ഒരു ഇന്റർവ്യൂവിൽ പങ്കെടുത്താൽ, അതിലെ സംഭാഷണങ്ങൾ ഓരോന്നായി പിന്നീട് തലക്കകത്തുകൂടി റിവൈൻഡ് അടിക്കുന്നുണ്ടോ? വായിച്ച ഒരു വാട്സ്ആപ് സന്ദേശത്തിൽ അയച്ചയാൾ യഥാർഥത്തിൽ ഉദ്ദേശിച്ചത് അതുതന്നെയാണോ എന്ന് പിന്നീട് തോന്നാറുണ്ടോ? നിങ്ങളെ ഉദ്ദേശിച്ചിട്ടില്ലാത്ത ഇൻസ്റ്റ സ്റ്റോറി കണ്ട് ടെൻഷൻ അടിച്ചിട്ടുണ്ടോ? എങ്കിൽ ഓവർ തിങ്കിങ് എന്ന കെണിയിൽ പെട്ടുപോയ അനേകരുടെ പട്ടികയിൽ നിങ്ങളും അകപ്പെട്ടിരിക്കാം. സൂക്ഷിക്കണം, ഈ കെണി ചെറിയൊരു കെണിയല്ല.
ഒട്ടേറെ പേരെ വലക്കുന്ന ഒരു ശീലമാണ്, ഒരു കാര്യത്തെക്കുറിച്ച് അമിതമായി ചിന്തിച്ചുകൂട്ടുന്ന സ്വഭാവം. തുടക്കത്തിൽ ഇത് വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കില്ല എന്ന് മാത്രമല്ല, ചില ഉപകാരങ്ങളുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യും. എന്നാൽ, ഈ ചിന്തിച്ചുകൂട്ടൽ ഓവറായാൽ കാര്യങ്ങൾ കൈവിടാൻ തുടങ്ങുമെന്ന് വിദഗ്ധർ പറയുന്നു. ഒരു കാര്യത്തിന്റെ സമാന സാഹചര്യം പരിശോധിക്കുക, ഇനി എന്തുണ്ടാകും എന്ന് ആലോചിച്ച് ആധി പിടിക്കുക, പിഴച്ചുപോയ ഒരു തീരുമാനം പരമാവധി പരിഹരിക്കാൻ ശ്രമിക്കാതെ അതിനെക്കുറിച്ച് ഓർത്ത് ഖേദിക്കുക തുടങ്ങിയ മനസ്സിന്റെ പിടിവിട്ട പാച്ചിലുകൾ നമ്മുടെ സമാധാനവും ഊർജവും കവരുകതന്നെ ചെയ്യും.
വൈകാരിക കെണി
ഇപ്പോ ഉറങ്ങുമെന്ന പ്രതീക്ഷയിൽ എത്രനേരം കിടന്നാലും ഫലമില്ലാതെ, ചിന്തകൾ വന്നുകൊണ്ടേ ഇരിക്കും. ഈ ചിന്തകളെല്ലാം പ്രശ്ന പരിഹാരത്തിന് വേണ്ടിയാണെന്ന് നമുക്ക് തോന്നുമെങ്കിലും ഒരു കെണി മാത്രമാണത്.
‘‘പ്രശ്നം പരിഹരിക്കുമെന്ന് ഓവർതിങ്കിങ് പ്രതീതി സൃഷ്ടിക്കും. എന്നാൽ, മിക്കപ്പോഴും സമ്മർദത്തിലും വൈകാരിക സങ്കീർണതകളിലും ചെന്നവസാനിക്കുകയാണ് പതിവ്’’ -മുംബൈ സൈഫീ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ഭവ്യ ഷാ പറയുന്നു.
ഇത് പിന്നീട് ഉത്തരവാദിത്തങ്ങൾ നീട്ടിവെക്കുന്നതിലേക്കും തീരുമാനിച്ച കാര്യങ്ങളുടെ പുനരാലോചനയിലേക്കും നയിക്കും. അതോടെ സ്വന്തം തീരുമാനങ്ങളിൽ വിശ്വാസം ഇല്ലാതിരിക്കുകയും മറ്റുള്ളവർ അംഗീകരിച്ചാൽ മാത്രം ആത്മവിശ്വാസം കിട്ടുകയും ചെയ്യുന്ന അവസ്ഥ വരും. അതോടുകൂടി ഉറക്കവും ശ്രദ്ധയും, എന്തിന്, ബന്ധങ്ങളെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് സംഗതികൾ വഷളാകും.
