മനാമ: ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ വികാരവും മനസ്സാക്ഷിയുമായിരുന്നു വി.എസ് എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അടിമസമാനമായ ജീവിതങ്ങൾക്ക് അവകാശ ബോധത്തിന്റേയും സമരങ്ങളുടേയും പ്രാഥമിക പാഠങ്ങൾ പകർന്നുനൽകിയ നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും വി.എസ് ഒരു പ്രതിപക്ഷനേതാവിന്റെ കരുത്തും കലഹവും പ്രകടിപ്പിച്ചു. പാർട്ടിയുടെ വഴി തെറ്റലുകളെ പൊതു ജനങ്ങളെ കൂട്ടിയാണ് അദ്ദേഹം തിരുത്താൻ ശ്രമിച്ചത്.
തന്റെ കഴിവും അധികാരവും സാധാരണ മനുഷ്യർക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നു വി.എസ്. ജനകീയ സമരങ്ങൾക്കും സിവിൽ മൂവ്മെന്റുകൾക്കും ജനാധിപത്യത്തിന്റെ മുറിയിൽ പ്രത്യേക ഇടം നൽകിയ നേതാവ്. അതിനാൽത്തന്നെ കക്ഷിരാഷ്ട്രീയത്തിന്റെ വരമ്പുകൾക്കപ്പുറം നിന്ന് കേരളത്തിലെ ജനങ്ങൾ വി.എസിനെ ഓർമിക്കും എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ ജീവിതം ഒരാശയമായിക്കണ്ട് പ്രവർത്തന മണ്ഡലങ്ങളിൽ തന്റെതായ അടയാളപ്പെടുത്തലുകൾ നടത്തിയ അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. അഴിമതിക്കെതിരെയുള്ള ശക്തമായ നിലപാടുകളും, സാധാരണക്കാർക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും അദ്ദേഹത്തെ ജനപ്രിയനാക്കിയെന്ന് ഐ.സി.എഫ്. ബഹ്റൈൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മനാമ: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. നിര്യാണത്തിലൂടെ ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് നേതാവിന്റെ വിടവാണ് പ്രകടമാവുന്നത്. ഇന്നുള്ള പല കമ്യൂണിസ്റ്റ് നേതാക്കൾക്കും അദ്ദേഹത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. "മാർക്സിസ്റ്റ് നേതാക്കൾ പ്രതികളായ സഖാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്ന്, ടി.പി. യുടെ ജീവിതപങ്കാളി കെ.കെ. രമ എം.എൽ.എയെ ആദ്യം ആശ്വസിപ്പിക്കാനെത്തിയ പാർട്ടി നേതാവ് ഇദ്ദേഹമായിരുന്നു." സ്വന്തം പാർട്ടിക്ക് എതിരായി ആരോപണം നിലനിന്ന കേസിൽ അദ്ദേഹം സ്വീകരിച്ച ഈ നിലപാട് മാനുഷിക മൂല്യം ഉയർത്തിപ്പിടിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു.കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി പങ്കുചേരുന്നതായി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.
വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളിയും കേരളത്തിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത വി.എസ്, തൊഴിലാളികളുടെയും സാധാരണക്കാരുടെയും നേതാവായിട്ടാണ് അറിയപ്പെട്ടിരുന്നത്. തീക്ഷ്ണസമരങ്ങളുടെ ഫലമായി ജയില്‍ ജീവിതം വരെ അനുഭവിച്ചിരുന്നു. വി.എസിന്റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു യുഗം അവസാനിക്കുകയാണ്. വിയോഗത്തിൽ കേരള ജനതയുടെ ദുഃഖത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനും പങ്ക് ചേരുന്നു.
