കേരളത്തിന്റെ ‘ഫിഡൽ കാസ്ട്രോ’ യെന്ന് സീതാറാം യെച്ചൂരി പ്രശംസിച്ച വി.എസ്. അച്യുതാനന്ദൻ യാത്രയായിരിക്കുന്നു. രാഷ്ട്രീയ സമരങ്ങളും ഇങ്ക്വിലാബുകളും ഇല്ലാത്തൊരു നിത്യ ശാന്തിയുടെ തീരത്തേക്ക് ! ആലപ്പുഴയിലെ പാവപ്പെട്ടൊരു തയ്യൽക്കാരൻ പയ്യനിൽനിന്ന് തുടങ്ങി പ്രതിപക്ഷ നേതാവിന്റെയും കേരള മുഖ്യമന്ത്രിയുടെയും വർണക്കുപ്പായങ്ങൾ വരെ അണിയാൻ യോഗവും യോഗ്യതയുമുണ്ടായ ജനകീയ നേതാവാണ് വി.എസ്. അതിനിടയിൽ ചൊരിഞ്ഞ ചോരയാൽ ചുവന്ന ചെങ്കുപ്പായവും ധരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ജനകീയ സമരങ്ങൾ പുന്നപ്ര വയലാർ, മതിൽകെട്ടാൻമല, മറയൂർ... തുടങ്ങി വി.എസിന്റെ വീര പോരാട്ടങ്ങളുടെ പട്ടിക നീണ്ടതാണ്.
വനം കൈയേറ്റക്കാർക്കും മണൽ മാഫിയക്കും അഴിമതി വീരന്മാർക്കുമെതിരെ അദ്ദേഹം സധൈര്യം പോരാടി. ‘തല നരയ്ക്കാത്തതല്ലെന്റെ യുവത്വം.... കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ, തലകുനിക്കാത്ത ശീലമെൻ യൗവനം’ മെന്ന ടി.എസ്. തിരുമുമ്പിന്റെ കവിത ആർജവത്തോടെ ചൊല്ലി ക്കൊണ്ടായിരുന്നു തല നരച്ച വാർധക്യത്തിന്റെ വർഷങ്ങളിലും, വി.എസിന്റെ ധീര സമരങ്ങൾ.
പാർട്ടിക്ക് പുറത്തുള്ള ചൂഷകർക്കും സ്ത്രീ പീഡകർക്കും ‘വെറുക്കപ്പെട്ടവർക്കും’ എതിരെ മാത്രമല്ല, വി.എസ് അടരാടിയത്. സ്വന്തം പാർട്ടിക്കുള്ളിലെ കൈക്കൂലിക്കാർക്കും, പീഡകർക്കുമെതിരെയും അദ്ദേഹം പോരാട്ടത്തിന്റെ പടവാളുയർത്തി.
അങ്ങനെ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ശത്രുത പോലും അദ്ദേഹത്തിന് നേരിടേണ്ടിവന്നിരുന്നു. എങ്കിലും പാർട്ടി വിലക്കുകളുടെ വേലിക്കെട്ടുകൾക്കപ്പുറം കടന്ന് സ്വന്തം മനഃസാക്ഷിയുടെ സ്വരം കേട്ട് പ്രവർത്തിക്കാൻ ധൈര്യം കാണിച്ച സഖാവാണ് വേലിക്കുള്ളിൽ അച്യുതാനന്ദൻ. 51 വെട്ടാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട സഖാവ് ടി.പിയുടെ കുടുംബത്തെ സന്ദർശിച്ച് അവരെ ആശ്വസിപ്പിച്ചത് ഈ ധീരതക്ക് ഒരു ഉദാഹരണമാണ്.
ബാല്യത്തിൽ തന്നെ ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിക്കേണ്ടിവന്നതിനാൽ ഏഴാം ക്ലാസിൽവെച്ച് അദ്ദേഹത്തിന് വിദ്യാഭ്യാസം നിർത്തേണ്ടിവന്നു. ബിരുദ കടലാസുകളെക്കാൾ വലുതാണ് ഹൃദയമൂല്യങ്ങളും മനുഷ്യത്വവും പാവങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുമെന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. ഒരു നൂറ്റാണ്ടിലധികം നീണ്ട വി.എസിന്റെ ജീവിതേതിഹാസം ഇവിടെ അവസാനിക്കുകയാണ്. എങ്കിലും നൂറ്റാണ്ടിന്റെ സമര സൂര്യനെ കുറിച്ചുള്ള ഓർമകൾ അവസാനിക്കുന്നില്ല. സമരം തന്നെ ജീവിതമാക്കിയ കേരളത്തിന്റെ കാസ്ട്രോയുടെ സ്മൃതികൾക്കു മുന്നിൽ പ്രണാമം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.