അജ്മാന്: എമിറേറ്റിലെ ടൂറിസം, സാംസ്കാരിക, മാധ്യമ വകുപ്പുകൾ ഏകീകരിക്കുന്നു. ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി പുറപ്പെടുവിച്ചു. ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയെ ചെയർമാനായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമപ്രകാരം അജ്മാൻ ടൂറിസം വികസന വകുപ്പിനെയും അജ്മാൻ സാംസ്കാരിക, മാധ്യമ വകുപ്പിനെയും മാറ്റിസ്ഥാപിച്ച് അവയുടെ എല്ലാ ഉത്തരവാദിത്തങ്ങളും കടമകളും പുതിയ വകുപ്പ് ഏറ്റെടുക്കും.
മുൻ രണ്ട് വകുപ്പുകൾക്കും 2025ലെ സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമ്പത്തിക വിഹിതം പുതിയ സ്ഥാപനത്തിലേക്ക് മാറ്റും. മുൻ വകുപ്പുകളിലെ എല്ലാ ജീവനക്കാരെയും അവരുടെ നിലവിലുള്ള സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ പുതുതായി സൃഷ്ടിച്ച വകുപ്പിലേക്ക് മാറ്റുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. മഹ്മൂദ് അൽഹാശ്മിയെ വകുപ്പിന്റെ ഡയറക്ടർ ജനറലായി നിയമിച്ചുകൊണ്ട് ഉത്തരവിട്ടിട്ടുണ്ട്.
നിയമപ്രകാരം, വകുപ്പിന്റെ ആസ്ഥാനം അജ്മാൻ നഗരത്തിലായിരിക്കും. എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാന്റെ അംഗീകാരത്തോടെ എമിറേറ്റിനകത്തോ പുറത്തോ അധിക ശാഖകളോ ഓഫിസുകളോ സ്ഥാപിക്കാനുള്ള സാധ്യതയുണ്ട്. സാംസ്കാരികവും കലാപരവുമായ വികസനം, പൈതൃക സംരക്ഷണം, മ്യൂസിയങ്ങളുടെയും ചരിത്ര സ്ഥലങ്ങളുടെയും മാനേജ്മെന്റ്, സൃഷ്ടിപരമായ കഴിവുകൾക്കുള്ള സഹായം, സാംസ്കാരിക സ്വത്വം സംരക്ഷിക്കൽ എന്നിവയുടെയും മേൽനോട്ടം വകുപ്പ് വഹിക്കും.
മാധ്യമ മേഖലയിൽ വകുപ്പ് മാധ്യമ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ലൈസൻസുകൾ നൽകുകയും ഉള്ളടക്കത്തിന് മേൽനോട്ടം വഹിക്കുകയും മാധ്യമ നിക്ഷേപത്തെ പിന്തുണക്കുകയും നയവികസനത്തിന് സംഭാവന നൽകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.