മനാമ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ സഖാവ് വി.എസ്. അച്യുതനന്ദന്റെ മരണം കേരളത്തിന്റെ തീരാ നഷ്ടമാണെന്ന് ബഹ്റൈൻ ഐ.എം.സി.സി പ്രസിഡന്റ് മൊയ്തീൻ കുട്ടി പുളിക്കലും ജനറൽ സെക്രട്ടറി കാസിം മലമ്മലും അനുശോചന സന്ദേശത്തിൽ പറഞ്ഞു. വി.എസിന്റെ വിയോഗത്തിൽ കേരളത്തിന്റെയും മലയാളി സമൂഹത്തിന്റെയും ദുഃഖത്തിൽ ബഹ്റൈൻ ഐ.എം.സി.സിയും പങ്ക് ചേരുന്നവെന്നും പ്രസ്താവനയിൽ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയിലൂടെയും, രാഷ്ട്രീയ സമർപ്പണത്തിലൂടെയും ഉയർന്നുവന്ന ജനശബ്ദമായിരുന്നു സഖാവ് വി.എസ് എന്ന് എ.കെ.സി.സി പ്രസിഡന്റും, ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പറഞ്ഞു. ജനങ്ങളിൽനിന്ന് ജനങ്ങൾക്കുവേണ്ടി ഉയർന്നുവന്ന മഹാപ്രതിഭയായിരുന്നു സഖാവെന്നും ജനറൽ സെക്രട്ടറി ജീവൻ ചാക്കോ ഓർമിച്ചു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. എന്നും വിപ്ലവ യൗവനം ചിന്തയിലും, മനസ്സിലും നിറച്ച് ഒരു നാടിനു വെളിച്ചമായി മാറിയ മഹാ സഖാവിന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ട് ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, ജസ്റ്റിൻ ജോർജ്, അലക്സ്കറിയ, ജൻസൺ ദേവസ്സി, രതീഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജീവൻ ചാക്കോ സ്വാഗതവും, പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സഖാവ് വി.എസ്. അച്യുതാനന്ദന്റെ നരേന്ദ്രമോദി വിചാർ മഞ്ച അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കരഞ്ഞു തീർക്കേണ്ട ബാല്യത്തെ അധ്വാനം കൊണ്ട് ജയിച്ചവൻ, ജയിലിൽ തീരേണ്ടിയിരുന്ന യൗവനത്തെ വിപ്ലവം കൊണ്ട് ജയിച്ചവൻ, തളർന്നു ഉറങ്ങേണ്ട വാർധക്യത്തെ കർംകൊണ്ട് ജയിച്ചവൻ അതാണ് കേരളത്തിന്റെ നമ്മുടെ പ്രിയപ്പെട്ട വി.എസ് എന്ന് നരേന്ദ്രമോദി വിചാർ മഞ്ച വൈസ് പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശ്ശേരി അനുശോചന കുറിപ്പിൽ അറിയിച്ചു.
അനുശോചനം അറിയിച്ച് എസ്.എൻ.സി.എസ്ആകസ്മികമെങ്കിലും, വളരെ നൊമ്പരത്തോട്കൂടിയാണ് വി.എസിന്റെ ദേഹവിയോഗത്തെ നോക്കിക്കാണുന്നതെന്ന് എസ്.എൻ.സി.എസ് ബഹ്റൈൻ. പുന്നപ്ര വയലാർ മുതൽ നിരവധി സമര സപര്യകളുടെ അമരക്കാരൻ, ആയിരം ഓർമകൾ ജന മനസ്സുകളിൽ അവശേഷിപ്പിച്ച്, അനേകം ജീവിതങ്ങൾക്ക് പ്രചോദനമാകുന്ന പതിറ്റാണ്ടുകളുടെ തിളക്കമാർന്ന വ്യക്തിത്വമാണ് മൺമറഞ്ഞത്. എസ്.എൻ.സി.എസിന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള ചടങ്ങായി വി. എസിന്റെ ബഹ്റൈൻ സന്ദർശനം ജനശ്രദ്ധ നേടിയത് ഇന്നും ഓർക്കുന്നു. ധീരമായ നിലപാടുകളിലൂടെയും, സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം എന്നും നമുക്ക് പ്രചോദനമായിരുന്നു. കാലയവനികക്കുള്ളിൽ മറഞ്ഞ വി.എസിന്റെ വേർപാടിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.