ദുബൈ: എമിറേറ്റിലെ പുതിയ ഡ്രൈവർമാർക്ക് പരിശീലനം ഒരുക്കുന്നതിന് നിർമിത ബുദ്ധി(എ.ഐ) അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനം. ‘തദ്രീബ്’ എന്ന പ്ലാറ്റ്‌ഫോം വഴി വർഷത്തിൽ രണ്ടര ലക്ഷത്തിലേറെ പേർക്ക് പരിശീലനം നൽകുമെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പ്രസ്താവനയിൽ പറഞ്ഞു. ദുബൈ എല്ലാ ഡ്രൈവിങ് സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്.
പരിശീലനവും യോഗ്യതാ പ്രക്രിയയും പൂർണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് നടപ്പിലാക്കുന്നത്. ഇതുവഴി ഡ്രൈവർമാരുടെ യോഗ്യത ഓട്ടോമാറ്റിക് വിലയിരുത്താനും ട്രെയ്നിയുടെ എല്ലാ വിവരങ്ങളും ഒരു പ്ലാറ്റ്ഫോമിൽ ഏകീകരിക്കാനും സാധിക്കും.
നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന പ്ലാറ്റ്‌ഫോം 27 ഡ്രൈവിങ് പരിശീലന സ്ഥാപനങ്ങളെയും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ എമിറേറ്റിലെ 3,400പരിശീലകരെയും മൂവായിരത്തിലേറെ പരിശീലന വാഹനങ്ങളെയും ഇതിന്‍റെ ഭാഗമാക്കാനുമാകും. ഓരോ വാഹനത്തിന്റെയും റൂട്ട് ഇലക്ട്രോണിക്കായി ജിയോ ട്രാക്ക് ചെയ്‌ത് പ്രധാന സിസ്റ്റവുമായി ബന്ധിപ്പിക്കും.
ഓരോ വർഷവും 60 ലക്ഷത്തിലധികം മണിക്കൂറുകൾ പരിശീലനം ഉറപ്പുവരുത്താൻ സേവനത്തിലൂടെ സാധിക്കും. പ്ലാറ്റ്‌ഫോം തുടക്കം മുതൽ സുരക്ഷിതമായാണ് പ്രവർത്തിക്കുന്നതെന്നും തടസ്സമില്ലാത്തതും പൂർണമായും പേപ്പർ രഹിതവുമായ ഉപഭോക്തൃ സേവനം നൽകുന്നുണ്ടെന്നും ആർ.ടി.എ പ്രസ്താവനയിൽ പറഞ്ഞു.
ഡാറ്റകളും കണക്കുകളും വിശകലനം ചെയ്ത് ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ‘തദ്രീബ്’ പ്ലാറ്റ്ഫോമിന് സാധിക്കും. ഇതുവഴി ഡ്രൈവർമാർക്ക് ഗുണനിലവാരമുള്ള പരിശീലനം ഉറപ്പാക്കാനും മികച്ച ഡ്രൈവർമാക്ക് ലൈസൻസ് നൽകാനും സഹായിക്കും. മെച്ചപ്പെട്ട പരിശീലന നിലവാരം, ഡ്രൈവർമാരെ വിലയിരുത്തുന്നതിൽ സുതാര്യതയും കൃത്യതയും, പുതിയ ഡ്രൈവർമാർക്കിടയിലെ മരണനിരക്ക് കുറക്കാൻ നിർണായകമായ സംഭാവന എന്നിവ പ്ലാറ്റ്ഫോമിന്റെ പ്രധാന ഗുണഫലങ്ങളാണ്.
പ്ലാറ്റ്ഫോമുമായി ഡ്രൈവിങ് പരിശീലനം ബനധിപ്പിച്ചത് അനുമതികൾ നേടുന്നതിനുള്ള സമയം പകുതിയായി കുറക്കുകയും, ഓപറേറ്റിങ് ചിലവുകൾ കുറക്കുകയും, വിദൂര നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ആർ.ടി.എ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.