govt
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ക്ലാർക്ക് റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന ജൂലൈ മാസത്തിൽ മാത്രം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത് 488 ഒഴിവുകൾ. മന്ത്രി എം.ബി രാജേഷിന്റെ നിർദേശപ്രകാരം എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യാനുള്ള പ്രത്യേക ഡ്രൈവ് നടത്തിയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ക്ലാർക്ക് നിയമനം ജില്ലാതലത്തിലാണ്. സംസ്ഥാനതലത്തിൽ നിയമനം നടത്തുന്ന തേർഡ് ഗ്രേഡ് ഓവർസിയർമാരുടെ 261 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒഴിവുകൾ അതത് സമയത്ത് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഈ വർഷം ജനുവരി 1 മുതൽ ജൂലൈ 31 വരെ 1757 എൻട്രി കേഡർ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരുടെ ആദ്യത്തെ റാങ്ക് ലിസ്റ്റ് ഇന്നലെ പ്രസിദ്ധീകരിച്ചു. ഇതിനകം തന്നെ സെക്രട്ടറി തസ്തികയിലേക്ക് 123 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 23 ഒഴിവുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്യും. ഇതോടെ റാങ്ക് ലിസ്റ്റിൽ നിന്ന് 146 പേർക്ക് ഉടൻ നിയമനത്തിന് വഴിയൊരുങ്ങും.
ഈ വർഷം ഇതുവരെ 920 ക്ലാർക്ക് ഒഴിവുകളാണ് വകുപ്പിൽ നിന്ന് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്നലെ അവസാനിച്ച ക്ലാർക്ക് റാങ്ക് പട്ടികകളിൽ നിന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിയമനം ലഭിക്കുന്നവരുടെ എണ്ണം 2496 ആയി വർധിക്കും. റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന ജൂലൈ മാസത്തിൽ മാത്രം 488 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജനറൽ ട്രാൻസ്ഫറും സ്ഥാനക്കയറ്റവും മൂലമുണ്ടായ ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം 39, കൊല്ലം 31, പത്തനംതിട്ട 22, ആലപ്പുഴ 28, ഇടുക്കി 26, കോട്ടയം 38, എറണാകുളം 42, തൃശൂർ 40, പാലക്കാട് 47, മലപ്പുറം 46, കോഴിക്കോട് 55, വയനാട് 13, കണ്ണൂർ 41, കാസർഗോഡ് 13, ഹെഡ്ക്വാർട്ടേഴ്സ് 7 എന്നിങ്ങനെയാണ് ഒഴിവുകൾ ഈ മാസം റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.