മനാമ: സമ്പൂർണ ചെമ്മീൻപിടിത്ത നിരോധന നയം പുനഃപരിശോധിക്കാനുള്ള ആവശ്യവുമായി ഫിഷർമെൻ സൊസൈറ്റി. സൊസൈറ്റി നടത്തിയ ഒരു പഠനമനുസരിച്ച് ചെമ്മീൻ പിടിക്കാൻ വലയിടുമ്പോൾ അവിചാരിതമായി വലയിൽ കുടുങ്ങുന്ന മറ്റുതരം മത്സ്യങ്ങൾ ബഹ്റൈൻ ജലാശയങ്ങളിലെ മൊത്തം മത്സ്യ ഉൽപാദനത്തിന്റെ ഏഴ് ശതമാനം മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. ചെമ്മീൻ പിടിക്കുമ്പോൾ അത്തരം മത്സ്യങ്ങൾ വലയിലകപ്പെടുന്നത് കുറവാണെന്നും ഇത് അന്താരാഷ്ട്ര നിലവാരത്തെക്കാൾ വളരെ താഴെയാണെന്നും പഠനം പറയുന്നു. ഇതേ തുടർന്നാണ് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ടി ഒരു സന്തുലിതമായ തീരുമാനമെടുക്കാൻ നിരോധനം പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടത്. കൂടാതെ, ചെമ്മീനിനൊപ്പം പിടിക്കപ്പെടുന്ന മിക്ക മത്സ്യവർഗങ്ങളും ഗൾഫ് മേഖലയിൽ വേഗത്തിൽ പ്രത്യുൽപാദനം നടത്തുകയും ധാരാളമായി കാണപ്പെടുകയും ചെയ്യുന്നവയാണെന്നും 'അമുസ്ലാഗ്' എന്ന ഒരേയൊരു മത്സ്യവർഗത്തെ മാത്രമാണ് ബൈകാച്ച് കാര്യമായി ബാധിക്കുന്നതെന്നും ഗവേഷകൻ ഡോ. ഇബ്രാഹിം അബ്ദുൽറഹിം ചൂണ്ടിക്കാട്ടി. ബഹ്റൈൻ 2018ൽ 'ബോട്ടം ട്രോളിങ്' (കരാഫ് വലകൾ) പൂർണമായി നിരോധിച്ചിരുന്നു.
ഈ തീരുമാനം രാജ്യത്തെ ചെമ്മീൻ മത്സ്യബന്ധന കപ്പൽ സംവിധാനത്തെ പൂർണമായി നിർത്തലാക്കുന്നതിലേക്ക് നയിച്ചു. ഇത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. കൂടാതെ, നിയമവിരുദ്ധ മത്സ്യബന്ധനത്തിൽ ഗണ്യമായ വർധനയുമുണ്ടാക്കിയിരുന്നു. മത്സ്യസമ്പത്തിൽ കാര്യമായ പുരോഗതിയും രേഖപ്പെടുത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.