കുവൈത്ത് സിറ്റി: ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനുള്ള പോർചുഗലിന്റെ തീരുമാനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. യു.എൻ രക്ഷ സമിതി (യു.എൻ.എസ്.സി) പ്രമേയങ്ങളും അറബ് സമാധാന സംരംഭവും കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നതാണ് പോർചുഗലിന്റെ സുപ്രധാന നടപടി. ഇതിനെ പ്രശംസിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
1967 ലെ അതിർത്തിയിൽ കിഴക്കൻ ജറുസലം തലസ്ഥാനമാക്കി ഫലസ്തീൻ ജനതക്ക് സ്വയം നിർണയാവകാശം നേടാനും സ്വന്തം രാഷ്ട്രം സ്ഥാപിക്കാനും പോർചുഗലിന്റെ തീരുമാനം സഹായിക്കും. ഫലസ്തീൻ വിഷയത്തിൽ നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്താൻ മറ്റു രാജ്യങ്ങളും സമാനമായ നടപടികൾ സ്വീകരിക്കണമെന്നും കുവൈത്ത് മന്ത്രാലയം വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഫലസ്തീൻ രാഷ്ട്രത്തിന് വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പോർചുഗലിന്റെ തീരുമാനം. ബ്രിട്ടനും ഫ്രാൻസും കാനഡയും മാൾട്ടയും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. 2012 മുതൽ യു.എന്നിലെ നിരീക്ഷക രാഷ്ട്രമായി ഫലസ്തീൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അമേരിക്ക, ആസ്ട്രേലിയ, ജർമനി, ഇറ്റലി, ജപ്പാൻ ദക്ഷിണ കൊറിയ തുടങ്ങിയ നിരവധി രാഷ്ട്രങ്ങൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.