കാത്തിരിപ്പ് ഇനി പഴങ്കഥ; പി.ജി ഫലപ്രഖ്യാപനം അതിവേഗം പൂര്‍ത്തീകരിച്ച് എം.ജി സര്‍വകലാശാല

കോട്ടയം: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഫലപ്രഖ്യാപനത്തിലെ കാലതാമസം മൂലം വിദ്യാര്‍ഥികള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ പഴങ്കഥയാകുന്നു. അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ പി.ജി പ്രോഗ്രാമുകളുടെയും ഫലം മഹാത്മാ ഗാന്ധി സര്‍വകലാശാല ജൂലൈ 30ന് മുമ്പ് പ്രഖ്യാപിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന സര്‍വകലാശാലയാണ് എം.ജി.

ഈ വര്‍ഷം 84 പ്രോഗ്രാമുകളിലായി 5979 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. മുന്‍ വര്‍ഷങ്ങളില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പി.ജി പ്രോഗ്രാമുകളുടെ ഫലപ്രഖ്യാപന നടപടികള്‍ പൂര്‍ത്തിയായിരുന്നത്. ഇതു മൂലം തുടര്‍പഠനവും ഗവേഷണവും നടത്തേണ്ട വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു. ഈ സ്ഥിതി പരിഹരിക്കുന്നതിന് പരീക്ഷകളുടെ നടത്തിപ്പ് ചുമതലയുള്ള സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് സമയബന്ധിതമായ ഫലപ്രഖ്യാപനത്തിന് വഴിതെളിച്ചത്.

പി.ജി പ്രോഗ്രാമുകളുടെ പ്രാക്ടിക്കല്‍, വൈവ വോസി പരീക്ഷകള്‍ ജൂലൈ 18ന് പൂര്‍ത്തീകരിച്ചിരുന്നു. ഒമ്പതു കേന്ദ്രങ്ങളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തി. മൂല്യനിര്‍ണയ നടപടികള്‍ സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോജി അലക്സിന്‍റെയും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്തിന്‍റെയും മേല്‍നോട്ടത്തില്‍ എല്ലാ ദിവസവും വിലയിരുത്തി. അവസാന ഫലം ജൂലൈ 29ന് പ്രസിദ്ധീകരിച്ചു.

യു.ജി.സി നെറ്റ്-ജെ.ആർ.എഫ് യോഗ്യത നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം തന്നെ പിഎച്ച്ഡിക്ക് ചേര്‍ന്നു പഠിക്കാന്‍ സാധിക്കും. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍ ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വര്‍ഷം നഷ്ടപ്പെടാതെ തുടര്‍പഠനം സാധ്യമാകും.

സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് അതിവേഗത്തില്‍ ഫലപ്രഖ്യാപനം നടത്താന്‍ സഹായകമായതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.

ഈ വര്‍ഷം അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി തൊട്ടടുത്ത പ്രവൃത്തി ദിവസം ഫലം പ്രഖ്യാപിച്ച എം.ജി സര്‍വകലാശാല നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം മൂല്യനിര്‍ണയം പൂര്‍ത്തിയായതിന്‍റെ പിറ്റേന്ന് പ്രസിദ്ധീകരിച്ചിരുന്നു.

Tags:    
News Summary - Waiting is a thing of the past; MG University completes PG results declaration quickly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.