ബംഗളൂരു: 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബംഗളൂരുവിലെ അരേകരെ സ്വദേശിയും ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ നിശ്ചിതാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തിരിച്ചുകിട്ടാൻ അഞ്ച് ലക്ഷംരൂപ ആവശ്യപ്പെട്ട് പിതാവിന് ഫോൾകാൾ ലഭിച്ചിരുന്നു. വിവരം പൊലീസിൽ അറിയിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിനൊടുവിൽ കഗ്ഗലിപുര റോഡിനു സമീപം കത്തിച്ച് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുമൂർത്തി, ഗോപാൽ കൃഷ്ണ എന്നിങ്ങനെ രണ്ട് പ്രതികളെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി.
പൊലീസുമായി ഏറ്റുമുട്ടിയ പ്രതികളെ കാലിൽ വെടിവെച്ചാണ് പിടികൂടിയത്. ഗുരുമൂർത്തിക്ക് ഇരുകാലുകളിലും ഗോപാൽകൃഷ്ണക്ക് ഒരു കാലിലുമാണ് വെടിയേറ്റത്. സ്വയരക്ഷക്കായി ആറു റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ കോളജിൽ അധ്യാപകനായ ജെ.സി അജിത്താണ് കൊല്ലപ്പെട്ട നിശ്ചിതിന്‍റെ പിതാവ്.
കുട്ടിയുടെ കുടുംബ പശ്ചാത്തലം അറിഞ്ഞ് പ്രതികൾ തട്ടിക്കൊട്ടുപോകുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. അറസ്റ്റിലായ ഗുരുമൂർത്തി, അജിത്തിന്‍റെ താൽക്കാലിക ഡ്രൈവറായി ജോലിചെയ്തിരുന്നു. ഇയാളാണ് കുറ്റകൃത്യത്തിന്‍റെ സൂത്രധാരനെന്ന് കുടുംബവുമായി അടുപ്പമുള്ളവർ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാനായിരുന്നു പദ്ധതി. ബുധനാഴ്ച വൈകിട്ട് ട്യൂഷന് പോയ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയില്ല.
ട്യൂഷൻ സെന്‍ററിൽ അന്വേഷിച്ചപ്പോൾ, കുട്ടി തിരിച്ചു വീട്ടിലേക്ക് പോയെന്ന മറുപടിയാണ് കിട്ടിയത്. രാത്രി 7.30ഓടെ പൊലീസിൽ കാണാനില്ലെന്ന് പരാതി നൽകി. തിരച്ചിലിനിടെ കുട്ടിയുടെ സൈക്കിൾ സമീപത്തെ പാർക്കിൽ കണ്ടെത്തി. രാത്രിയോടെ കുട്ടി തങ്ങളുടെ കൈവശമുണ്ടെന്നും വിട്ടുകിട്ടാൻ അഞ്ചുലക്ഷം രൂപ നല്ഡകണമെന്നും ആവശ്യപ്പെട്ട് പ്രതികളുടെ ഫോൺവിളിയെത്തി. പിതാവ് ഇക്കാര്യം പൊലീസിൽ അറിയിച്ചതിനു പിന്നാലെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കത്തികയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.