അൽ വുസ്ത തണ്ണീർത്തടത്തിൽനിന്നുള്ള കാഴ്ചകൾ
മസ്കത്ത്: രാജ്യത്തിന്റെ പാരിസ്ഥിതിക സംരക്ഷണ ശ്രമങ്ങൾക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അൽ വുസ്ത വെറ്റ്ലാൻഡ്സ് റിസർവിന് റാംസർ കൺവെൻഷന്റെ ‘അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടം’ എന്ന അംഗീകാര സർട്ടിഫിക്കറ്റ് ലഭിച്ചതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. സിംബാബ് വെയിൽ നടക്കുന്ന റാംസർ കൺവെൻഷൻ കക്ഷികളുടെ 15ാമത് സമ്മേളനത്തിന്റെ ഭാഗമായാണ് ഈ പുതിയ അംഗീകാരം. ‘നമ്മുടെ പൊതുവായ ഭാവിക്കായി തണ്ണീർത്തടങ്ങളെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യത്തിലാണ് ഈ വർഷത്തെ സമ്മേളനം നടക്കുന്നത്.
2013ൽ ഖുറം നേച്ചർ റിസർവിനും 2020ൽ അൽ അൻസാബ് വെറ്റ്ലാൻഡിനും റാംസർ സൈറ്റ് പദവി ലഭിച്ചിരുന്നു. അൽ വുസ്ത വെറ്റ്ലാൻഡ്സ് റിസർവിനുള്ള പുതിയ അംഗീകാരം, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും അന്താരാഷ്ട്ര പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഒമാൻ നടത്തുന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് പരിസ്ഥിതി അതോറിറ്റി പ്രസ്താവിച്ചു. ഏകദേശം 214 ദശലക്ഷം ഹെക്ടറിലധികം വിസ്തൃതിയുള്ള അൽ വുസ്ത റിസർവ്, പ്രാദേശികമായും ആഗോളതലത്തിലും അപൂർവമായ ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ ആവാസവ്യവസ്ഥകളുടെ കലവറയാണ്.
പ്രകൃതിദത്തമായ ദ്വീപുകൾ, ഉൾക്കടലുകൾ, അരുവികൾ, തീരദേശ മണൽക്കുന്നുകൾ, വലിയ മാലിന്യനിക്ഷേപ സ്ഥലങ്ങൾ, ഉപ്പ് പാടങ്ങൾ, ചരൽ സമതലങ്ങൾ, കാട്ടുപുല്ലുകൾ എന്നിവയെല്ലാം ഈ സംരക്ഷിതമേഖലയിലുണ്ട്. വേലിയേറ്റ പദേശങ്ങളിലെ ജൈവവൈവിധ്യ പഠനങ്ങൾക്കും സുസ്ഥിരമായ തണ്ണീർത്തട ഉപയോഗത്തിനും ഈ റിസർവ് ഒരു സവിശേഷമായ കേന്ദ്രമാണ്. അറേബ്യൻ കടലിലെ കൂനൻ തിമിംഗലങ്ങൾ ഉൾപ്പെടെയുള്ള അപൂർവയിനം തിമിംഗലങ്ങളും ഡോൾഫിനുകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന സമുദ്രജീവികളും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.