മനാമ: കിങ് ഹമദ് കോസ്‌വേ വികസന പദ്ധതികൾ വേഗത്തിലാക്കാൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രിക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശം. ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന അടിസ്ഥാന സൗകര്യ വികസനമാണിത്.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്തുക, നിലവിലെ പാലത്തിലെ തിരക്ക് കുറയ്ക്കുക, പ്രാദേശിക വ്യാപാരവും യാത്രയും വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് പദ്ധതിയുടെ ഭാഗമായി നിലവിലുള്ള കോസ്‌വേയ്ക്ക് സമാന്തരമായി പുതിയ കോസ്‌വേ നിർമിക്കും. ഏകദേശം 25 കിലോമീറ്റർ ദൂരമാണ് ഈ പുതിയ പാതയ്ക്ക് ഉണ്ടാകുക. ഇത് യാത്രാ വാഹനങ്ങൾ, ചരക്ക് ഗതാഗതം, ജി.സി.സി റെയിൽ പദ്ധതി എന്നിവയെയെല്ലാം ഉൾക്കൊള്ളുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് കരമാർഗ്ഗമുള്ള യാത്രയും ചരക്ക് നീക്കവും കൂടുതൽ സുഗമമാക്കും.
ഏകദേശം 5 ബില്യൺ ഡോളറാണ് ഈ പദ്ധതിയുടെ നിർമാണച്ചെലവ് കണക്കാക്കുന്നത്. ജി.സി.സി രാജ്യങ്ങളെ റെയിൽവേ വഴി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന വിശാലമായ ഗൾഫ് റെയിൽവേ നെറ്റ്‌വർക്കിൽ ഈ പദ്ധതിക്ക് നിർണായക പങ്കുണ്ടാകും. ഇത് ഗൾഫ് മേഖലയിലെ സാമ്പത്തികവും സാമൂഹികവുമായ ബന്ധങ്ങൾക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തുന്നത്.
പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനും ഭാവി തലമുറകൾക്കായി ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ അടിസ്ഥാന സൗകര്യ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ബഹ്‌റൈന്‍റെ പ്രതിബദ്ധതയെ ഹമദ് രാജാവിന്‍റെ ഈ നിർദ്ദേശം പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ പദ്ധതി മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്കും സംയോജനത്തിനും പുതിയ വാതിലുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.