മലയാളത്തിലെ മഹാ വിജയ സിനിമകളിലൊന്നായ സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാംഭാഗമായി ‘ആഫ്റ്റർ 27 ഇയേഴ്സ്’ പ്രിയ ചലച്ചിത്രകാരൻ സിബിമലയിലും രഞ്ജിത്തും ഒന്നിച്ച്, സിയാദ് കോക്കർ നിർമിച്ച, മെഗാ ഹിറ്റ് ‘സമ്മർ ഇൻ ബത്ലഹേം’ കൂട്ടുകെട്ട് ‘ആഫ്റ്റർ 27 ഇയേഴ്സ്'ലൂടെ ഒന്നിക്കുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ ഒരുക്കുന്ന പുതിയ ചിത്രം നിർമിക്കുന്നത് താൻ തന്നെയാണെന്ന വിവരം സിയാദ് കോക്കർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ്.
‘മാജിക് വെറുതെ സംഭവിക്കുന്നതല്ല, ഇതിഹാസങ്ങൾ ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്നതാണ്. ഉടൻ വരുന്നു’ എന്ന കുറിപ്പോടെയാണ് പുതിയ സിനിമയുടെ പോസ്റ്റർ സിയാദ് കോക്കർ പങ്കുവെച്ചിരിക്കുന്നത്. ‘ആരാണ് പൂച്ചക്ക് മണി കെട്ടിയത്???... എന്തോ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കൂടുതൽ സർപ്രൈസുകൾക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടെയാണ് സിബി മലയിൽ സിനിമയുടെ പോസ്റ്റർ പങ്കുവച്ചത്.
ജയറാമിന് പൂച്ചയെ അയച്ച പെൺകുട്ടി ആരെന്ന ചോദ്യം ബാക്കിയാക്കിയായിരുന്നു ‘സമ്മർ’ അവസാനിച്ചിരുന്നത്. 27 വർഷത്തിനുശേഷവും അഭിമുഖങ്ങളിൽ അണിയറപ്രവർത്തകർ ഈ ചോദ്യം നേരിടുന്നു എന്നത് തന്നെയാണ് സിനിമയുടെ വിജയം. 1998ല്‍ ഇറങ്ങിയ ‘സമ്മറി’ന് രണ്ടാം ഭാഗം പ്ലാൻ ചെയ്യുന്നുണ്ടെന്നും അതിൽ മഞ്ജുവാര്യർ ഉണ്ടാകുമെന്നും സിയാദ് കോക്കർ മുമ്പ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.