മനസ്സിനെ കുരുക്കുന്ന വിധം
ഒരു കാര്യത്തെക്കുറിച്ചുതന്നെ കുറെ കാലം ചിന്തിച്ചുകൊണ്ടിരുന്നാൽ പിന്നെ തലച്ചോർ പുതുതായി ഒന്നിനും ഇടം നൽകാതെ അതുതന്നെ പ്രോസസ് ചെയ്തുകൊണ്ടിരിക്കും. തീരുമാനം എടുക്കാനുള്ള കഴിവ് കുറയും. അതോടെ അവസരങ്ങൾ കൈവിട്ടുപോകും. മറ്റു ചിലർ മുൻകാല തെറ്റുകളിലും അതിന്റെ കുറ്റബോധത്തിലും കുരുങ്ങിക്കിടക്കും. വേറെ ചിലർ സംഭവിച്ചിട്ടില്ലാത്ത ഭാവിയെക്കുറിച്ച് അമിത ആസൂത്രണം നടത്തി സമ്മർദത്തിലേക്ക് നീങ്ങും. മുൻകൂട്ടി ചിന്തിക്കുന്നത് നല്ലതാണെങ്കിലും അമിതമായ പ്രതീക്ഷ മനസ്സിനെ തളർത്തും. അതായത്, ശ്രദ്ധയോടെ തീരുമാനമെടുക്കുന്നതും തീരുമാനത്തിന്റെ പേരിൽ കുരുങ്ങിക്കിടക്കുന്നതും തമ്മിൽ നേർത്ത വ്യത്യാസം മാത്രമാണുള്ളത്. ‘‘നിങ്ങളുടെ ചിന്തകൾ പ്രവർത്തനത്തിലേക്കും സമാധാനത്തിലേക്കും നയിക്കുമെങ്കിൽ അത് നല്ലതുതന്നെ. എന്നാലത് കൂടുതൽ വിഷമങ്ങളും തളർച്ചയുമാണ് സമ്മാനിക്കുന്നതെങ്കിൽ അത് ഓവർ തിങ്കിങ്ങുമാണ്’’ -ഭവ്യ വിശദീകരിക്കുന്നു. ചുരുക്കത്തിൽ, ഓവർ തിങ്കിങ് മാനുഷികമാണ്. ശ്രദ്ധയോടെ അതിൽനിന്ന് പുറത്തുകടക്കുകയാണ് പ്രധാനം.
അമിത ചിന്തയെ അടക്കാം
അമിത ചിന്തയെ അടക്കുകയെന്നാൽ തലച്ചോറിനെ ഓഫ് ചെയ്യലല്ല, മറിച്ച്, സ്മാർട്ടായി കൈകാര്യം ചെയ്യലാണ്. ഇതിനുള്ള ചില മാർഗങ്ങൾ ഇതാ:
തലയിൽനിന്ന് ഇറക്കിവെക്കാം: മനസ്സിലുള്ളത് മുഴുവൻ ഒരു പേപ്പറിൽ എഴുതിവെക്കുക.
ടെൻഷനടിക്കാൻ സമയം നിശ്ചയിക്കാം: കാര്യങ്ങളെക്കുറിച്ച് ആകുലമായി ചിന്തിക്കാൻ ഒരു 15-20 മിനിറ്റ് നിശ്ചയിക്കാം. അതിനു ശേഷം ആ പരിസരത്തേക്ക് പോകരുത്.
കണ്ണും കാതും മനസ്സും തുറന്നുവെക്കാം: സംഗീതം ആസ്വദിക്കാം, ഒന്നു നടക്കാം, അൽപം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
സംസാരിക്കാം: വിഷമങ്ങൾ സുഹൃത്തിനോടോ മനഃശാസ്ത്ര വിദഗ്ധനോടോ വിശ്വസിക്കാവുന്ന മറ്റാരോടെങ്കിലുമോ സംസാരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.