തന്നേക്കാൾ പ്രായം കുറഞ്ഞ നടിമാരോടൊപ്പം അഭിനയിക്കുമ്പോൾ സീനിയർ നടന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നടൻ മാധവൻ അഭിമുഖത്തിൽ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. 'ആപ് ജൈസെ കോയി' എന്ന സിനിമയിൽ 55 കാരനായ നടന്‍റെ നായികാറോളിലെത്തിയത് 33കാരിയായ ഫാത്തിമ സന ഷെയ്ഖ് ആയിരുന്നു.
വധുവിനെ തേടുന്ന മധ്യവയസ്കന്റെ റോളിലാണ് മാധവൻ ഈ സിനിമയിൽ അഭിനയിച്ചത്. എന്നാൽ, തന്നേക്കാൾ പ്രായക്കുറവുള്ള നായികമാരൊത്ത് അഭിനയിക്കുമ്പോൾ ഏറെ ശ്രദ്ധാലുവാകാറുണ്ടെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മക്കളുടെ കൂട്ടുകാർ നമ്മെ 'അങ്കിൾ' എന്ന് വിളിച്ചുതുടങ്ങുമ്പോൾ ആദ്യം ഷോക്ക് ആകുമെങ്കിലും തങ്ങൾക്ക് പ്രായമാവുകയാണ് എന്ന കാര്യം മനസിലാക്കാൻ ഇതുപകരിക്കുമെന്ന് അദ്ദേഹം പറയുന്നു.
'പ്രായം കുറഞ്ഞ നായികമാരെയായിരിക്കാം ആ ചിത്രത്തിലെ കഥാപാത്രം ആവശ്യപ്പെടുന്നത്. അവർ വളരെ താൽപര്യത്തോടുകൂടിയായിരിക്കാം നമ്മോടൊപ്പം അഭിനയിക്കുന്നത്. പക്ഷേ, സിനിമയുടെ ഷൂട്ടിങ് വേളയിലും മറ്റും നായികയോടൊപ്പം സമയം ചെലവഴിക്കുന്നത് നാം ആസ്വദിക്കുന്നുണ്ടെന്ന് മറ്റുള്ളവർ കരുതുമെന്നാണ് അതിലെ പ്രധാന പ്രശ്നം. മാത്രമല്ല, ആ കഥാപാത്രത്തിന് ലോകത്തിന്‍റെ മുന്നിൽ ഒരിക്കലും ബഹുമാനം ലഭിക്കുകയുമില്ല.' അദ്ദേഹം പറഞ്ഞു.
തനിക്ക് പ്രായം കൂടിവരികയാണെന്ന് ബോധ്യമുണ്ടെന്നും ചെറുപ്പകാലത്ത് ചെയ്തതുപോലെയുള്ള വേഷങ്ങൾ ഏറ്റെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 22 വയസുള്ളപ്പോൾ ചെയ്തതുപോലുള്ള കഥാപാത്രങ്ങൾ ഒരിക്കലും ഏറ്റെടുക്കാൻ കഴിയില്ല. കഥാപാത്രത്തിന് അനുയോജ്യമാണോ നമ്മുടെ പ്രായം എന്ന കാര്യം എപ്പോഴും ചിന്തിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
'ആപ് ജൈസ കോയി' എന്ന അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാധവന്റെയും ഫാത്തിമ സന ഷെയ്ഖിന്റെയും അഭിനയ മികവ് വ്യാപകമായി പ്രശംസിക്കപ്പെട്ടു. വിവേക് സോണി സംവിധാനം ചെയ്തചിത്രത്തിൽ ആയിഷ റാസ, മനീഷ് ചൗധരി, നമിത് ദാസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.