ദുബൈ: വീടുകളുടെ രൂപരേഖ അനാവശ്യമായി പെരുപ്പിച്ച് കാണിച്ച് ഉടമകളിൽ അധിക പണം ഈടാക്കുന്ന എൻജിനീയറിങ് കൺസൽട്ടൻസി സ്ഥാപനങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി. ദുബൈ ബിൽഡിങ് കോഡ് പ്രകാരം ആവശ്യമുള്ളതിൽ കൂടുതൽ വലിപ്പവും സൗകര്യങ്ങളും രൂപരേഖയിൽ ഉൾപ്പെടുത്തിയാണ് തട്ടിപ്പ്.
ഇമാറാത്തി പൗരൻമാരാണ് തട്ടിപ്പിന്‍റെ ഇരകളിൽ കൂടുതൽ. വീടിന്‍റെ വാസ്തുവിദ്യ പ്രകാരം ആവശ്യമില്ലാത്ത മാറ്റങ്ങൾ നിർദേശിച്ചാണ് അധിക പണം തട്ടിയെടുക്കുന്നുവെന്നാണ് പരാതി. ദുബൈയിലെ പ്രോപർട്ടി മേഖലകളെ നിയന്ത്രിക്കുകയും അനാവശ്യ ചെലവുകളിൽ നിന്ന് വീട്ടുടമകളെ സംരക്ഷിക്കുകയുമാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറയുന്നു.
നിർമാണ രംഗത്ത് ദുബൈ ബിൽഡിങ് കോഡും അംഗീകൃത എൻജീനിയറിങ് മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് നേരത്തെ എൻജിനീയറിങ് കൺസൽട്ടൻസി സ്ഥാപനങ്ങളോട് അധികൃതർ നിർദേശിച്ചിരുന്നു. ദുബൈ ബിൽഡിങ് കോഡ് പാലിക്കേണ്ടത് പ്രഫഷനൽ രംഗത്തെ ധാർമിക ഉത്തരവാദിത്തമാണെന്ന് ബിൽഡിങ് റെഗുലേറ്ററി ആൻഡ് പെർമിറ്റ്സ് ഏജൻസി സി.ഇ.ഒ മറിയം അൽ മുഹൈരി പറഞ്ഞു.
കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള കെട്ടിട നിർമാണം ഉറപ്പുവരുത്താൻ നടപടി സഹായകമാവും. അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനും ഇരുമ്പ് പോലുള്ള നിർമാണ ഉത്പന്നങ്ങളുടെ അമിത ഉപയോഗം തടയുന്നതിനും കൺസൽട്ടൻസി ഓഫിസുകളുടെയും കരാറുകാരുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കും.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കമ്പനിയുടെ വാർഷിക വിലയിരുത്തലിനെ ഇത് ബാധിക്കും. കൂടാതെ, നിയമം അനുസരിച്ചുള്ള അച്ചടക്ക നടപടികളും സ്വീകരിക്കുമെന്ന് അൽ മുഹൈരി പറഞ്ഞു. നിയമം ലംഘിച്ച രണ്ട് പ്രോപർട്ടി നിർമാണ സ്ഥാപനങ്ങളുടെ ലൈസൻസ് ഈ വർഷം തുടക്കത്തിൽ ദുബൈ മുനിസിപ്പാലിറ്റി റദ്ദ് ചെയ്തിരുന്നു. ആറു മാസത്തേക്ക് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.