പ്രതീകാത്മക ചിത്രം

വെജ് ബിരിയാണി, ഫ്രൈഡ് റൈസ്, കൂട്ടുകറി, മുട്ട റോസ്റ്റ്…; സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് മെനു പരിഷ്‌കരണം. നിലവിലെ ഭക്ഷണ മെനു അനുസരിച്ച് കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ലെന്ന് സമിതി കണ്ടെത്തിയിരുന്നു. നിലവിലുള്ള മെനു പ്ലാനിങ്ങിൽ മാറ്റം വരുത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിക്ക് പകരമായി മറ്റ് പച്ചക്കറികൾ നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

വെറും ഇലക്കറി വർഗങ്ങൾ കറികളായി നൽകുകയാണെങ്കിൽ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗങ്ങൾ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരിവച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയാറാക്കാൻ നിർദേശമുണ്ട്. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകണം. കൂടാതെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യവും പരിഗണിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ചെറുധാന്യങ്ങളുടെ ഗുണങ്ങൾ മനസ്സിലാക്കി കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ച് മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗി പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസത്തിൽ 20 ദിവസത്തെ ഭക്ഷണ മെനു സ്കൂളുകൾക്ക് നൽകി. അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് 6.78 രൂപയും ആറുമുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് 10.17 രൂപയുമാണ് ഒരുദിവസം ലഭിക്കുക. പദ്ധതി സ്ഥാപനങ്ങളുമായി സഹകരിച്ച് സ്പോൺസർമാരുടെ സഹായത്തോടെ പുതുക്കിയ മെനു നടപ്പാക്കാനാണ് നിർദേശം.

സ്‌കൂളിൽ നൽകേണ്ട ഭക്ഷണ വിഭവങ്ങൾ (ദിവസം അടിസ്ഥാനമാക്കി)

  • ചോറ്, കാബേജ് തോരൻ, സാമ്പാർ
  • ചോറ്, പരിപ്പ് കറി, ചീരത്തോരൻ
  • ചോറ്, കടല മസാല, കോവക്ക തോരൻ
  • ചോറ്, ഓലൻ, ഏത്തക്ക തോരൻ
  • ചോറ്, സോയ കറി, കാരറ്റ് തോരൻ
  • ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്റൂട്ട് തോരൻ
  • ചോറ്, തീയൽ, ചെറുപയർ തോരൻ
  • ചോറ്, എരിശ്ശേരി, മുതിര തോരൻ
  • ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
  • ചോറ്, സാമ്പാർ, മുട്ട അവിയൽ
  • ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുകറി
  • ചോറ്, പനീർ കറി, ബീൻസ് തോരൻ
  • ചോറ്, ചക്കക്കുരു പുഴുക്ക്, അമരക്ക തോരൻ
  • ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
  • ചോറ്, വെണ്ടക്ക മപ്പാസ്, കടല മസാല
  • ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
  • ചോറ് / എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
  • ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
  • ചോറ്, പരിപ്പ് കുറുമ, അവിയൽ
  • ചോറ് / ലെമൺ റൈസ്, കടല മസാല
Tags:    
News Summary - Veg biryani, fried rice, mixed curry, egg roast…; Revised lunch menu in schools from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.