ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് ദുർഗ് സെഷൻസ് കോടതിക്ക് പുറത്ത് പ്രതിഷേധിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജ്റംഗ്ദൾ പ്രവർത്തകർ
റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് കോടതിക്ക് പുറത്ത് ഹിന്ദുത്വവാദികളുടെ പ്രതിഷേധം. ദുർഗ് സെഷൻസ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഘ്പരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗം ബജ്റംഗ്ദളിന്റെ നേതൃത്വത്തിൽ സ്ത്രീകളും യുവാക്കളും അടക്കമുള്ള തീവ്രഹിന്ദുത്വവാദികൾ ജയ്ശ്രീറാം മുഴക്കി പ്രതിഷേധിക്കുന്നത്. ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന് അഡ്വ. രാജ്കുമാര് തിവാരിയാണ് ഹാജരാകുന്നത്. കത്തോലിക്ക ബിഷപ് കോൺഫെഡറേഷന്റെ (സിബിസിഐ) കീഴിൽ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സംഘം റായ്പുരില്‍ എത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിക്കുന്നത്.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകളെ നിലവിൽ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.