മസ്കത്ത്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയിൽ റാങ്കിങ് മെച്ചപ്പെടുത്തി ഒമാൻ.ഹെന്‍ലി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് നാല് സ്ഥാനങ്ങൾ ഉയർന്ന് 56-ാം സ്ഥാനത്തെത്തി.ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഔദ്യോഗിക ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. 2024 ലെ റാങ്കിങിൽ ഒമാൻ 60-ാം സ്ഥാനത്തായിരുന്നു, അന്ന് പൗരന്മാർക്ക് 86 രാജ്യങ്ങളിലേക്കാണ് വിസ രഹിത യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇപ്പോൾ അത് 88 ലക്ഷ്യസ്ഥാനങ്ങളായി ഉയർന്നു.
ജി.സി.സി രാജ്യങ്ങളിൽ വൻ കുതിപ്പു നടത്തിയ യു.എ.ഇ ലോകരാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സഥാനത്തേക്ക് ഉയർന്നു. 184 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരൻമാർക്ക് വിസരഹിതമായി സഞ്ചരിക്കാം. ഖത്തർ പട്ടികയിൽ 47ാം സഥാനത്താണ്. ഖത്തർ പാസ്പോർട്ടുമായി 112 രാജ്യങ്ങളിലേക്ക് വിസരഹിതമായി പ്രവേശിക്കാം. 50ാം സഥാനത്താണ് കുവൈത്ത്. കുവൈത്ത് പാസ്പോർട്ട് ഉപയോഗിച്ച് 100 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. സൗദി അറേബ്യ 54ാം സഥാനത്താണ്. 91 രാജ്യങ്ങളിലേക്കാണ് പ്രവേശനം. ബഹ്റൈൻ പട്ടികയിൽ 55ആണ്. 90 രാജ്യങ്ങളിലേക്ക് ബഹറൈൻ പൗരൻമാർക്ക് വിസയില്ലാതെ പ്രവേശിക്കാം.
സിംഗപ്പൂർ പാസ്പോർട്ടാണ് ഇൻഡക്സിൽ ഒന്നാമത്. സിംഗപ്പൂർ പാസ്പോർട്ടുള്ളവർക്ക് 193 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാനാവും. ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് 190 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം. ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, അയർലാൻഡ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം.
ആസ്ട്രിയ, ബെൽജിയം, ലക്സംബെർഗ്, നെതർലാൻഡ്, നോർവേ, പോർചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ നാലാമത്. ന്യൂസിലാൻഡ്, ഗ്രീസ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾ അഞ്ചാമതാണ്. ഇന്ത്യ 77ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 59 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.