സുധാകർ റെഡ്ഡി
ന്യൂഡൽഹി: തെലങ്കാനയിലെ കർണൂലിൽ പത്തം ക്ലാസില്‍ പഠിക്കുമ്പോള്‍ പാഠപുസ്തകങ്ങള്‍ക്കും ബ്ലാക് ബോര്‍ഡിനും വേണ്ടി സമരം ചെയ്ത കാലം മുതൽ എസ്. സുധാകര്‍ റെഡ്ഡിയുടെ സംഘടന കഴിവും നേതൃത്വവും അതിശയകരമായി പ്രകടമായിരുന്നുവെന്ന് അനുസ്മരിച്ച് സി.പി.ഐ. തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ, അധഃസ്ഥിതർ എന്നിവരുടെ ലക്ഷ്യത്തിനായി തന്റെ മുഴുവൻ ജീവിതവും സമർപ്പിച്ച ഇന്ത്യൻ ഇടതുപക്ഷത്തിന്റെ സൗമ്യതയുടെ മുഖമാണ് സുധാകർ റെഡ്ഡിയുടെ വിയോഗത്തോടെ പാർട്ടിക്ക് നഷ്ടമായതെന്നും സി.പി.ഐ പുറത്തിറക്കിയ അനുസ്മരണ കുറിപ്പിൽ വ്യക്തമാക്കി.
1960കളുടെ അവസാനത്തിൽ രണ്ടുതവണ അഖിലേന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (എ.ഐ.എസ്.എഫ്) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വിദ്യാർഥികൾക്ക് ഹോസ്റ്റലുകൾ, സ്കോളർഷിപ്പുകൾ, ക്ഷേമ നടപടികൾ എന്നിവ ആവശ്യപ്പെട്ട് ചരിത്രപ്രസിദ്ധമായ 62 ദിവസത്തെ രാജ്യവ്യാപക സമരം നടത്തുകയുണ്ടായി. തെലങ്കാനയിലെ നൽഗൊണ്ടയിൽനിന്ന് രണ്ടുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തൊഴിൽ സംബന്ധമായ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു. നൽഗൊണ്ടയിലെ ഫ്ലൂറൈഡ് മലിനീകരണം, കൃഷിയിടങ്ങളിലെ ദുരിതം, 2ജി അഴിമതി എന്നിവയെക്കുറിച്ചുള്ള പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധനേടി.
സുധാകർ റെഡ്ഡി സി.പി.ഐ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് (2012-2019) കേഡർ വിദ്യാഭ്യാസം, ബഹുജന സംഘടന, സാമുദായികതക്കും സ്വേച്ഛാധിപത്യത്തിനും എതിരായ ഇടതുപക്ഷ ഐക്യ പ്രവർത്തനം എന്നിവക്ക് പ്രാധാന്യം നൽകി സംഘടനയെ പുനരുജ്ജീവിപ്പിച്ചു. 1990കൾക്ക് ശേഷമുള്ള അംഗത്വത്തിലും യുവജന-വനിതാ വിഭാഗങ്ങളിലും ഏറ്റവും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയത് ഇക്കാലയളവിലായിരുന്നു.40ലധികം അന്താരാഷ്ട്രീയ പ്രതിനിധി സംഘങ്ങളിൽ പങ്കെടുത്ത അദ്ദേഹം യു.എൻ പൊതുസഭയിലും പ്രസംഗിച്ചു. നിരവധി പുസ്തകങ്ങൾ ഇറക്കുകയും ലേഖനങ്ങൾ എഴുതി പുതുതലമുറക്ക് പാർട്ടിയെ കൂടുതൽ മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് പാർട്ടി അനുസ്മരിച്ചു.
സുധാകർ റെഡ്ഡിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.