അപൂർണത തോന്നി. 10 വർഷം ഇന്ത്യയിലേക്ക് വന്നിട്ടേ ഉണ്ടായിരുന്നില്ല. 2021നു ശേഷം 10 തവണ ഇവിടെയെത്തി. നഷ്ടമായി എന്ന് തോന്നിയതെല്ലാം തിരികെ കിട്ടിയതുപോലെ ആയിരുന്നു. കുട്ടിക്കാലത്തെ ഓർമകളെല്ലാം മനസിലേക്ക് ഓടിയെത്തി. എന്റെ സഹോദരിയടക്കം കുടുംബത്തിലെ ഭൂരിഭാഗം ആളുകളും ഇന്ത്യയിൽ തന്നെയാണ് താമസിക്കുന്നത്.''-ഇങ്ങനെ തുടരുന്നു കുറിപ്പ്.
യുവാവിന്റെ തീരുമാനത്തിന് കുടുംബത്തിൽ ചിലരുടെ പിന്തുണയൊന്നുമില്ല. മാതാപിതാക്കൾക്ക് വലിയ താൽപര്യമില്ലാതിരുന്നിട്ടും ഇന്ത്യയിൽ വീട് വാങ്ങണമെന്നാണ് യുവാവിന്റെ ആഗ്രഹം. ഇന്ത്യയിലെ അവസ്ഥയെ കുറിച്ച് നന്നായി മനസിലാക്കിയിട്ടുണ്ട്. എന്നാൽ ഒട്ടും സന്തോഷം നൽകാത്ത പാശ്ചാത്യ ജീവിത രീതി പിന്തുടരുന്നതിൽ എന്താണർഥമുള്ളതെന്നും കുറിപ്പിൽ യുവാവ് ചോദിക്കുന്നുണ്ട്. നാട്ടിൽ ചെറിയ ഒരു ബിസിനസ് തുടങ്ങി ശിഷ്ട കാലം ഇവിടെ തന്നെ താമസിക്കണമെന്നാണ് ആഗ്രഹം. അതോടൊപ്പം അവിവാഹിതനായി തുടരാനും തീരുമാനമെടുത്തിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തിലുണ്ടായ ചില നാടകീയ സംഭവങ്ങളാണ് ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും യുവാവ് തുറന്നു പറയുന്നു.''പാശചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് ഒരുപാട് ന്യൂനതകളുണ്ട്. എനിക്കറിയാമത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ഒരിക്കലും സന്തോഷകരമായ ഭാവിയുണ്ടാകില്ല. ഇനി മരണം വരെ ഇന്ത്യയിൽ തന്നെ ജീവിക്കണം. ചെറിയ ഒരു ബിസിനസ് തുടങ്ങണം. ജീവിതം കരുപ്പിടിപ്പിക്കണം.''-കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്.
യുവാവിന്റെ തീരുമാനത്തെ പിന്തുണച്ച് ഒരുപാട് പേർ മുന്നോട്ടു വന്നിട്ടുണ്ട്. കുറച്ചു കൂടി ചിന്തിച്ച് തീരുമാനമെടുക്കാമായിരുന്നു എന്നാണ് കുറച്ചു പേരുടെ അഭിപ്രായം. ഉടനെയില്ലെങ്കിലും കാനഡയിലേക്ക് തന്നെ മടങ്ങാനാണ് സാധ്യതയുള്ളതെന്നും മറ്റ് ചിലർ പ്രതികരിച്ചു. നിങ്ങൾക്ക് എന്താണോ സന്തോഷം നൽകുന്നത്, അത് തുടരുക. മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുത്ത് ആശയക്കുഴപ്പത്തിലാകരുത് എന്നാണ് ഒരു വിഭാഗത്തിന്റെ ഉപദേശം.
'നിങ്ങളുടെ ഹൃദയം പറയുന്നത് പോലെ ചെയ്യൂ. എന്താണോ സന്തോഷം നൽകുന്നത് അതു തുടരൂ. നിങ്ങൾ ചെറുപ്പമാണ്. റിസ്ക് എടുക്കാൻ കഴിയും'-എന്നാണ് മറ്റൊരാൾ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.