ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാകുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആര്യൻ ഖാന്‍റെ ആദ്യ സംവിധാന സീരിസിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ബാഡ്‌സ് ഓഫ് ബോളിവുഡ് (The Ba***ds Of Bollywood) എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തുവരുന്നത്. അനൗൺസ്‌മെന്റ് വിഡിയോയിൽ ആര്യൻ ഖാനും പ്രത്യക്ഷപ്പടുന്നുണ്ട്. ഷാരൂഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. വയലിൻ വായിച്ച് ഷാറുഖ് ഖാന്റെ ‘മൊഹബ്ബത്തേൻ’ എന്ന ചിത്രത്തിലെ ഡയലോഗ് പറഞ്ഞു കൊണ്ടാണ് വിഡിയോയിൽ ആര്യൻ ഖാൻ പ്രത്യക്ഷപ്പെടുന്നത്. റൊമാന്റിക്കായി തുടങ്ങുന്ന വിഡിയോ പെട്ടെന്നാണ് ആക്ഷൻ മൂഡിലേക്ക് മാറുന്നത്. മികച്ച പ്രതികരണമാണ് ആര്യൻ ഖാനും ടീസറിനും ലഭിക്കുന്നത്.
ബോളിവുഡ് ഇൻഡസ്ട്രിയെ കേന്ദ്രീകരിച്ച് നടക്കുന്ന പക്കാ ആക്ഷൻ പാക്ക്ഡ് എന്റർടൈനർ ആകും ബാഡ്‌സ് ഓഫ് ബോളിവുഡ് എന്നാണ് ടീസർ നൽകുന്ന സൂചന. ബോളിവുഡ് താരങ്ങളായ ലക്ഷ്യയും സഹേർ ബംബയുമാണ് സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്. ഷാറുഖ് ഖാന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ചാണ് സീരിസ് നിർമിക്കുന്നത്. പ്രധാന കഥാപാത്രങ്ങളല്ലാതെ സീരിസിൽ ആരൊക്കെ അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ആര്യന്റെ ലുക്കും സൗണ്ടും ഷാരൂഖിനെ ഓർമിപ്പിക്കുന്നെന്നും സംവിധാനത്തോടൊപ്പം അഭിനയത്തിലും ആര്യൻ ഒരു കൈ നോക്കണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. സീരിസിന്റെ ഒഫീഷ്യൽ ടീസർ ആഗസ്റ്റ് 20 ന് പുറത്തുവരും. ഷാറുഖ് ഖാൻ, രൺബീർ കപൂർ, രൺവീർ സിങ്, കരൺ ജോഹർ, ബോബി ഡിയോൾ എന്നിവർ അതിഥികളായി എത്തും എന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.