സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക്ലിസ്റ്റിലുള്ളവർക്ക് 2025-26 അധ്യയന വർഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് ആഗസ്റ്റ് നാല് രാത്രി 11.59 മണി വരെ www.cee.kerala.gov.inൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. നീറ്റ്-യു.ജി 2025 മാനദണ്ഡപ്രകാരം മെഡിക്കൽ/ഡെന്റൽ ബിരുദ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുള്ളവരാകണം.
ഒന്നാംഘട്ട അലോട്ട്മെന്റിൽ ഉൾപ്പെടുന്ന സർക്കാർ/ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകൾ, അലോട്ട്മെന്റ് ഷെഡ്യൂളുകൾ, പ്രവേശന നടപടികൾ, ഫീസ് ഘടന അടക്കമുള്ള ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
ഈ ഘട്ടത്തിൽ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകൾ ഓപ്ഷനിൽ ഉൾപ്പെടുത്തേണ്ടതാണ്. ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് 5,000 രൂപയാണ്. ഓൺലൈനായോ ഹെഡ്പോസ്റ്റോഫിസ് വഴിയോ പ്രവേശന കമീഷണർക്കാണ് ഫീസ് അടക്കേണ്ടത്. എസ്.സി/എസ്.ടി/ഒ.ഇ.സി അടക്കം ഫീസ് ആനുകൂല്യത്തിന് അർഹതയുള്ളവരും ശ്രീചിത്ര ഹോം, ജുവൈനൽഹോം, നിർഭയ ഹോം വിദ്യാർഥികളും രജിസ്ട്രേഷൻ ഫീയായി 500 രൂപ നൽകിയാൽ മതി.
അലോട്ട്മെന്റ്: ആഗസ്റ്റ് നാലുവരെ ലഭ്യമാകുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി അഞ്ചിന് താൽക്കാലിക അലോട്ട്മെന്റ് പട്ടികയും ആറിന് അന്തിമ പട്ടികയും പ്രസിദ്ധപ്പെടുത്തും. ആഗസ്റ്റ് ഏഴു മുതൽ 12 വൈകീട്ട് നാലുമണി വരെ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഫീസടച്ച് പ്രവേശനം നേടാം.
ഗവൺമെന്റ് മെഡിക്കൽ/ഡെന്റൽ കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികളുടെ രജിസ്ട്രേഷൻ തുക അലോട്ട്മെന്റ് ലഭിച്ച കോഴ്സുകളുടെ ഫീസിനത്തിൽ വകയിരുത്തും. അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികളുടെ രജിസ്ട്രേഷൻ ഫീസ് പ്രവേശന നടപടികൾ അവസാനിച്ച ശേഷം തിരികെ നൽകും. വാർഷിക ഫീസ് ഘടന: സർക്കാർ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസിന് 23,150 രൂപ. ബി.ഡി.എസിന് 20,840 രൂപ.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വാർഷിക എം.ബി.ബി.എസ് ഫീസ് ഘടന: (ജനറൽ 85 ശതമാനം), കെ.എം.സി.ടി കോഴിക്കോട്, 8,07,324 രൂപ, പുഷ്പഗിരി തിരുവല്ല, അമല തൃശൂർ, ജൂബിലി മിഷൻ തൃശൂർ, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് കോലഞ്ചേരി, ട്രാവൻകൂർ കൊല്ലം, ബിലീവേഴ്സ് ചർച്ച് തിരുവല്ല, സി.എസ്.ഐ കാരക്കോണം, എം.ഇ.എസ് പെരിന്തൽമണ്ണ, മലബാർ മെഡിക്കൽ കോളജ് കോഴിക്കോട്, അസീസിയ കൊല്ലം, അൽ അസ്ഹർ തൊടുപുഴ എന്നിവിടങ്ങളിൽ 8,16,038 രൂപ, ശ്രീഗോകുലം തിരുവനന്തപുരം-7,71,595 രൂപ, മൗണ്ട് സിയോൺ പത്തനംതിട്ട, പി.കെ. ദാസ് പാലക്കാട്- 8,97,000 രൂപ, ഡോ. മൂപ്പൻസ് വയനാട് 8,86,779, ശ്രീ ഉത്രാടം തിരുനാൾ തിരുവനന്തപുരം-7,76,504, കരുണ ചിറ്റൂർ-7,87,780, ശ്രീനാരായണ എറണാകുളം -8,49,961 രൂപ, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് -8,98,800 രൂപ.
