മനാമ: രാജ്യത്ത് വിവിധ വർണങ്ങളിലുള്ള മാലിന്യ ബാഗ് സംവിധാനം നടപ്പാക്കാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ച് ഗവർണറേറ്റുകൾ. കഴിഞ്ഞവർഷം ജൂലൈയിൽ ആദ്യമായി ചർച്ച ചെയ്ത ഈ സംരംഭം, ലോജിസ്റ്റിക് പ്രശ്നങ്ങളും പൊതുജനത്തിന് അവബോധമില്ലാത്തതിന്റെയും കാരണം മാറ്റിവെച്ചതായിരുന്നു. രാജ്യത്തിന്റെ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയാണിത്.
തെക്കൻ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിൽ, മുഹറഖിലെയും വടക്കൻ ഗവർണറേറ്റിലെയും കൗൺസിൽ ചെയർമാൻമാരുമായും കാപിറ്റൽ ട്രസ്റ്റീസ് ബോർഡുമായും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് വെറും മാലിന്യ ബാഗിന്റെ നിറം മാറ്റം മാത്രമല്ല, മറിച്ച് നമ്മുടെ ജനങ്ങൾ മാലിന്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാനും, മാലിന്യം വേർതിരിക്കുന്നതിന്റെ ഗുണങ്ങളെ അവർക്ക് മനസ്സിലാക്കിക്കൊടുക്കാനുമാണെന്ന് അബ്ദുല്ലത്തീഫ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഇത് നമ്മുടെ പരിസ്ഥിതിക്കും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾക്കും നമ്മുടെ ഭാവി തലമുറകൾക്കും നിർണായകമായതിനാൽ ഞങ്ങൾ ഈ പദ്ധതി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു സർക്കാർ സംരംഭം മാത്രമല്ലെന്നും ഇതിന്റെ ഭാഗമാകാൻ എല്ലാ സ്കൂളുകളെയും താമസക്കാരെയും ബിസിനസുകാരെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മാലിന്യം അതിന്റെ ഉറവിടത്തിൽ തന്നെ തരംതിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. നീല ബാഗുകൾ പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയ പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നിക്ഷേപിക്കാനുള്ളതാണ്. പച്ച ബാഗുകൾ ജൈവ മാലിന്യങ്ങൾക്കും ചുവപ്പ് ബാഗുകൾ അപകടകരമായ വസ്തുക്കൾക്കുമായി തരംതിരിച്ചിരിക്കുന്നു. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം ഈ സംവിധാനം നേരത്തെ ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, പൊതുജന അവബോധമില്ലായ്മ, ഉയർന്ന നടപ്പാക്കൽ ചെലവുകൾ, കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി തടസ്സങ്ങൾ കാരണം പദ്ധതി നിർത്തിവെച്ചിരുന്നു.നിലവിൽ മുനിസിപ്പാലിറ്റി വെൻഡിങ് മെഷീൻ വഴി കറുത്ത ബാഗുകളാണ് ജനങ്ങൾക്കായി നൽകിക്കൊണ്ടിരുന്നത്. നിറങ്ങളിലുള്ള ബാഗുകളുടെ ചെലവ് എല്ലാവർക്കും താങ്ങാൻ കഴിയുന്ന വിധത്തിലുള്ളതാണോയെന്നും സർക്കാർ അതിന് സബ്സിഡി നൽകുമോയെന്നും അറിയിക്കണമെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദ പറഞ്ഞു. വെല്ലുവിളികളുണ്ടെങ്കിലും പുതിയ സംവിധാനം പാരിസ്ഥിതികമായും സാമ്പത്തികമായും ദീർഘകാല നേട്ടങ്ങൾ നൽകുമെന്നും തറാദ കൂട്ടിച്ചേർത്തു.
കൃത്യമായ അവബോധ കാമ്പയിനുകൾ, പരിശീലന സെഷനുകൾ, പിന്തുണ സംവിധാനങ്ങൾ എന്നിവയുടെ ആവശ്യകത ഉദ്യോഗസ്ഥരും ഊന്നിപ്പറഞ്ഞു. വ്യക്തമായ അവബോധം നൽകാതെ, ജനങ്ങൾ ഈ സംവിധാനം വേണ്ട വിധത്തിൽ ഉപയോഗിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.