60 വര്‍ഷങ്ങൾക്ക് മുമ്പ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി എസ്.എല്‍. പുരം സദാനന്ദന് തിരക്കഥയെഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത ഒരു ചിത്രമുണ്ടായിരുന്നു ചെമ്മീൻ. 1965 ഓഗസ്റ്റ് 19നാണ് ചിത്രം റിലീസ് ചെയ്തത്. മധു, സത്യന്, കൊട്ടാരക്കര ശ്രീധരന് നായര്‍, ഷീല, എസ്.പി. പിള്ള, അടൂര്‍ ഭവാനി, ഫിലോമിന തുടങ്ങിയവർ ചെമ്മീനിലിലെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ ചിത്രത്തിൽ ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ധരും അണിനിരന്നപ്പോള്‍ മലയാളത്തിന് ലഭിച്ചത് ക്ലാസിക് ചിത്രമായിരുന്നു. ചെമ്പൻകുഞ്ഞായി കൊട്ടാരക്കരയും, കറുത്തമ്മയായി ഷീലയും, പളനിയായി സത്യനും, പരീക്കുട്ടിയായി മധുവും കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി.
അരയ സമുദായത്തിന്റെ ജീവിതം ആസ്പദമാക്കി ചിത്രീകരിച്ച ഒരു സാധാരണ പ്രണയകഥയാണെങ്കിലും പ്രണയകഥക്കപ്പുറം കടലിന്റെയും കടപ്പുറത്തെ ജീവിതങ്ങളുടെയും പച്ചയായ കഥയാണ് അഭ്രപാളികളില്‍ രാമുകാര്യാട്ട് വരച്ചുകാട്ടിയത്. ചെമ്മീന്‍ എന്ന സിനിമയെയും പ്രമേയ പശ്ചാത്തലത്തെയും പിന്‍പറ്റി വിവിധ ഭാഷകളില്‍ സിനിമകള്‍ നിര്‍മിക്കപ്പെട്ടു. 1965ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ‘സുവര്‍ണ കമലം’ ലഭിച്ചത് ചെമ്മീനിനാണ്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ സിനിമയായിരുന്നു ചെമ്മീന്‍. ഒരു മലയാള സിനിമയുടെ പരസ്യം ആദ്യമായി മലയാള ദിനപത്രങ്ങളിൽ ബഹുവർണങ്ങളിൽ പ്രത്യക്ഷപ്പെട്ടതും ചെമ്മീനിന്റെ ചരിത്രരേഖയാണ്. കേരളത്തിൽ ആദ്യമായി ഒരു നഗരത്തിൽ രണ്ടു തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമയായിരുന്നു ചെമ്മീൻ. എറണാകുളം ശ്രീധറിലും പത്മയിലും ഈ ചിത്രം ഒരേസമയം പ്രദർശിപ്പിച്ചു.
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ മാത്രം ഇറങ്ങിയിരുന്ന മലയാള സിനിമയില്‍ ആദ്യമായി ഈസ്റ്റ്മാന് കളറില്‍ പുറത്തിറങ്ങിയ ചിത്രമെന്ന ഖ്യാതിയും ചെമ്മീനിനാണ്. വയലാര്‍ രചിച്ച് സലില്‍ ചൗധരി സംഗീതം പകര്‍ന്ന് കെ.ജെ. യേശുദാസ്, മന്നാഡെ, പി. ലീല, കെ.പി. ഉദയഭാനു, ശാന്ത പി. നായര്‍ എന്നിവര്‍ ആലപിച്ച അഞ്ച് മനോഹര ഗാനങ്ങള്‍ ചെമ്മീന്‍ സിനിമയുടെ മറ്റൊരാകര്ഷണമായിരുന്നു. ‘കണ്മണി ബാബു’ എന്ന് പിന്നീടറിയപ്പെട്ട ഇസ്മയിൽ ബാബു സേട്ടാണ് ഇരുപതാമത്തെ വയസ്സിൽ പ്രസിഡന്റിന്റെ കൈയിൽനിന്നും സുവർണകമലം നേരിട്ടുവാങ്ങാൻ കഴിഞ്ഞ ഇന്ത്യയിലെ ഒരേയൊരു നിർമാതാവ്.
എറണാകുളത്തെ പ്രശസ്തമായ കവിത എന്ന 70mm തിയറ്റർ ചെമ്മീനിൽനിന്ന് കിട്ടിയ ലാഭത്തിൽ നിന്നാണ് നിർമിച്ചതത്രെ! ചെമ്മീൻ പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയുടെ ബ്രിട്ടീഷ് കാമറാമാനായിരുന്ന, ആംഗ്ലോ ഇന്ത്യന്‍ മര്‍കസ് ബര്‍ട്ട്ലി ചെമ്മീന്റെ ഛായാഗ്രാഹകൻ. ചിത്രസംയോജകനായി ഋഷി ദായെന്ന ഋഷികേശ് മുഖര്‍ജിയും ഗായകനായി മന്നാഡെയും മലയാളത്തിലെത്തി. കണ്മണി ഫിലിംസിന്റെ ബാനറില്‍ ബാബു ഇസ്മയില്‍ സേട്ടാണ്ചിത്രം നിര്‍മിച്ചത്. എട്ടു ലക്ഷം രൂപക്ക് നിര്‍മിച്ച ചിത്രം ബോക്സ്ഓഫീസ് ഹിറ്റ് ആയി. ഒമ്പതുലക്ഷം രൂപയായിരുന്നത്രെ ചെമ്മീൻ നിർമിക്കാനായി ചെലവായത്. ഏകദേശം 40 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ലാഭവിഹിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.