പൂർവാധികം ശക്തിയോടെ അലക്സാണ്ടർ തിരിച്ചെത്തുന്നു; 'സാമ്രാജ്യം' റീ റീലിസിനൊരുങ്ങുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത 'സാമ്രാജ്യം' ഫോർ കെ ഡോൾബി അറ്റ്മോസിൽ റീ റീലിസിനൊരുങ്ങുകയാണ്. 1990 കാലഘട്ടത്തിൽ ഇറങ്ങിയ ചിത്രം അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമായിരുന്നു. സെപ്റ്റബറിലാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിന്‍റെ അവതരണഭംഗിയുടെ മികവ് ചിത്രത്തെ മലയാളത്തിന് പുറമേ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി.

സ്ലോമോഷൻ ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രം മലയാള സിനിമക്ക് അന്യഭാഷകളിലെ മാർക്കറ്റ് ഉയർത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ചു. ഗാനങ്ങളില്ലാതെ ഇളയരാജ പശ്ചാത്തല സംഗീതം മാത്രമൊരുക്കിയ ചിത്രം കൂടിയാണിത്.

അലക്സാണ്ടർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. നായകസ്ഥാനത്ത് ഏറെ തിളങ്ങി നിൽക്കുന്ന ഒരു നടൻ നെഗറ്റീവ് ഷേഡ് നൽകുന്ന ഒരു കഥാപാത്രത്തെ ഉൾക്കൊള്ളാൻ തന്നെ മടികാണിക്കും. ഈ സമയത്താണ് വേഷഭൂഷാദികളാലും അഭിനയ മികവുകൊണ്ടും ഈ കഥാപാത്രത്തെ അനശ്വരമാക്കി അലക്സാണ്ടർ പലരുടേയും സ്വപ്ന കഥാപാത്രമായി മാറിയത്. അക്കാലത്ത് അലക്സാണ്ടർ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകവും ആവേശവുമായി മാറിയത് ആ കഥാപാത്രത്തിന്‍റെ അവതരണത്തിലെ വ്യത്യസ്ഥത തന്നെയായിരുന്നു.

ആരിഫാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജ്മൽ ഹസ്സനാണ് ചിത്രം നിർമിച്ചത്. ജയാനൻ വിൻസന്‍റ് ആയിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിങ് ഹരിഹര പുത്രൻ. മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യ , സോണിയ, ബാലൻ.കെ.നായർ, സത്താർ, സാദിഖ്, ഭീമൻ രഘു , ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Alexander returns with more power than ever; 'Samrajyam' set for re-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.