46 വർഷങ്ങൾക്ക് ശേഷം ഉലകനായകനും സൂപ്പർസ്റ്റാറും വീണ്ടും ഒന്നിക്കുമോ?

തമിഴ് സിനിമലോകത്തെ പകരം വെക്കാനില്ലാത്ത രണ്ട് നടൻമാരാണ് രജനീകാന്തും കമൽഹാസനും. 46 വർഷങ്ങൾക്ക് ശേഷം താരങ്ങൾ വീണ്ടും ഒന്നിച്ചെത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

രജനീകാന്ത്-ലോകേഷ് കൂട്ടുകെട്ടിലെ 'കൂലി'ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കമൽഹാസന്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' എന്നാൽ ബോക്സ് ഓഫിസിൽ പരാജയമായിരുന്നു. ഇപ്പോൾ വർഷങ്ങൾക്കുശേഷം ഇരുവരും ഒരുമിച്ചെത്തുന്നതിൽ ആരാധകർ ആവേശത്തിലാണ്. ഒരു ​ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കോവിഡിന് മുമ്പ് പ്രൊജക്ട് ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം നിർത്തി വെക്കുകയുമായിരുന്നു. ഇപ്പോൾ വീണ്ടും ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രോജക്റ്റ് ഉടൻ ആരംഭിക്കുമെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ (ആർ.കെ.എഫ്.ഐ) ആയിരിക്കും ചിത്രം നിർമിക്കുന്നത്. ഈ പ്രൊജക്ട് ആരംഭിച്ചാൽ ലോകേഷ് കനകരാജ് കാർത്തിയെ നായകനാക്കി ഒരുക്കുന്ന 'കൈതി 2' വിന് കാത്തിരിക്കേണ്ടിവരും. രജനീകാന്ത്-കമൽഹാസൻ ചിത്രം അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രൊജക്ടായിരിക്കുമെന്നും മറ്റ് സിനിമകൾക്ക് കാത്തിരിക്കേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രജനീകാന്തും കമൽഹാസനും മുമ്പ് നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.1979 ൽ പുറത്തിറങ്ങിയ 'അലാവുദ്ദീനും അത്ഭുത വിളക്കും' എന്ന ചിത്രത്തിലാണ് താരങ്ങൾ അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 'അപൂർവ രാഗങ്ങൾ', 'മൂണ്ട്രു മുടിച്ചു', 'അവർകൾ', 'പതിനാറു വയതിനിലെ', 'നിനൈത്താലെ ഇനിക്കും' എന്നിവയാണ് താരങ്ങൾ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

Tags:    
News Summary - Rajinikanth and Kamal Haasan reunite after 46 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.