ദുബൈ: അപകടം വരുത്തിയ ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവർ അറസ്റ്റിൽ. അപകടത്തിൽപ്പെട്ട വാഹനം അനുമതിയില്ലാതെ റിപ്പയർ ചെയ്ത വർക്ക്ഷോപ്പ് ഉടമയെയും പൊലീസ് പിടികൂടി. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർക്ക് ആവശ്യമായ സഹായം ചെയ്യാതെ അപകടസ്ഥലത്തു നിന്ന് ഡ്രൈവർ വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് സമീപത്തുള്ള വർക്ക്ഷോപ്പിലെത്തിച്ച് വാഹനം റിപ്പയർ ചെയ്തു.
എന്നാൽ, ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയതായി ട്രാഫിക് പ്രോസിക്യൂഷൻ അറിയിച്ചു. അപകടത്തിൽ പെടുന്ന വാഹനങ്ങൾ കൃത്യമായ അനുമതിയില്ലാതെ റിപ്പയർ ചെയ്യരുതെന്നാണ് യു.എ.ഇയിലെ നിയമം. ഇത് പാലിക്കുന്നതിൽ വർക്ക് ഷോപ്പ് ഉടമ വീഴ്ചവരുത്തിയതിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾക്കെതിരെയും നടപടി സ്വീകരിച്ചതെന്ന് ട്രാഫിക് പ്രോസിക്യൂഷൻ തലവൻ സീനിയർ അഡ്വക്കറ്റ് ജനറൽ കൗൺസിലർ സലാഹ് ബു ഫറൂസ അൽ ഫലാസി പറഞ്ഞു.
വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധചെലുത്താൻ ഡ്രൈവർമാരോട് അദ്ദേഹം അഭ്യർഥിച്ചു. റോഡ് ഉപയോക്താക്കളുടെയും പൊതു, സ്വകാര്യ ആസ്തികളുടെയും സംരക്ഷണത്തിനായി കൊണ്ടുവന്നിട്ടുള്ള സുരക്ഷ മാർഗനിർദേശങ്ങളും നിയമവും പാലിക്കാനും ശ്രദ്ധിക്കണം. ഒരു കാരണവശാലും അപകടം നടന്ന സ്ഥലത്തു നിന്ന് വാഹനവുമായി കടന്നുകളയരുത്. അപകടം നടന്ന് മൂന്നു മണിക്കൂറിനകം പൊലീസിൽ റിപോർട്ട് ചെയ്യണമെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.