പ്രേംനസീറിന്റെ ആദ്യ സി.ഐ.ഡി ചിത്രം ‘കറുത്ത കൈ’ക്ക് 60 വയസ്സ്

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ സി.ഐ.ഡി കഥാപാത്രത്തിന് തുടക്കമിട്ട ‘കറുത്ത കൈ’ എന്ന സിനിമക്ക് 60 വയസ്. 1964 ആഗസ്റ്റ് 14ന് കേരളക്കരയാകെ ഇളക്കിമറിച്ച ചിത്രം ഒരു ഓണക്കാല ചിത്രമായാണ് പ്രദർശനത്തിനെത്തിയത്. പ്രേംനസീറെന്ന നടനിലേക്ക് മലയാള സിനിമയിൽ ജയിംസ് ബോണ്ടെന്ന നാമം ചേർക്കപ്പെട്ടതും ഈ സിനിമയിലൂടെ ആയിരുന്നു.

ആദ്യാവസാനം വരെ മുഖം മൂടി ധരിച്ച കൊള്ളത്തലവനും ബാങ്ക് കൊള്ളയും കൊലപാതകങ്ങളും ഒടുവിൽ പ്രേംനസീറെന്ന സി.ഐ.ഡി എല്ലാം കണ്ടെത്തുന്നതുമായ ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടിയേറ്റിയിരുന്നു. മലയാള സിനിമയിലെ സംവിധാന കലാപ്രതിഭ എം. കൃഷ്ണൻ നായരാണ് ‘നീലാ’ പ്രൊഡക്ഷൻസിന്റെ ബാനറിൽ മേരിലാന്റ് പി.സുബ്രഹ്മണ്യം നിർമിച്ച ‘കറുത്ത കൈ’ സംവിധാനം ചെയ്തത്.

തിരുനയനർ കുറിച്ചി മാധവൻ നായർ രചിച്ച ഇതിലെ മനോഹരമായ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ബാബുരാജാണ്. ‘പഞ്ചവർണ്ണ തത്തപോലെ കൊഞ്ചി നിൽക്കണ പെണ്ണ്.....’ എന്ന  ഇമ്പമേറിയ ഗാനം ഇന്നും ഗാനപ്രേമികളുടെ നാവിൻതുമ്പിലുണ്ട്. പ്രേംനസീർ, ഷീല, അടൂർ ഭാസി, തിക്കുറുശ്ശി , കെ.വി.ശാന്തി, എസ്.പി.പിള്ള, ആറൻമുള പൊന്നമ്മ, പറവൂർ ഭരതൻ എന്നിവരാണ് അഭിനേതാക്കൾ.

60 വർഷം പൂർത്തിയാക്കുന്ന കറുത്ത കൈ എന്ന സിനിമ പ്രേംനസീർ സുഹൃദ് സമിതി ആഘോഷിക്കാൻ തീരുമാനിച്ചു. ആഗസ്റ്റ് 21ന് വൈകുന്നേരം 5.30ന് ലെനിൻ ബാലവാടിയിൽ നടക്കുന്ന ചിത്രത്തിന്റെ ആഘോഷ ഉദ്ഘാടനം എം. കൃഷ്ണൻ നായരുടെ മകൻ കെ.ജയകുമാർ ഐ.എ.എസ്. നിർവഹിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിനു ശേഷം ‘കറുത്ത കൈ’ പ്രദർശിപ്പിക്കും. 

Tags:    
News Summary - Prem Nazir's first CID film 'Karutha Kai' turns 60

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.