ദുബൈയിലെ എമിഗ്രേഷൻ വകുപ്പിന്‍റെ വിഡിയോ കാൾ സേവനത്തിന് സ്വീകാര്യതയേറുന്നു

ദുബൈ: എമിറേറ്റ്സിലെ വിസാ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്​.എ) ആരംഭിച്ച വിഡിയോ കാൾ സേവനത്തിന് സ്വീകാര്യതയേറുന്നു. ഈ വർഷം ആദ്യപകുതിയിൽ 52,212 വീഡിയോ കോളുകളാണ് ലഭിച്ചതെന്ന് ജി.ഡി.ആർ.എഫ്​.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.

ഏറ്റവും കൂടുതൽ കോളുകൾ ലഭിച്ചത് എൻട്രി, റെസിഡൻസി പെർമിറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടാണ് (42,433 കോളുകൾ). കൂടാതെ എസ്റ്റാബ്ലിഷ്മെന്റ് കാർഡ് സേവനങ്ങൾക്ക് 5,782 കോളുകളും, സാമ്പത്തിക സേവനങ്ങൾക്ക് 2,850 കോളുകളും, പാസ്പോർട്ട് വിതരണ സേവനങ്ങളുമായി ബന്ധപ്പെട്ട് 1,147 കോളുകളും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.

താമസ കുടിയേറ്റ സേവനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ കാലതാമസം ഒഴിവാക്കാൻ 2023ലാണ് വീഡിയോ കാൾ സേവനം ആരംഭിച്ചത്. ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം ആശയവിനിമയം നടത്തി ഇടപാടുകൾ കാര്യക്ഷമമായി പൂർത്തീകരിക്കാൻ സർവീസ് സഹായിക്കും.

ജനറൽ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ അപ്ലിക്കേഷനായ ജി.ഡി.ആർ.എഫ്​.എ ഡി.എക്സ്​.ബിയിലും സർവീസ് ലഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 7 വരെയും, വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 12 വരെയും ഉച്ച 2.30 മുതൽ 7 വരെയും ലഭ്യമാണ്. ഒരു വീഡിയോ കോളിന്റെ ശരാശരി ദൈർഘ്യം ഒരു മിനിറ്റാണ്.

അപേക്ഷ സമർപ്പിച്ച ശേഷം 48 മണിക്കൂറിനുള്ളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പ്രതികരണത്തിന് ശേഷമോ ആണ് കോളിന്റെ സമയം നിശ്ചയിക്കപ്പെടുന്നത്. വിസാ അപേക്ഷകള്‍ സുഗമമാക്കാനും പ്രോസസ്സിംഗ് സമയം കുസക്കാനും സൗകര്യപ്രദമായ വിഡിയോ കോള്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന്​ വകുപ്പ് ഉപയോക്താക്കളോട് അഭ്യർഥിച്ചു. അന്വേഷണങ്ങള്‍ക്ക് 800 5111.

Tags:    
News Summary - Dubai Immigration Department's video call service gains popularity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-25 03:02 GMT