15 ശതമാനം എൻ.ആർ.ഐ സീറ്റുകളിലേക്ക് -21,65,720 രൂപ. (ഇതിൽ അഞ്ചുലക്ഷം രൂപയുടെ വിനിയോഗം സുപ്രീംകോടതി ഉത്തരവിന് അനുസൃതമായിരിക്കും).
സ്വാശ്രയ ഡെന്റൽ കോളജിലെ 85 ശതമാനം ജനറൽ സീറ്റുകളിലേക്ക് ബി.ഡി.എസ് കോഴ്സിന്-3,30,940 രൂപ. 15 ശതമാനം എൻ.ആർ.ഐ സീറ്റിലേക്ക് ആറു ലക്ഷം രൂപ. ഈ ഫീസ് ഘടന കേരള സർക്കാർ/അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി/ സുപ്രീംകോടതി/ ഹൈകോടതി പുറപ്പെടുവിക്കുന്ന അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും.
ടോക്കൺ ഫീസ്: സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ മെമ്മോയിൽ കാണിച്ച തുക കോളജിൽ ഒടുക്കിയും സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ മുഴുവൻ തുകയും ഫീസായി പ്രവേശന പരീക്ഷാ കമീഷണർക്ക് അടച്ചും പ്രവേശനം നേടാവുന്നതാണ്.
എസ്.സി/എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളികളുടെ മക്കൾ/ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികൾ ടോക്കൺ ഫീസ് അടക്കേണ്ടതില്ല (എന്നാൽ, ഈ വിഭാഗത്തിൽപെടുന്നവർ സ്വാശ്രയ കോളജുകളിലെ ന്യൂനപക്ഷ/എൻ.ആർ.ഐ സീറ്റിൽ അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം ടോക്കൺ ഫീസ് അടക്കണം. ഇവർ ഫീസ് ആനുകൂല്യത്തിന് അർഹരല്ല).
സംവരണം: അഖിലേന്ത്യാ ക്വോട്ട, കേന്ദ്ര സർക്കാർ നോമിനികൾ, പ്രത്യേക സംവരണം, മൈനോറിറ്റി/എൻ.ആർ.ഐ ക്വോട്ട, ഭിന്നശേഷിക്കാർ, എം.സി.ഐ/സർക്കാർ അംഗീകരിച്ചുനൽകുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങൾക്കായി മാറ്റിവെക്കപ്പെടുന്ന സീറ്റുകൾ ഒഴികെ ഓരോ കോഴ്സിന് അവശേഷിക്കുന്ന സീറ്റുകളിലെ സംവരണ ക്രമം ചുവടെ-
സ്റ്റേറ്റ് മെറിറ്റ്: 50 ശതമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർ (ഇ.ഡബ്ല്യു.എസ്) 10 ശതമാനം, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്.ഇ.ബി.സി) -30 ശതമാനം (ഈഴവ-ഒമ്പത് ശതമാനം, മുസ്ലിം- എട്ടു ശതമാനം, ലത്തീൻ കത്തോലിക്കരും ആംഗ്ലോ ഇന്ത്യനും- മൂന്നു ശതമാനം, ധീവരയും അവാന്തര വിഭാഗങ്ങളും -3 ശതമാനം, വിശ്വകർമയും അവാന്തര വിഭാഗങ്ങളും- രണ്ടു ശതമാനം, കുശവനും അനുബന്ധ സമുദായങ്ങളും- ഒരു ശതമാനം, മറ്റു പിന്നാക്ക, ക്രിസ്ത്യൻ -ഒരു ശതമാനം, കുടുംബി -ഒരു ശതമാനം); പട്ടികജാതി -എട്ടു ശതമാനം, പട്ടികവർഗം -രണ്ടു ശതമാനം.
പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലെ സീറ്റുകളുടെ സംവരണ ക്രമം- പട്ടികജാതി -70 ശതമാനം, പട്ടികവർഗം രണ്ടു ശതമാനം, പൊതുമെറിറ്റ് 13 ശതമാനം, അഖിലേന്ത്യാ ക്വോട്ട -15 ശതമാനം. കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സംവരണം -ഇ.എസ്.ഐസിയിൽ ഇൻഷുർ ചെയ്ത അംഗങ്ങളുടെ മക്കൾക്ക് 35 ശതമാനം, അഖിലേന്ത്യാ ക്വോട്ട -15 ശതമാനം, പ്രവേശന പരീക്ഷാ കമീഷണർ മുഖേന അലോട്ട്മെന്റ് നടത്തുന്ന സംസ്ഥാന ക്വോട്ട -50 ശതമാനം.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റുകളിലേക്ക് ജനന സ്ഥലം പരിഗണിക്കാതെ സംസ്ഥാന മെഡിക്കൽ റാങ്കിൽ ഉൾപ്പെട്ട ഇന്ത്യക്കാരായ എല്ലാ വിദ്യാർഥികളെയും ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.cer.kerala.gov.in സന്ദർശിക്കേണ്ടതാണ്. ഹെൽപ് ലൈൻ നമ്പർ -0471 - 2332120, 2338487.
•അലോട്ട്മെന്റ് ലഭിച്ചിട്ട് നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടിയിട്ടില്ലെങ്കിൽ ലഭിച്ച അലോട്ട്മെന്റ് റദ്ദാകും. തുടർന്നുള്ള അലോട്ട്മെന്റുകളിൽ പങ്കെടുപ്പിക്കില്ല.
•അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടി പഠനം തുടരുമെന്ന് ഉറപ്പുള്ള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷനുകൾ നൽകാൻ ശ്രദ്ധിക്കുക.
•സ്വാശ്രയ മെഡിക്കൽ/ഡന്റൽ കോളജുകളിലെ 2025-26 വർഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഇവിടെ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 2024-25 വർഷത്തെ ഫീസ് താൽക്കാലികമായി അടക്കേണ്ടതും 2025-26 വർഷം നിശ്ചയിക്കുന്ന ഫീസ് കൂടുതലാണെങ്കിൽ അതുകൂടി അടക്കാൻ ബാധ്യസ്ഥരുമാണ്.
•വിവിധ കാരണങ്ങളാൽ റാങ്ക്ലിസ്റ്റിൽ ഫലം തടഞ്ഞുവെച്ച വിദ്യാർഥികൾക്കും ഓപ്ഷൻ നൽകാം. എന്നാൽ, ആഗസ്റ്റ് രണ്ട് വൈകീട്ട് മൂന്നു മണിക്ക് മുമ്പായി ഫലം പ്രസിദ്ധപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ അപ് ലോഡ് ചെയ്തിരിക്കണം. അല്ലാത്തപക്ഷം അവരുടെ ഓപ്ഷനുകൾ അലോട്ട്മെന്റിന് പരിഗണിക്കില്ല.
•എൻ.ആർ.ഐ ക്വോട്ട പ്രവേശനത്തിനായി കാലാവധി കഴിഞ്ഞതോ കഴിയാറായതോ ആയ രേഖകൾ ഓൺലൈൻ അപേക്ഷയോടൊപ്പം നൽകിയിട്ടുള്ളവരിൽ സ്പോൺസറിൽനിന്നുള്ള സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഓപ്ഷൻ സമർപ്പിക്കാം. എന്നാൽ, നിശ്ചിത തീയതിക്കുള്ളിൽ ശരിയായ രേഖകൾ സമർപ്പിക്കേണ്ടതും അല്ലാത്തക്ഷം അലോട്ട്മെന്റ് റദ്ദാക്കുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.